എംബസിയുടെയും പൊലീസിന്റെയും സഹായത്തോടെ യുവതിക്ക് മോചനം
text_fieldsമനാമ: സന്ദർശക വിസയിൽ കൊണ്ടുവന്ന യുവതിയെ അനാശാസ്യ പ്രവർത്തനങ്ങൾക്ക് നിർബന്ധിച്ചതായി പരാതി. ദുരനുഭവമുണ്ടായ തിരുവനന്തപുരം സ്വദേശിയായ യുവതി പൊലീസിന്റെയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെ രക്ഷപ്പെട്ട് നാട്ടിലേക്ക് തിരിച്ചുപോയി.
ഡിസംബർ 16നാണ് 38കാരി ബഹ്റൈനിൽ എത്തിയത്. യുവതിയുടെ കൂട്ടുകാരിയുടെ ബഹ്റൈനിലുള്ള ബന്ധുവായ സ്ത്രീയാണ് സന്ദർശക വിസയിൽ കൊണ്ടുവന്നത്. ബാബുൽ ബഹ്റൈനിലുള്ള കോഫി ഷോപ്പിൽ ജോലി എന്നാണ് ഇവർ യുവതിയോട് പറഞ്ഞിരുന്നത്.
ബഹ്റൈനിൽ എത്തിയ അന്നുതന്നെ ജോലിക്ക് കയറാൻ യുവതിയോട് ആവശ്യപ്പെട്ടു. വൈകീട്ട് മൂന്നു മുതൽ പുലർച്ച നാലു വരെ ജോലി ചെയ്യണമെന്നായിരുന്നു നിബന്ധന. ശമ്പളമായി 30,000 രൂപ നൽകുമെന്നും പറഞ്ഞു.
ജോലിക്ക് കയറി വൈകാതെ തന്നെ അവിടെ നടക്കുന്ന കാര്യങ്ങൾ ശരിയായ രീതിയിലല്ല എന്ന് യുവതിക്ക് ബോധ്യമായി. കസ്റ്റമറെ ‘പ്രീതിപ്പെടുത്തുക’ എന്ന ജോലികൂടി ചെയ്യണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. സമ്മതിക്കാതെ വന്നപ്പോൾ ഭീഷണിയും മർദനവുമായി. നാട്ടിലേക്ക് തിരിച്ചുപോകണമെന്നു പറഞ്ഞപ്പോൾ 1.05 ലക്ഷം രൂപ നൽകിയാൽ മാത്രമേ പാസ്പോർട്ട് തിരിച്ചുനൽകൂ എന്ന് നടത്തിപ്പുകാർ പറഞ്ഞു. ഒടുവിൽ യുവതി ബാബുൽ ബഹ്റൈൻ പൊലീസ് സ്റ്റേഷനിലും ഇന്ത്യൻ എംബസിയിലും പരാതി നൽകുകയായിരുന്നു.
ശനിയാഴ്ച വൈകീട്ട് എംബസി ഉദ്യോഗസ്ഥരും പൊലീസും കോഫി ഷോപ്പിൽ എത്തി യുവതിയുടെ പാസ്പോർട്ട് വീണ്ടെടുത്തു. പിന്നീട് എംബസിയുടെ മേൽനോട്ടത്തിൽ താമസ സൗകര്യം ഒരുക്കുകയും ചെയ്തു. വീട്ടുകാരുമായി ബന്ധപ്പെട്ട് പണം ഏർപ്പാടാക്കി വിമാന ടിക്കറ്റെടുത്ത യുവതി ഞായറാഴ്ച വൈകീട്ട് നാട്ടിലേക്ക് മടങ്ങി.
രണ്ടു മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റും ബുദ്ധിമുട്ട് നേരിട്ടതിനാലാണ് യുവതി തൊഴിൽ തേടി ബഹ്റൈനിലേക്ക് വന്നത്. തനിക്ക് നേരിട്ട് ദുരനുഭവം വിവരിച്ചും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് അഭ്യർഥിച്ചും ഇന്ത്യൻ അംബാസഡർക്കും കേരള മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
സന്ദർശക വിസയിൽ ബഹ്റൈനിൽ എത്തി ചതിക്കപ്പെടുന്ന സംഭവങ്ങളിൽ ഒടുവിലത്തെ ഉദാഹരണമാണിത്. ഏജന്റുമാരുടെ വാക്ക് വിശ്വസിച്ച് മറ്റൊന്നും അന്വേഷിക്കാതെ വരുന്നവർ ചതിയിൽപെടുന്ന നിരവധി സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ഹോട്ടൽ ജോലിക്കെന്നു പറഞ്ഞ് പെൺകുട്ടികളെ കൊണ്ടുവന്ന് അനാശാസ്യത്തിന് നിർബന്ധിക്കുന്ന സംഭവങ്ങളുമുണ്ട്.
ജോലിക്കായി വരുന്നവർ നിയമാനുസൃതമായ തൊഴിൽ വിസയിൽ മാത്രം വരാൻ ശ്രദ്ധിക്കണമെന്ന് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് പറഞ്ഞു. സിജു ജോർജ്ഏജന്റുമാരുടെ ചതിയിൽപെട്ട് വിസിറ്റ് വിസയിൽ എത്തി പ്രയാസപ്പെടുന്ന സംഭവങ്ങൾ നിരവധിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.