ബഹ്റൈൻ-ഖത്തർ ഫോളോഅപ് കമ്മിറ്റി ആദ്യ യോഗം ചേർന്നു
text_fieldsമനാമ: ബഹ്റൈൻ-ഖത്തർ ഫോളോഅപ് കമ്മിറ്റിയുടെ ആദ്യ യോഗം റിയാദിലെ ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് ചേർന്നു. പ്രശ്നങ്ങൾ പരിഹരിച്ച് ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുകയാണ് ചർച്ചകളുടെ ലക്ഷ്യം. രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഡോ. അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ ബഹ്റൈൻ സംഘത്തെയും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹ്മദ് ഹസൻ അൽ ഹമ്മാദി ഖത്തർ സംഘത്തെയും നയിച്ചു.
ജി.സി.സിയുടെ കെട്ടുറപ്പ് ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളുടെ നിർദേശാനുസരണമാണ് യോഗമെന്ന് ഇരുഭാഗത്തെയും പ്രതിനിധികൾ പറഞ്ഞു. 2021 ജനുവരി അഞ്ചിന് സൗദി അറേബ്യയിലെ അൽ ഉലയിൽ ചേർന്ന ജി.സി.സി ഉച്ചകോടിയുടെ പ്രഖ്യാപനമനുസരിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഉഭയകക്ഷി ചർച്ചകളുടെ വിജയം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ യോഗം അവലോകനം ചെയ്തു. ഭാവിയിൽ തുടർ യോഗങ്ങൾ ചേരാൻ തീരുമാനിക്കുകയും ചെയ്തു.
ഫെബ്രുവരി എട്ടിന് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും റിയാദിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി സമിതികൾ തമ്മിൽ സംഭാഷണം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ അന്നത്തെ കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം തുടരേണ്ടതിന്റെ പ്രാധാന്യവും ഇരുവരും എടുത്തുപറയുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.