അടിമുടി മാറും രാജ്യം
text_fieldsമനാമ: ബഹ്റൈെൻറ മുഖച്ഛായ അടിമുടി മാറ്റുന്ന പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ.
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ തരണംചെയ്ത് അതിവേഗം മുന്നോട്ടുകുതിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. രാജ്യത്തിെൻറ ഭൂവിസ്തൃതി 60 ശതമാനം വർധിപ്പിച്ച് പുതിയ നഗരങ്ങൾ, വിമാനത്താവളം, മെട്രോ പദ്ധതി, സ്േപാർട്സ് സിറ്റി തുടങ്ങിയ വൻ പദ്ധതികളാണ് വരും വർഷങ്ങളിൽ നടപ്പാക്കാൻ ഒരുങ്ങുന്നത്.
പുതിയ വികസന പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യ മേഖലയിലും തന്ത്രപ്രധാനമായ മുൻഗണനാ മേഖലകളിലും 30 ബില്യൺ ഡോളർ നിക്ഷേപമാണ് നടത്തുന്നത്. ടെലികോം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ഉൽപാദനം, ആരോഗ്യം എന്നിവയുൾപ്പെടെ 22 സുപ്രധാന മേഖലകളിലാണ് നിക്ഷേപത്തിനൊരുങ്ങുന്നത്. ബഹ്റൈെൻറ 'സാമ്പത്തിക ദർശനം 2030'പദ്ധതിക്ക് ഉൗർജം പകരുന്നതാണ് പുതുതായി പ്രഖ്യാപിച്ച പദ്ധതികൾ.
ബഹ്റൈനിലെ ഏറ്റവും പ്രധാന മൂലധന നിക്ഷേപ പദ്ധതികളിൽ ഒന്നാണ് ധനകാര്യ, ദേശീയ സമ്പദ്വ്യവസ്ഥ വകുപ്പ് മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ പ്രഖ്യാപിച്ചത്. ബഹ്റൈൻ സമ്പദ്വ്യവസ്ഥയുടെ ദീർഘകാല മത്സരക്ഷമത വർധിപ്പിക്കാനും കോവിഡ് മഹാമാരിക്കുശേഷമുള്ള വളർച്ച ത്വരിതപ്പെടുത്താനും ആവിഷ്കരിച്ച സാമ്പത്തിക ഉത്തേജക പദ്ധതിക്കും ഇത് കരുത്തുപകരും. കോവിഡ് പ്രത്യാഘാതത്തിൽനിന്ന് കരകയറി വരുന്ന രാജ്യം ശോഭനമായ ഭാവിയിലേക്കാണ് ഉറ്റുനോക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പുതിയ നിക്ഷേപങ്ങൾ യുവജനങ്ങൾക്ക് കൂടുതൽ വിദ്യാഭ്യാസ അവസരങ്ങളും ജീവിതസാഹചര്യങ്ങളും ഒരുക്കും. മികച്ച ആരോഗ്യപരിചരണം, ഭവനങ്ങൾ, ജോലി സാധ്യതകൾ എന്നിവയും ഇത് പ്രദാനം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ അഞ്ചു നഗരങ്ങൾ
ബഹ്റൈെൻറ മൊത്തം ഭൂവിസ്തൃതി 60 ശതമാനം വർധിപ്പിച്ച് അഞ്ച് ദ്വീപ് നഗരങ്ങൾ നിർമിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. 183 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഫാഷ്ത് അൽ ജാരിം എന്ന ഏറ്റവും വലിയ നഗരത്തിൽ റസിഡൻഷ്യൽ, ലോജിസ്റ്റിക്സ്, ടൂറിസം ഹബുകളും പുതിയ വിമാനത്താവളവുമുണ്ടാകും. 25 കിലോമീറ്റർ നീളത്തിൽ നാലുവരിയിൽ പുതിയതായി നിർമിക്കുന്ന കിങ് ഹമദ് കോസ്വേ, സൗദി അറേബ്യയുമായും മറ്റു ജി.സി.സി രാജ്യങ്ങളുമായുള്ള വ്യാപാരവും സഞ്ചാരവും സുഗമമാക്കും. രാഷ്ട്രീയ, തന്ത്രപര, സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും.
ബഹ്റൈൻ മെട്രോ
നിർമാണത്തിനൊരുങ്ങുന്ന പുതിയ മെട്രോ പദ്ധതി ജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിനൊപ്പം കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കാനുള്ള രാജ്യത്തിെൻറ ശ്രമങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യും. 109 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ ശൃംഖല രാജ്യത്തെ എല്ലാ പ്രധാന ജനവാസ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കും. 20 സ്റ്റേഷനുകൾ ഉൾപ്പെടുന്ന ആദ്യഘട്ടം ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന് മനാമയെയും ഡിപ്ലോമാറ്റിക് ഏരിയയെയും ബന്ധിപ്പിച്ച് സീഫ് വരെ നീളുന്നതാണ്.
ടെക്നോളജി
കരയിലൂടെയും കടലിലൂടെയുമുള്ള ഫൈബർ ഒപ്റ്റിക്സ് ശൃംഖല വഴി ടെക്നോളജി രംഗത്തും വൻതോതിൽ നിക്ഷേപം നടത്തും. നിരവധി പുതിയ ഡേറ്റ സെൻറർ പദ്ധതികളിലെ നിക്ഷേപം പുതുതലമുറ ക്ലൗഡ് കമ്പ്യൂട്ടിങ് സേവനങ്ങൾക്ക് കരുത്തുപകരും.
സ്പോർട്സ് സിറ്റി
ബഹ്റൈനിലെ ഏറ്റവും വലിയ സ്പോർട്സ് സ്റ്റേഡിയങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്പോർട്സ് സിറ്റി പദ്ധതി. ഇതിനൊപ്പം ഒരു വിവിധോദ്ദേശ്യ ഇൻഡോർ സ്പോർട്സ് കേന്ദ്രവും ഉണ്ടാകും. വിനോദം, പരിപാടികൾ, സ്പോർട്സ് എന്നിവയുടെ കേന്ദ്രമായി ബഹ്റൈനെ മാറ്റുകയാണ് ലക്ഷ്യം. ഇതിനൊപ്പം, സഖീറിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ മിഡിലീസ്റ്റിലെ ഏറ്റവും വലിയ കോൺഫറൻസ് സിറ്റി ആയിരിക്കും.
ബഹ്റൈെൻറ ദക്ഷിണ പടിഞ്ഞാറ് ഭാഗത്ത് വരുന്ന 'ടൂറിസ്റ്റ് സിറ്റി'യിൽ നിരവധി റിസോർട്ടുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ബഹ്റൈനെ ആഗോള സന്ദർശക കേന്ദ്രമാക്കി മാറ്റുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.