അറബ് ഉച്ചകോടിയുടെ ഒരുക്കങ്ങൾ മന്ത്രിസഭ വിലയിരുത്തി
text_fieldsമനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ മെയ് 16 ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ നടക്കുന്ന 33 മത് അറബ് ഉച്ചകോടിയുടെ ഒരുക്കങ്ങൾ വിലയിരുത്തി.
അറബ് ഐക്യം ഊട്ടിയുറപ്പിക്കാനും അറബ്, ഇസ്ലാമിക സമൂഹത്തിന്റെ വളർച്ചയും രാഷ്ട്രീയവും സാമ്പത്തികവുമായ ഉയർച്ചയും സമാധാനപൂർണമായ അന്തരീക്ഷവും സുഭിക്ഷമായ ജീവിതവും ഉറപ്പാക്കാനുമുള്ള വിഷയങ്ങളായിരിക്കും ഉച്ചകോടിയിൽ ചർച്ച ചെയ്യുകയെന്ന് ഹമദ് രാജാവ് വ്യക്തമാക്കി.
മേഖല സങ്കീർണമായ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഉച്ചകോടിക്ക് ബഹ്റൈൻ വേദിയാവുന്നത്. പരസ്പര ചർച്ചയും സഹകരണവും വഴി എല്ലാ വെല്ലുവിളികളെയും മറികടക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറബ് ഉച്ചകോടിയുടെ ഒരുക്കങ്ങളും നിലവിലെ അജണ്ടകളും മന്ത്രിസഭ ചർച്ച ചെയ്തു.
ഉച്ചകോടി വിജയിപ്പിക്കുന്നതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയ ആഭ്യന്തര മന്ത്രാലയത്തിന് ഹമദ് രാജാവ് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ഉച്ചകോടിയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ നടത്തിയ വിദേശകാര്യ മന്ത്രാലയം, സഹകരണം നൽകുന്ന മറ്റ് മന്ത്രാലയങ്ങൾ, സർക്കാർ അതോറിറ്റികൾ എന്നിവക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. ബഹ്റൈൻ ഒറ്റക്കെട്ടായി ഒരു കുടുംബം പോലെ ഉച്ചകോടി വിജയിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി പൂർണാർഥത്തിൽ സഹകരിക്കുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. രാജ്യത്തെത്തുന്ന മുഴുവൻ അതിഥികൾക്കും ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിൽ വ്യാപൃതമായ ടീമുകൾക്കും അദ്ദേഹം അഭിവാദ്യങ്ങൾ അറിയിച്ചു.
വിവിധ മേഖലകളിൽ ബഹ്റൈൻ യുവതയുടെ മുന്നേറ്റവും വളർച്ചയും അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീന് പൂർണ രാഷ്ട്രമെന്ന പദവിയും കൂടുതൽ അവകാശങ്ങളും നൽകാൻ യു.എൻ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
33ാമത് അറബ് ഉച്ചകോടി ബഹ്റൈനിൽ സംഘടിപ്പിക്കുന്ന വേളയിൽ ഭരണാധികാരി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ മന്ത്രിസഭയുടെ പ്രത്യേക അഭിവാദ്യങ്ങൾ നേർന്നു. ഉച്ചകോടി വിജയത്തിലെത്തിക്കുന്നതിന് വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തിനും അദ്ദേഹം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.