ഇലക്ഷൻ ചൂടെത്തി; ഇനി വോട്ടു വിമാനങ്ങളുടെ കാലം
text_fields
യു.ഡി.എഫ് സ്ഥാനാർഥികൾക്കായി ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ സെൻട്രൽ മാർക്കറ്റിൽ നടത്തിയ പ്രചാരണം
മനാമ: കാലാവസ്ഥ പോലെ തന്നെ പതിയെപ്പതിയെ പ്രവാസലോകത്തും തണുപ്പ് മാറി ഇലക്ഷൻ ചൂട് വ്യാപിച്ചുകഴിഞ്ഞു. നാട്ടിൽ ലോക്സഭ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം അവശേഷിക്കെ വോട്ടുപിടിത്തവും പ്രചാരണവുമായി കളം നിറഞ്ഞിരിക്കുകയാണ് വിവിധ പ്രവാസി സംഘടനകൾ.
വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികളെ മുൻ വർഷങ്ങളിലേതുപോലെ ഇത്തവണയും നാട്ടിലെത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമായി വിമാനം ഏർപ്പെടുത്താൻ പല സംഘടനകളും ക്രമീകരണങ്ങൾ നടത്തിക്കഴിഞ്ഞു. ഒ.ഐ.സി.സി, പ്രതിഭ, കെ.എം.സി.സി തുടങ്ങിയ സംഘടനകളെല്ലാം ഗ്രൂപ്പായി ടിക്കറ്റെടുത്ത് പ്രവാസികളെ ഇലക്ഷൻ സമയത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഒ.ഐ.സി.സി എറണാകുളം, കോഴിക്കോട് ജില്ല കമ്മിറ്റികൾ ഇതിനകം തന്നെ ടിക്കറ്റ് നിരക്കും വിമാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
കെ.എം.സി.സി കോഴിക്കോട് ജില്ല വോട്ടുവിമാനം പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രൂപ്പായി ടിക്കറ്റ് നേരത്തേയെടുക്കുന്നതിനാൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കാൻ കഴിയുമെന്നാണ് സംഘടനകളുടെ പ്രതീക്ഷ.
ഇതോടൊപ്പം സാമ്പത്തികാവസ്ഥ അത്ര മെച്ചമല്ലാത്തവരെ സൗജന്യമായും കൊണ്ടുപോകാൻ ആലോചനയുണ്ട്. കൺവെൻഷനുകളും മറ്റുമായി പ്രവാസി സംഘടനകളെല്ലാം സജീവമാണ്. ഓരോ പ്രവാസിയും ഓരോ കുടുംബങ്ങളുടേയും അന്നദാതാക്കളായതിനാൽ നാട്ടിലുള്ള കുടുംബങ്ങളെയും സ്വാധീനിക്കാൻ പ്രവാസികളുടെ ഇടയിലുള്ള കാമ്പയിനുകളിലൂടെ സാധിക്കുമെന്ന് സംഘടനകൾ കണക്കുകൂട്ടുന്നു. നാട്ടിലെ രാഷ്ട്രീയരംഗത്തുള്ള ഓരോ ചലനവും അപ്പപ്പോൾ ഒപ്പിയെടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ കാമ്പയിനുകളും മറുപടികളും നൽകാൻ സൈബർ പോരാളികളും സജീവമായുണ്ട്.
ബഹ്റൈൻ പ്രതിഭയും ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ എൽ.ഡി.എഫ് കൂട്ടായ്മയും സംയുക്തമായി മണ്ഡല അടിസ്ഥാനത്തിലുള്ള കൺവെൻഷനുകൾ നടത്തിക്കഴിഞ്ഞു. ഒ.ഐ.സി.സിയും കെ.എംസി.സിയും തെരഞ്ഞെടുപ്പ് കൺവെൻഷനുകളായി മുന്നോട്ടുപോകുകയാണ്. അവധി ദിവസങ്ങളിൽ സെൻട്രൽ മാർക്കറ്റ് അടക്കം ജനം കൂടുന്നയിടത്ത് കാമ്പയിനുകളുമായി സംഘടനകൾ സജീവമാണ്.
ഇതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കാൻ വിവിധ സംഘടനാനേതാക്കൾ നാട്ടിലേക്ക് തിരിച്ചു കഴിഞ്ഞു.
ഒ.ഐ.സി.സി. നേതാക്കളായ രാജു കല്ലുംപുറവും ബിനു കുന്നന്താനവും നാട്ടിൽ പ്രചാരണത്തിരക്കിലാണ്. പ്രതിഭയുടേയും എൽ.ഡി.എഫ് കൂട്ടായ്മയുടേയും നേതാക്കളായ സുബൈർ കണ്ണൂരും സി.വി. നാരായണനും 19ന് നാട്ടിലേക്ക് തിരിക്കും. ഇവർക്കൊപ്പം പ്രതിഭയുടെ നിരവധി പ്രവർത്തകരും, കെ.എം.സി. സി പ്രസിഡന്റ് ഹബീബ് റഹ്മാനടക്കം മറ്റ് നേതാക്കളും അടുത്തദിവസങ്ങളിൽ നാട്ടിലേക്ക് പോകുന്നുണ്ട്. വരും ദിവസങ്ങളിൽ കനത്ത തെരഞ്ഞെടുപ്പ് പോരാട്ടം പ്രവാസി സൈബർ ലോകത്തും പൊടിപൊടിക്കുമെന്ന കാര്യം ഉറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.