തണലൊരുക്കി, ആശ്വാസമേകി ഉദ്യാനങ്ങൾ
text_fieldsമനാമ: എങ്ങും മണൽനിറഞ്ഞ ഭൂമി. കേരളത്തിലെ ഒരു ജില്ലയുടെ മാത്രം വലുപ്പം. എന്നിട്ടും ബഹ്റൈനിലെ പാർക്കുകളുടെയും ഉദ്യാനങ്ങളുടെയും ധാരാളിത്തം കണ്ട് ആരും അമ്പരന്നുപോകും. വരണ്ട ഭൂമിയിലും തണലൊരുക്കാൻ ഈ നാട് കാണിക്കുന്ന ജാഗ്രത കണ്ടുപഠിക്കേണ്ടതാണ്.
തിരക്കിട്ട ജീവിതത്തിനിടയിൽ അൽപനേരം വന്നിരിക്കാനും വർത്തമാനം പറയാനും നടക്കാനും വ്യായാമം ചെയ്യാനും എങ്ങോട്ടുപോകും എന്നോർത്ത് ബഹ്റൈനിൽ ആരും വിഷമിക്കേണ്ട കാര്യമില്ല. മിക്കവാറും എല്ലാ പാർപ്പിട കേന്ദ്രങ്ങളോടനുബന്ധിച്ചും പാർക്കുകളുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലസിക്കാൻ വേണ്ടുവോളം സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് വിശ്രമിക്കാനും മറ്റ് വിനോദങ്ങളിൽ ഏർപ്പെടാനും പറ്റിയ ഇടങ്ങളാണ് പാർക്കുകൾ. വേണമെങ്കിൽ സ്വസ്ഥമായിരുന്ന് പുസ്തകം വായിക്കാനും കഴിയും. പടുകൂറ്റൻ കെട്ടിടങ്ങൾക്കു നടുവിൽ പച്ചപ്പിന്റെ മേലാപ്പണിഞ്ഞ പാർക്കുകൾ ജനങ്ങൾക്ക് ആശ്വാസത്തുരുത്തുകളാണ്. രാജ്യം കടുത്ത ചൂടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ ഉദ്യാനങ്ങൾ നൽകുന്ന കുളിർമ ചെറുതല്ല.
2020ലെ കണക്കനുസരിച്ച് പൊതുമരാമത്ത് വകുപ്പിന് കീഴിൽ ചെറുതും വലുതുമായി 181 പാർക്കുകളാണ് രാജ്യത്തുള്ളത്. ഇതിൽ 43 എണ്ണം കാപിറ്റൽ ഗവർണറേറ്റ് പരിധിയിലും 60 എണ്ണം സതേൺ ഗവർണറേറ്റിലും 40 എണ്ണം നോർതേൺ ഗവർണറേറ്റിലും 38 എണ്ണം മുഹറഖിലുമാണ്.
പാർക്കുകൾ വൃത്തിയായി സൂക്ഷിക്കാനും സമയാസമയങ്ങളിൽ പരിപാലിക്കാനും അധികൃതർ കാണിക്കുന്ന ശ്രദ്ധ സ്വദേശികൾക്കൊപ്പം വിദേശികളുടെയും പ്രശംസ പിടിച്ചുപറ്റിയതാണ്.
ആന്തലൂസ് ഗാർഡൻ, ബുദൈയ്യ ബൊട്ടാണിക്കൽ ഗാർഡൻ, ബുദൈയ്യ പാർക്ക്, ദോഹത് അറാദ് പാർക്ക്, ഹിദ്ദിലെ പ്രിൻസ് ഖലീഫ ബിൻ സൽമാൻ പാർക്ക്, മറീന ഗാർഡൻ പാർക്ക്, മുഹറഖ് ഖലീഫ അൽ കുബ്ര പാർക്ക്, പ്രിൻസസ് സബീക്ക പാർക്ക്, ഹൂറ പാർക്ക്, മുഹറഖ് അൽഖൂസ് പാർക്ക് തുടങ്ങിയ നിരവധി പാർക്കുകൾ ഈ കൊച്ചു രാജ്യത്തിന് സമ്മാനിക്കുന്നത് സുന്ദരമായ ഒരു മുഖമാണ്. കഴിഞ്ഞവർഷം അവസാനം തുറന്ന മുഹറഖ് ഗ്രാൻഡ് പാർക്കിൽ ഇപ്പോൾ സന്ദർശകരുടെ തിരക്കാണ്. ഇതിനുപുറമേ, അൽ അറീൻ വന്യജീവി സങ്കേതവും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രമാണ്.
അയ്യായിരത്തോളം വർഷം പഴക്കമുള്ള ദിൽമൺ നാഗരികതയുടെ കാലത്ത് തന്നെ ബഹ്റൈൻ ഭൂമിയിലെ പറുദീസയായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. മരങ്ങളും ശുദ്ധജലവും ഇവിടെ ധാരാളമുണ്ടായിരുന്നുവെന്ന് പൗരാണിക രേഖകളിൽ പറയുന്നു. പിൽക്കാലത്ത് മരുഭൂവത്കരണം വ്യാപിക്കുകയും പച്ചപ്പ് കുറയുകയും ചെയ്തു. ഇപ്പോൾ നാടിന്റെ ഹരിതഭംഗി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
പാർക്കുകൾക്കും ഉദ്യാനങ്ങൾക്കും പുറമെ, കൃഷിഭൂമി വർധിപ്പിക്കുന്നതിലും ബഹ്റൈൻ ശ്രദ്ധ പതിപ്പിക്കുന്നു. കാർഷിക വികസനത്തിനായുള്ള ദേശീയ സംരംഭം (എൻ.ഐ.എ.ഡി) ആണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. സ്വകാര്യ മേഖലയുമായി ചേർന്ന് രാജ്യത്തിെന്റ വിവിധ ഭാഗങ്ങളിൽ തണൽമരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്നുമുണ്ട്. ഹരിതവത്കരണത്തിന്റെ ഭാഗമായി പ്രധാന നിരത്തുകളുടെ ഇരുവശങ്ങളിലും മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിലും അധികൃതർ ശ്രദ്ധചെലുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.