ആരോഗ്യമേഖല പൂർണ സജ്ജം -ഡോ. അഹ്മദ് അൽ മുഹമ്മദ്
text_fieldsആരോഗ്യമേഖലയിലെ എല്ലാ
പങ്കാളികളെയും ഒരുമിപ്പിച്ചുകൊണ്ടാണ് ലോകകപ്പ് ഹെൽത്ത് കെയർ സർവിസ്
ആസൂത്രണം ചെയ്തിരിക്കുന്നത്
ദോഹ: ലോകകപ്പിന്റെ സമ്പൂർണ വിജയത്തിന് പിന്തുണയേകാൻ ഖത്തർ ആരോഗ്യ മേഖല പൂർണ സജ്ജമാണെന്ന് ഫിഫ വേൾഡ് കപ്പ് ഖത്തർ ഹെൽത്ത് സ്ട്രാറ്റജിക് കമാൻഡ് ഗ്രൂപ് ചെയർമാൻ ഡോ. അഹ്മദ് അൽ മുഹമ്മദ്. സമഗ്രാടിസ്ഥാനത്തിലുള്ള ആരോഗ്യസേവനങ്ങളാണ് ലോകകപ്പിനായി ആസൂത്രണം ചെയ്തിരിക്കുന്നത്. ആരോഗ്യ മേഖലയിലെ എല്ലാ പങ്കാളികളെയും ഒരുമിപ്പിച്ചുകൊണ്ടാണ് ലോകകപ്പ് ഹെൽത്ത് കെയർ സർവിസ് ആസൂത്രണം ചെയ്തിരിക്കുന്നത്- ഖത്തർ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ആരോഗ്യസംവിധാനത്തിന്റെ പൊതു, സ്വകാര്യ മേഖലകൾക്കെല്ലാം ലോകകപ്പിലുടനീളം ആരോഗ്യ സേവനം നൽകുന്നതിൽ തുല്യമായ പങ്കാളിത്തമാണുള്ളത്.
പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, ആസ്റ്റർ, സിദ്റ മെഡിസിൻ, ഖത്തർ റെഡ്ക്രസൻറ്, ഖത്തർ സായുധസേന, ആഭ്യന്തര മന്ത്രാലയം, ഖത്തർ എനർജി ഹെൽത്ത് സർവിസ് എന്നിവിടങ്ങളിൽനിന്നുള്ള ആരോഗ്യപ്രവർത്തകരെല്ലാം സ്റ്റേഡിയങ്ങളിലും ഫാൻ സോണുകളിലും പരിശീലന കേന്ദ്രങ്ങളിലും കർമനിരതരായി രംഗത്തുണ്ടാകുമെന്നും കൂടാതെ അടിയന്തര സേവനരംഗത്തും ആരോഗ്യപ്രവർത്തകരെ സജ്ജമാക്കുമെന്നും ഡോ. അൽ മുഹമ്മദ് വിശദീകരിച്ചു.
മത്സരവേദികളിലും അല്ലാത്ത ഇടങ്ങളിലും സർവസജ്ജരായി ആരോഗ്യസേവനത്തിനായി എച്ച്.എം.സി ആംബുലൻസ് സർവിസ് വിഭാഗവും രംഗത്തുണ്ടാകും. അന്താരാഷ്ട്ര കായിക ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിച്ച് ഖത്തറിന് വലിയ പരിചയസമ്പത്തുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇവയുടെ വിജയത്തിൽ ആരോഗ്യ മേഖലയും ആരോഗ്യ പ്രവർത്തകരും വഹിച്ച പങ്ക് വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.