സ്വാതന്ത്ര്യത്തിന്റെ പൂർണശോഭ
text_fieldsസഹനത്തിന്റെയും അഹിംസയുടെയും മാർഗത്തിലൂടെ പൊരുതി നേടിയ സ്വാതന്ത്ര്യത്തിന് പ്രായം 75. പ്രതിസന്ധികളെയും വെല്ലുവിളികളെയും തരണംചെയ്ത് സ്വാതന്ത്ര്യത്തിന്റെ പൂർണശോഭയിൽ മുങ്ങിനിൽക്കുകയാണ് നമ്മുടെ ഇന്ത്യ.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടുകാലത്തെ നാൾവഴികൾ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. അതിനെയെല്ലാം സധൈര്യം നേരിട്ടുകൊണ്ടാണ് ത്രിവർണ പതാക ഉയരങ്ങളിൽ പാറിക്കളിക്കുന്നത്. പൂർവികർ ചോരയും വിയർപ്പുമൊഴുക്കി നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ മാധുര്യം ഓരോ നിമിഷവും അനുഭവിക്കാൻ ഭാഗ്യം ലഭിച്ചവരാണ് നാം.
ജനാധിപത്യമെന്ന വിശുദ്ധ പദത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുകയായിരുന്നു ഇന്ത്യൻ ജനത. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും, നമ്മുടെ മഹത്തായ ജനാധിപത്യ സങ്കൽപത്തിന് മങ്ങലേറ്റില്ല. നമുക്കൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും ഏകാധിപത്യത്തിന്റെയും സൈനിക ഭരണത്തിന്റെയും തീച്ചൂളയിൽ എരിഞ്ഞപ്പോഴും നാം പതറാതെനിന്നു.
ദാരിദ്ര്യവും കെടുതികളും വലച്ച നാളുകൾ പിന്നിട്ട് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി മാറി. ബ്രിട്ടീഷുകാർ അവശേഷിപ്പിച്ച ചാരത്തിൽനിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരുകയായിരുന്നു ഇന്ത്യ. കൃഷിയിലും വ്യവസായത്തിലും ലോകത്തെ വിസ്മയിപ്പിക്കുന്ന നേട്ടങ്ങളാണ് നാം സ്വന്തമാക്കിയത്. ശാസ്ത്ര, സാങ്കേതിക, ഐ.ടി മേഖലകളിൽ ലോകത്തെ എണ്ണംപറഞ്ഞ ശക്തികളിലൊന്നായി മാറി. ബഹിരാകാശ ശാസ്ത്ര മേഖലയിലെ ഇന്ത്യയുടെ വിജയങ്ങൾ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടു. ഭാരതീയരുടെ നേട്ടങ്ങൾ ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ അവർ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു. ഇന്ത്യയുടെ അംബാസഡർമാരായി ലോകമെങ്ങും നിറഞ്ഞുനിൽക്കുന്ന പ്രവാസികൾ രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയിൽ വഹിക്കുന്ന പങ്ക് അളവറ്റതാണ്.
ഇനിയും കൂടുതൽ ഉയരങ്ങളിലേക്കുള്ള കുതിപ്പിനൊരുങ്ങുകയാണ് രാജ്യം. ലോകത്തിലെ ആദ്യ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി അധികം വൈകാതെതന്നെ രാജ്യമെത്തുമെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ശാസ്ത്രം, കല, സംസ്കാരം, കായികം തുടങ്ങിയ ഒട്ടേറെ മേഖലകളിൽ ഇനിയും ഏറെ നേട്ടങ്ങൾ നമുക്ക് കൈവരിക്കാനുണ്ട്.
അപ്പോഴും, വികസനത്തിന്റെ സദ്ഫലങ്ങൾ അനുഭവിക്കാൻ കഴിയാത്ത വലിയൊരു വിഭാഗം ജനങ്ങളുണ്ടെന്ന യാഥാർഥ്യവും വിസ്മരിക്കപ്പെടരുത്. അവരെയും ചേർത്തുപിടിച്ചുകൊണ്ടുള്ള വികസനവും പുരോഗതിയും മാത്രമേ ആത്യന്തികമായി രാജ്യ വളർച്ചക്ക് അടിത്തറയൊരുക്കൂ. തുല്യതയിലും നീതിയിലും അധിഷ്ഠിതമായ ഒരു വികസനസങ്കൽപം യാഥാർഥ്യമാക്കാനുള്ള ഇച്ഛാശക്തിയാണ് രാജ്യത്തെ ഭരണാധികാരികളിൽനിന്ന് സാധാരണ ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ആ സുന്ദര സ്വപ്നങ്ങളിലേക്ക് രാജ്യത്തെ നയിക്കുമെന്ന പ്രതിജ്ഞയാകട്ടെ ഈ ആഘോഷവേളയിൽ നാം ഏറ്റുചൊല്ലുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.