കൗണ്ട്ഡൗൺ തുടങ്ങി; ഇന്റർനാഷനൽ എയർഷോ നവംബർ 13 മുതൽ
text_fieldsമനാമ: നവംബർ 13 മുതൽ 15 വരെ സാഖിർ എയർ ബേസിൽ നടക്കുന്ന ഇന്റർനാഷനൽ എയർഷോയുടെ ഒരുക്കം പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു. ലോകോത്തര ഫ്ലൈയിങ് ഡിസ്പ്ലേകളടക്കം ഉണ്ടാകുന്ന മേളയിൽ വ്യോമയാനരംഗത്തെ പ്രമുഖർ പങ്കെടുക്കും.
ഹമദ് രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന എയർഷോ മുൻവർഷങ്ങളിലേതിനേക്കാൾ മികച്ചതായിരിക്കുമെന്ന് ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ സുപ്രീം ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു. സാഖീർ എയർ ബേസിൽ നടന്ന കമ്മിറ്റിയുടെ ഓർഗനൈസിങ് കമ്മിറ്റി യോഗത്തിൽ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ അധ്യക്ഷതവഹിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം ഒരുക്കം വിലയിരുത്തി.
ഇന്റർനാഷനൽ എയർഷോയുടെ ഏഴാം പതിപ്പിൽ, എയ്റോസ്പേസ്, ഡിഫൻസ് ലീഡർമാരുടെ ആഗോള സംഗമവുമുണ്ടാകും. 11 ആഗോള വിമാന നിർമാതാക്കൾ ഉൾപ്പെടെ 135 കമ്പനികളാണ് എയർഷോയിൽ പങ്കെടുക്കുന്നത്. 56 രാജ്യങ്ങളിൽനിന്നുള്ള 223ലധികം ഔദ്യോഗിക പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.
20 സർക്കാർ സ്ഥാപനങ്ങൾ പ്രദർശനത്തെ പിന്തുണക്കുകയും പങ്കെടുക്കുകയും ചെയ്യും. എയർഷോയിൽ പൂർണമായും ബുക്ക് ചെയ്ത ചാലറ്റുകൾ, 60 കമ്പനികളുള്ള എക്സിബിഷൻ ഹാൾ, സ്റ്റാറ്റിക്, ഫ്ലയിങ് ഡിസ്പ്ലേകൾക്കുള്ള ഒരു എയർക്രാഫ്റ്റ് ഡിസ്പ്ലേ ഏരിയ, കുടുംബങ്ങൾക്കായി പ്രത്യേക മേഖല എന്നിവയുണ്ടാകും.
B52, F35, ടൈഫൂൺ, F16, മിറാഷ് 2000 എന്നിവയുൾപ്പെടെ പുതിയ വിമാനങ്ങൾ പ്രദർശിപ്പിക്കും. സൗദി ഹോക്സ്, ബോയിങ് വാണിജ്യ വിമാനം 787 ഡ്രീംലൈനർ, വാണിജ്യ, ബിസിനസ് ജെറ്റുകൾ, ചരക്ക്, ചെറുവിമാനങ്ങൾ അടക്കം നൂറോളം വിമാനങ്ങൾ പ്രദർശനത്തിലുണ്ടാകും.
2010ൽ തുടങ്ങിയ എയർഷോക്ക് 14 വർഷം തികയുകയാണ്. കുട്ടികൾക്കും ചെറുപ്പക്കാർക്കും എയർഷോയിൽ പറക്കുന്ന പൈലറ്റുമാരെ കാണാനുള്ള അവസരങ്ങൾ നൽകും. എൽജിനീയർമാർ, പൈലറ്റുമാർ, ബഹിരാകാശയാത്രികർ, ക്രാഫ്റ്റിങ്, സിമുലേറ്ററുകൾ എന്നിവ സംബന്ധിച്ച വർക്ക് ഷോപ്പുകളും നടക്കും.
വാണിജ്യ, ബിസിനസ് ജെറ്റുകൾ മുതൽ ചരക്ക്, ചെറുവിമാനങ്ങൾവരെയുള്ള നൂറോളം വിമാനങ്ങൾ സ്റ്റാറ്റിക് ഡിസ്പ്ലേയിൽ ഉണ്ടാകും. മിഡിലീസ്റ്റിലെ വാണിജ്യ ബഹിരാകാശ വിക്ഷേപണങ്ങൾ, സാങ്കേതിക നവീകരണം, ഭാവിയിലെ തൊഴിൽ ശക്തി വെല്ലുവിളികൾ എന്നിവ എയർഷോയിൽ വ്യവസായ പ്രമുഖർ ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളിൽ ഉൾപ്പെടുന്നു.
മനാമ എയർ പവർ സിമ്പോസിയത്തിൽ (മാപ്സ്) വിദഗ്ധർ പങ്കെടുക്കും. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. മറ്റുള്ളവർക്ക് അഞ്ച് ദീനാറിന് ടിക്കറ്റ് ലഭിക്കും. കുടുതൽ വിവരങ്ങൾ airshow.bh.ൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.