ചൂട് കൂടുന്നു; ആരോഗ്യത്തിൽ ജാഗ്രത പുലർത്താം
text_fieldsമനാമ: കടുത്ത ചൂടുകാലത്തിലേക്ക് ബഹ്റൈൻ വീണ്ടും പ്രവേശിച്ചിരിക്കുകയാണ്. പകൽ പുറത്തിറങ്ങി നടക്കാൻ കഴിയാത്തവിധം ശക്തമാണ് ചൂട്. ഞായറാഴ്ച 45 ഡിഗ്രി വരെയാണ് താപനില ഉയർന്നത്. ചൂടിൽനിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ ജൂലൈ ഒന്നുമുതൽ രണ്ടുമാസത്തെ ഉച്ച ജോലി വിലക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെ തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നതിനാണ് വിലക്ക്.
പുറംജോലികളിൽ ഏർപ്പെട്ട ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. ചൂടുകാലം ഏറെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന സമയം കൂടിയാണ്. കൃത്യമായ ആരോഗ്യ സംരക്ഷണം ഈ കാലയളവിൽ ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ചൂട് ഏറ്റവും ഉന്നതിയിലെത്തുന്ന സമയത്ത് പരമാവധി പുറത്തിറങ്ങാതിരിക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. രാവിലെ 11 മുതൽ ഉച്ച കഴിഞ്ഞ് മൂന്ന് വരെയുള്ള സമയമാണ് ഏറ്റവുമധികം സൂക്ഷിക്കേണ്ടത്. പുറത്ത് ജോലി ചെയ്യുന്നവർ ചൂടുകാലത്ത് ആവശ്യമായ മുൻകരുതൽ എടുക്കണമെന്ന് ഐ.സി.ആർ.എഫ് ചെയർമാൻ കൂടിയായ ഡോ. ബാബു രാമചന്ദ്രൻ പറഞ്ഞു. തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ച വിശ്രമം അനുവദിക്കാനുള്ള സർക്കാർ നയം പ്രശംസനീയമാണ്. ഇത് കൃത്യമായി പാലിക്കാൻ കമ്പനികൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കടുത്ത ചൂടിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുമ്പോൾ ശരീരത്തിൽനിന്ന് ധാരാളം ജലാംശം നഷ്ടപ്പെടുന്നതിനാൽ ഇടക്കിടെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ദിവസവും ചുരുങ്ങിയത് രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കുന്നതുവഴി നിർജലീകരണവും തുടർന്നുണ്ടാകുന്ന അസുഖങ്ങളും തടയാം. നാവും തൊണ്ടയും വരളുക, മൂത്രം ഇരുണ്ട മഞ്ഞ നിറമാകുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ വെള്ളം കൂടുതലായി കുടിക്കാൻ മടിക്കരുത്.
ചൂടുകാലത്ത് ഒ.ആർ.എസ് പാനീയം കുടിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് ഡോ. ബാബു രാമചന്ദ്രൻ പറഞ്ഞു. ഒ.ആർ.എസ് ഇല്ലെങ്കിൽ ഉപ്പുചേർത്ത നാരങ്ങാവെള്ളവും കുടിക്കാം.
പഴവർഗങ്ങൾ കൂടുതൽ കഴിക്കാനും ശ്രദ്ധചെലുത്തണം. വെള്ളമടങ്ങിയ തണ്ണിമത്തനാണ് വേനൽക്കാലത്ത് കഴിക്കാൻ ഏറ്റവും നല്ലത്. ശരീരത്തില് ജലാംശം നിലനിര്ത്തുന്നതിന് ഇത് സഹായിക്കുന്നു. ഭക്ഷണത്തിൽ ഉപ്പ് കൂടുതൽ ചേർക്കുന്നതും വേനൽക്കാലത്ത് നല്ലതാണ്. അതേസമയം, അമിതമായി ഭക്ഷണം കഴിച്ച് ജോലിക്ക് പോകുന്നത് ഒഴിവാക്കണം.
കടുത്ത ചൂടിൽ ജോലിചെയ്യുമ്പോൾ തലചുറ്റലോ ക്ഷീണമോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ സൂപ്പർവൈസറെ വിവരം അറിയിച്ച് ജോലിനിർത്തി വിശ്രമിക്കണം.
നാലും അഞ്ചും മണിക്കൂർ തുടർച്ചയായി പുറംജോലികൾ ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.
ചൂടുകാലത്ത് വസ്ത്രധാരണത്തിലും ശ്രദ്ധിക്കാനുണ്ട്. ഇറുകിയ വസ്ത്രങ്ങളേക്കാൾ ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങളാണ് ഈ സമയത്ത് നല്ലത്. വാഹനങ്ങൾ വെയിലത്ത് നിർത്തി പോകുമ്പോൾ കുട്ടികളും വളർത്തുമൃഗങ്ങളും അകത്ത് ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
മുൻകാലങ്ങളിലേതുപോലെ, പുറം ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് പഴങ്ങളും വെള്ളവും എത്തിച്ചുനൽകാൻ ഐ.സി.ആർ.എഫ് ഉൾപ്പെടെ വിവിധ സംഘടനകൾ രംഗത്തുണ്ട്. പൊരിവെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഇവരുടെ പ്രവർത്തനങ്ങൾ ആശ്വാസമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചൂട് അധികരിക്കുന്ന സമയങ്ങളിൽ കഴിയുന്നതും പുറത്തിറങ്ങാതിരിക്കുക
ദിവസവും രണ്ടുലിറ്റർ വെള്ളമെങ്കിലും കുടിക്കുക
പഴവർഗങ്ങൾ കൂടുതൽ കഴിക്കുക
തുടർച്ചയായി വെയിലത്ത് ജോലി ചെയ്യാതിരിക്കുക
ക്ഷീണം തോന്നിയാൽ ജോലി നിർത്തി വിശ്രമിക്കുക
അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക
ഒ.ആർ.എസ് പാനീയം കുടിക്കു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.