മരണം കൊണ്ടുപോയ സൗഹൃദം
text_fieldsലോകമെങ്ങുമുള്ള മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന മഹാമാരിയുടെ ഭയാനകതയിൽ ഒരു വ്രതകാലം കൂടി വന്നണഞ്ഞിരിക്കുന്നു. ജീവിതത്തിെൻറ മധ്യാഹ്നത്തിൽനിന്നും കുട്ടിക്കാലമെന്ന പുലർകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ നടന്നുതീർത്ത വഴികളിലെല്ലാം സൗഹൃദത്തിെൻറ സുഗന്ധം വീണു കിടക്കുന്നു. അതിെൻറ കുളിരിൽതന്നെയാണ് മുമ്പോട്ടുള്ള ഓരോ യാത്രയും.
പ്രവാസത്തിെൻറ ആദ്യകാലത്ത് മുറിയിലെ നോമ്പുതുറ അക്ഷരാർഥത്തിൽ നിഷ്കളങ്ക സ്നേഹത്തിെൻറ ആഘോഷങ്ങൾ തന്നെയായിരുന്നു. ബഹ്റൈൻ ഡിഫൻസിൽ ജോലിചെയ്തിരുന്ന അലിക്കയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ഭക്ഷണം തയാറാക്കിയിരുന്നത്. ഓരോരുത്തരെയും കഴിപ്പിക്കാൻ അദ്ദേഹം കാണിക്കുന്ന ഉത്സാഹം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നത്രേ.
പ്രിയ സുഹൃത്തും സഹപാഠിയും അയൽവാസിയുമായ നിസാറിനെ ഓർക്കാതെ എെൻറ കുട്ടിക്കാലത്തെ നോമ്പനുഭവങ്ങൾ പൂർണമാകില്ല. ഒരുമിച്ചു പള്ളിയിൽപോകാനും സമ്പന്ന വീടുകളിൽനിന്ന് സകാത്തിെൻറ പൈസ വാങ്ങാനും നോമ്പില്ലാത്ത ദിവസങ്ങളിൽ അതുകൊണ്ട് ഐസ് വാങ്ങിത്തിന്നാനുമൊക്കെ അവൻ കൂടെത്തന്നെ ഉണ്ടാവുമായിരുന്നു.
കാലം പോകെ ഞാൻ പ്രവാസം തിരഞ്ഞെടുത്തപ്പോൾ അവൻ മരം മുറിയും മറ്റു പണികളുമൊക്കെയായി നാട്ടിൽ തന്നെ കഴിഞ്ഞു കൂടി. കുടുംബത്തെ പിരിഞ്ഞുനിന്നുകൊണ്ട് ഒരു ജീവിതം വേണ്ട എന്നതായിരുന്നു അവെൻറ ഉറച്ച നിലപാട്.
പക്ഷേ ഏഴുവർഷം മുമ്പ് മരണം അവനെ അവെൻറ പ്രിയപ്പെട്ടവരിൽനിന്ന് പറിച്ചെടുത്തു. പതിവുപോലെ ഒരു ഗ്ലാസ് കട്ടൻ ചായയും കുടിച്ച് ഒരു തെങ്ങ് മുറിക്കാൻ പോയതായിരുന്നു. പക്ഷേ എവിടെയോ ഒളിച്ചിരുന്ന മൃത്യുവിെൻറ കരാറുകാരൻ അവനെ തള്ളി താഴെയിട്ടു. വിവരമറിഞ്ഞപ്പോൾ എെൻറ സപ്ത നാഡികളും തളർന്നുപോയപോലെ തോന്നി. ബാഷ്പകണങ്ങൾ കാഴ്ചയെ മറച്ചുനിന്ന ആ സങ്കടക്കടലിൽ മനസ്സിൽ നിറഞ്ഞു നിന്നത് നാട്ടിലുണ്ടായിരുന്നപ്പോൾ അവനുമൊത്തുള്ള ഒരു നോമ്പ് തുറയായിരുന്നു. വർത്തമാനത്തിനിടയിൽ അവൻ പറഞ്ഞ വാക്കുകൾ അക്ഷരാർഥത്തിൽ അറംപറ്റിയപോലെ ആയിപ്പോയി.
'ഇപ്പോൾ ജോലിയൊക്കെ കുഴപ്പം ഇല്ലാതെ പോകുന്നുണ്ട്. പക്ഷേ, ഭയങ്കര റിസ്കാ, ഉയരത്തിൽനിന്ന് വീണാൽ കാര്യം പോക്കാ, കിടപ്പിലാകാതെ സ്പോട്ടിലങ്ങു തീർന്നുപോകണം'.അവന് ഒന്നും സംഭവിക്കരുതേ എന്ന് മാത്രമായിരുന്നു എെൻറ അപ്പോഴുള്ള പ്രാർഥന. നാട്ടിൽ പോയപ്പോൾ പള്ളിപ്പറമ്പിലെ അവെൻറ കുഴിമാടത്തിനുമുന്നിൽ ഞാൻ വേദനയോടെ നിന്നതും ഒരു നോമ്പുകാലത്തായിരുന്നു. ചിരിച്ചുകൊണ്ട് നമ്മെ യാത്രയാക്കുന്നവരുടെ ഖബ്റിനുമുന്നിൽ തിരിച്ചുചെല്ലുമ്പോൾ നിൽക്കേണ്ടിവരുക എന്നത് പ്രവാസത്തിെൻറ വല്ലാത്ത നൊമ്പരങ്ങളിൽ ഒന്നത്രേ.
ഓരോ വ്രതകാലവും കടന്നുവരുമ്പോഴും അവൻ ഉണ്ടായിരുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചുപോകാറുണ്ട്. മരണം എന്നത് തടയാനും തിരുത്താനുമാകാത്ത തിക്ത സത്യമാണെങ്കിലും പോയവർ തിരിച്ചുവന്നെങ്കിൽ എന്ന് കൊതിക്കാത്തവർ ആരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.