ബഹ്റൈനിലെ ആരോഗ്യ രംഗം വളര്‍ച്ചയുടെ പാതയിൽ
text_fieldsമനാമ: ബഹ്റൈനിലെ ആരോഗ്യ രംഗം വളര്‍ച്ചയുടെ പാതയിലാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ ഓരോ 500 പേര്‍ക്കും ഒരു മെഡിക്കല്‍ ബെഡ് എന്ന തോതില്‍ ലഭ്യമാണ്. ഓരോ 380 പേര്‍ക്കും ഒരു ഡോക്ടര്‍ എന്ന അനുപാതമാണ് രാജ്യത്തുള്ളത്.
മൊത്തം ജനസംഖ്യയില്‍ 13 ശതമാനം പേര്‍ ഹൃദയ സംബന്ധമായ രോഗമുള്ളവരാണ്. 10.3 ശതമാനം പേര്‍ ശ്വസനസംബന്ധ അസുഖമുള്ളവരും ഏഴ് ശതമാനം പ്രമേഹ രോഗികളും 5969 പേര്‍ അര്‍ബുദ രോഗികളുമാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ 2019ലെ ആരോഗ്യ സൂചിക വെളിപ്പെടുത്തുന്നു.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി 2860 ബെഡുകളാണുള്ളത്. 85 ശതമാനം ബെഡുകളും സര്‍ക്കാര്‍ ആശുപത്രികളിലാണ്. സ്വകാര്യ ആശുപത്രികളില്‍ 426 ബെഡുകളാണുള്ളത്. പോയ വര്‍ഷത്തെ പ്രസവത്തില്‍ 79.4 ശതമാനവും സര്‍ക്കാര്‍ ആശുപത്രികളിലാണ് നടന്നത്. 14,291 പ്രസവങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളിലും 3644 എണ്ണം സ്വകാര്യ ആശുപത്രികളിലുമാണ് നടന്നത്. 3945 ഡോക്ടര്‍മാരാണ് ബഹ്റൈനില്‍ സേവനമനുഷ്ഠിക്കുന്നത്. ഇതില്‍ 2027 പേര്‍ സര്‍ക്കാര്‍ ആശുപത്രികളിലും 1918 പേര്‍ സ്വകാര്യ മേഖലയിലുമാണ്. 558 ഡെൻറല്‍ ഡോക്ടര്‍മാരില്‍ 156 പേര്‍ സര്‍ക്കാര്‍ മേഖലയിലും 402 പേര്‍ സ്വകാര്യ മേഖലയിലുമാണ്. രാജ്യത്ത് മൊത്തം 56 ആശുപത്രികളും ഹെല്‍ത്ത് സെൻററുകളും ഉണ്ട്. ഇതില്‍ ആറെണ്ണം സര്‍ക്കാര്‍ മേഖലയിലാണ്. ഒരു മെറ്റേണിറ്റി ഹോസ്പിറ്റല്‍ സര്‍ക്കാര്‍ അധീനതയിലുണ്ട്. 30 സര്‍ക്കാര്‍ ഹെല്‍ത്ത് സെൻററുകളും 19 സ്വകാര്യ ആശുപത്രികളും രാജ്യത്തുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.