ഗോൾഡൻ വിസ തീരുമാനം മന്ത്രിസഭ സ്വാഗതം ചെയ്തു
text_fieldsമനാമ: ഗോൾഡൻ വിസ അനുവദിക്കാനുള്ള നീക്കത്തെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗം സ്വാഗതം ചെയ്തു. സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായാണ് തീരുമാനം പ്രഖ്യാപിച്ചത്.
വിവിധ മേഖലകളിൽ വളർച്ച കൈവരിക്കുന്നതിനും മത്സരാധിഷ്ഠിത സാഹചര്യം ഒരുക്കാനും ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിക്ഷേപ, സാമ്പത്തിക, സേവന മേഖലകളിൽ കൂടുതൽ പേരെ ഇതുവഴി ആകർഷിക്കാനാവും. കഴിവുറ്റവർ വിവിധ മേഖലകളിലേക്ക് വരുന്നതിനും അത്തരത്തിലുള്ളവർ ബഹ്റൈനിൽ സ്ഥിരമാകുന്നതിനും ഇത് കാരണമാകും. ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ ആഭ്യന്തര മന്ത്രി നൽകി.
ബി.ഡി.എഫ് സ്ഥാപിതമായതിന്റെ 54ാമത് വാർഷികത്തോടനുബന്ധിച്ച് റോയൽ ഗാർഡ് കെട്ടിടം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉദ്ഘാടനം ചെയ്തത് നേട്ടമാണെന്ന് വിലയിരുത്തുകയും അദ്ദേഹത്തിന് ആശംസകൾ നേരുകയും ചെയ്തു. ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫക്കും മുഴുവൻ സൈനികർക്കും ആശംസകൾ നേർന്നു. സൈനിക, സുരക്ഷ മേഖലയിൽ കഴിവുറ്റ സംഘമായി ബി.ഡി.എഫ് മാറിയതായും കാബിനറ്റ് വിലയിരുത്തി. ഏഴാമത് അന്താരാഷ്ട്ര സംയുക്ത സൈനിക സമുദ്ര പരിശീലനത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
സംയുക്ത സൈനിക പരിശീലനം വഴി വെല്ലുവിളികളെ നേരിടാനും സ്വതന്ത്രമായ സമുദ്ര സഞ്ചാരം ഉറപ്പാക്കാനും സാധിക്കും. സംയുക്ത മറൈൻ സൈനിക അഭ്യാസത്തിൽ പങ്കാളികളാകുന്ന ബി.ഡി.എഫ്, യു.എസ് മറൈൻ ഫോഴ്സ്, യു.എസ് ഫിഫ്ത് ഫ്ലീറ്റ് മറൈൻ ഫോഴ്സ്, സംയുക്ത മറൈൻ ഫോഴ്സ് എന്നിവക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്കൈ ട്രാക്സ് ഇന്റർനാഷനൽ കമ്പനിയുടെ പഞ്ചനക്ഷത്ര പദവി ലഭിച്ചത് നേട്ടമാണെന്ന് കാബിനറ്റ് വിലയിരുത്തി.
യാത്രക്കാർക്ക് നൽകുന്ന സേവനങ്ങൾ പരിഗണിച്ചാണ് പ്രസ്തുത നേട്ടം കൈവരിക്കാനായത്. ഇത്തരമൊരു നേട്ടത്തിന് കാരണമായ എയർപോർട്ട് കമ്പനിക്കും ഗതാഗത, വാർത്താവിനിമയ മന്ത്രിക്കും കാബിനറ്റ് ആശംസകൾ നേർന്നു. ആഭ്യന്തര മന്ത്രാലയവും യു.എസിലെ ദെൻഫർ പൊലീസ് ഡയറക്ടറേറ്റും തമ്മിൽ സഹകരിക്കാനുള്ള നിർദേശത്തിന് അംഗീകാരം നൽകി. 2021ലെ കണക്കുപ്രകാരം രാജ്യത്തെ ജനസംഖ്യ 15,04,365 ആണെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. രാജ്യത്തെ സാമ്പത്തിക വളർച്ച സൂചിക കോവിഡിനുമുമ്പുള്ള അവസ്ഥയിലേക്ക് മുന്നേറുന്നതായി ധനമന്ത്രി അറിയിച്ചു.
കുറഞ്ഞ വരുമാനക്കാരായവർക്ക് ജനുവരി മുതലുള്ള സാമൂഹിക ക്ഷേമസഹായം പുതിയ നിയമ പരിഷ്കരണത്തിന്റെ വെളിച്ചത്തിൽ പാർലമെന്റിന്റെ അംഗീകാരം ലഭിച്ച ശേഷം നൽകും. തുർക്കി വിദേശകാര്യ മന്ത്രിയുടെ ബഹ്റൈൻ സന്ദർശനത്തെക്കുറിച്ച് വിദേശ കാര്യ മന്ത്രി വിശദീകരിച്ചു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.