ഹമദ് രാജാവിന്‍റെ ഫ്രാൻസ് സന്ദർശനം വിജയകരമെന്ന് മന്ത്രിസഭ
text_fieldsമനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഫ്രാൻസ് സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കംകുറിക്കാൻ സാധിച്ചതായി മന്ത്രിസഭ വിലയിരുത്തി.
ഉപപ്രധാനമന്ത്രിയും അടിസ്ഥാന സൗകര്യവികസന കാര്യ മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിന്‍റെ ക്ഷണം സ്വീകരിച്ച് സന്ദർശനം നടത്തിയ ഹമദ് രാജാവ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ ആരായുകയും ചെയ്തു. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും വിവിധ വിഷയങ്ങളിൽ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടുകൾ അവലോകനം നടത്തുകയും ചെയ്തു.
വിദ്യാഭ്യാസമേഖലയുടെ ഉണർവിന് നിർദേശം നൽകിയ ഹമദ് രാജാവിനും അതനുസരിച്ച് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ ഉത്തരവിട്ട കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും കാബിനറ്റ് നന്ദി രേഖപ്പെടുത്തി. പുതിയ അധ്യയനവർഷത്തെക്കുറിച്ച് രക്ഷിതാക്കളെ അറിയിക്കുന്നതിനായി വിളിച്ചുചേർത്ത സ്കൂൾ പരിചയദിന പരിപാടി വിജയകരമായതായി വിലയിരുത്തി.
രക്ഷിതാക്കളുടെ അഭൂതപൂർവമായ പങ്കാളിത്തം പരിപാടിക്ക് കൊഴുപ്പേകി. പരിചയദിന പരിപാടി വിജയിപ്പിക്കുന്നതിന് മുന്നോട്ടുവന്ന മുഴുവൻ സ്കൂളുകൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും കാബിനറ്റ് നന്ദി പ്രകാശിപ്പിച്ചു. മനുഷ്യസേവന മേഖലയിൽ ബഹ്റൈന് ശ്രദ്ധേയമായ നിലപാട് സ്വീകരിക്കാൻ സാധിച്ചതായി കാബിനറ്റ് വിലയിരുത്തി. ബഹ്റൈനും താജികിസ്താനും തമ്മിൽ പ്രത്യേക പാസ്പോർട്ട് ഉടമകൾക്ക് വിസ നടപടിക്രമങ്ങൾ ഒഴിവാക്കുന്നതിനുള്ള കരാറിൽ ഒപ്പുവെക്കാൻ തീരുമാനിച്ചു. ഉച്ചവിശ്രമ നിയമം നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തൊഴിൽമന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.