വിനോദത്തിലൂടെ വിജ്ഞാനത്തിന് വിദ്യാഭ്യാസ പാർക്ക് ഒരുങ്ങി
text_fieldsമനാമ: രാജ്യത്തെ ആദ്യ വിദ്യാഭ്യാസ പാർക്കിെൻറ നിർമാണം പൂർത്തിയായി. ക്യാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ ടൂബ്ലിയിലാണ് പാർക്ക്. 1930 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 1.06 ലക്ഷം ദീനാർ ചെലവിൽ നിർമിച്ച പാർക്ക്, കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി രാജ്യത്തെ പാർക്കുകൾ തുറക്കുന്നതിനനുസരിച്ച് പ്രവർത്തനമാരംഭിക്കുമെന്ന് ക്യാപിറ്റൽ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മുഹമ്മദ് സാദ് അൽ സഹ്ലി പറഞ്ഞു.
ഭാവിതലമുറകൾക്കായി പരിഷ്കൃത പെരുമാറ്റ സംസ്കാരം രൂപപ്പെടുത്തുക, വനവത്കരണത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് യുവജനങ്ങളെ ബോധവാന്മാരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിദ്യാഭ്യാസ പാർക്ക് നിർമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിനോദത്തിലൂടെ വിജ്ഞാനം എന്ന തത്ത്വത്തിൽ അധിഷ്ഠിതമാണ് പാർക്കിെൻറ പ്രവർത്തനം. വിവിധ ഗെയിമുകളിലൂടെ വിജ്ഞാനം സമ്പാദിക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയത്.
സൗരയൂഥത്തിെൻറ മാതൃക, ഭൂഗോളം, അക്കങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും പഠിപ്പിക്കുന്നതിനുള്ള വിദ്യാഭ്യാസ മേഖല, പാമ്പും കോണിയും കളിയുടെയും മാതൃക, ചോക്ക്ബോർഡ് മതിൽ, ഓരോ വൃക്ഷത്തിലും ശാസ്ത്രീയ നാമവും കൂടുതൽ വിവരങ്ങൾ അടങ്ങിയ വെബ് പേജിലേക്ക് നയിക്കുന്ന ഡിജിറ്റൽ കോഡും രേഖപ്പെടുത്തിയ പാനൽ എന്നിവയും പാർക്കിലുണ്ട്.
ഫുട്ബാൾ മൈതാനം, ബാസ്കറ്റ് ബാൾ കോർട്ട്, ഹരിത മേഖലകൾ, നടപ്പാതകൾ, കിയോസ്കുകൾ എന്നിവയാണ് പാർക്കിലെ മറ്റു സവിശേഷതകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.