പ്രവാസലോകത്തെ മലയാളിയുടെ ഉറ്റചങ്ങാതിയായ ദിനപത്രം
text_fieldsമനാമ: മാധ്യമം പത്രത്തിന്റെ രാഷ്ട്രീയത്തോട് യോജിപ്പില്ലാത്തയാളാണ് ഞാൻ. എന്നാൽ, പ്രവാസലോകത്തെ മലയാളിയുടെ ഉറ്റചങ്ങാതിയാണ് ഗൾഫ്മാധ്യമം. പത്രത്തിന്റെ രണ്ടാം പേജ് പ്രവാസികൾക്ക് നൽകുന്ന പിന്തുണയും കരുതലും ഒട്ടും ചെറുതല്ല. നിയമങ്ങളും ഊരാക്കുടുക്കുകളും ചതിയും വഞ്ചനയുമെല്ലാം വായനക്കാരിലെത്തിക്കുന്നതിലും അവരെ ബോധവാന്മാരാക്കുന്നതിലും ഗൾഫ്മാധ്യമം കാണിക്കുന്ന ജാഗ്രത കഴിഞ്ഞ കാൽനൂറ്റാണ്ടായി ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ.
മലയാളിയുടെ സാംസ്കാരിക പ്രവർത്തനത്തിന് നൽകുന്ന പരിഗണനയും പിന്തുണയും എടുത്തുപറയേണ്ടതാണ്. മുഖ്യധാര സാംസ്കാരിക സംഘടനകളും ജാതിമത സംഘടനകളും അലുമ്നി അസോസിയേഷനുകളും സാഹോദര്യ കൂട്ടായ്മകളും പ്രാദേശിക സംഘടനകളുമെല്ലാം നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് ഗൾഫ്മാധ്യമം വലിയ ഊർജമാണ് നൽകിവരുന്നത്.
2003ൽ ബഹ്റൈൻ പ്രതിഭ സംഘടിപ്പിച്ച കൈരളി പജൻട്രിയെ മലയാളിയുടെ മഹോത്സവമെന്ന് പ്രത്യേക പതിപ്പിറക്കി പ്രചരിപ്പിച്ചത് ഞാനോർമിക്കുകയാണ്. മാധ്യമങ്ങളുടെ മൂല്യച്യുതിയെക്കുറിച്ച് ഗൗരവപൂർവം ചർച്ച ചെയ്യപ്പെടേണ്ടുന്ന ഭീതിദമായ അന്തരീക്ഷത്തിലാണ് പ്രവാസലോകത്ത് ഈ പത്രം കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നത്.
ജനാധിപത്യത്തിന്റെ നാലാം തൂണായ മീഡിയ അതിന്റെ അന്തസ്സത്ത നിലനിർത്തി മുന്നോട്ടുപോയാൽ ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ സാധിക്കും.
അല്ലാത്തപക്ഷം ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യരാകും. പ്രഭാതഭക്ഷണത്തോടൊപ്പം പ്രവാസലോകത്ത് ഗൾഫ്മാധ്യമവും മലയാളിക്ക് ഇഷ്ടവിഭവമാണ്. സത്യസന്ധതയും നിഷ്പക്ഷതയും സാമൂഹിക പ്രതിബദ്ധതയും നിലനിർത്തി മുന്നോട്ടുപോകാൻ ഗൾഫ്മാധ്യമത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.