ചൂട് കൂടുന്നു; കരുതൽ വേണം
text_fieldsവേനൽ കടുക്കുകയാണ്. അടുത്തമാസം അന്തരീക്ഷ താപനില വീണ്ടും ഉയരും. താപനില ഉയരുകയും അന്തരീക്ഷ ഈർപ്പം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. അന്തരീക്ഷതാപം ക്രമാതീതമായി ഉയരുമ്പോൾ ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനം തകരാറാവുകയും ഉഷ്ണകാല രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും.
ഉഷ്ണകാല രോഗങ്ങൾ ഏറിയും കുറഞ്ഞും തീവ്രതയുള്ളതാണ്. (1) ഹീറ്റ് എഡിമ - ചർമത്തിന് നേരിയ വീക്കമുണ്ടാക്കുന്നു (2) ചൂടുകുരുക്കൾ - ശരീരമാകെ തടിച്ചുപൊങ്ങാനിടയാക്കുന്നു (3) ഹീറ്റ് ക്രാമ്പ്സ്: വിയർപ്പിലൂടെ ഇലക്ട്രോലൈറ്റുകളും സോഡിയവും നഷ്ടപ്പെടുന്നത് പേശികളുടെ വേദനാജനകമായ സങ്കോചങ്ങൾക്കിടയാക്കുന്നു (4) നിർജലീകരണം- സോഡിയം, വെള്ളം എന്നിവ നഷ്ടപ്പെടുന്നത് നിർജലീകരണത്തിലേക്ക് നയിക്കുന്നു (5) ഹീറ്റ് സ്ട്രോക്ക് - വളരെ ഉയർന്ന ശരീര താപനില (40.5 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ) മൂലം ശരീരത്തിന്റെ തെർമോറെഗുലേറ്ററി മെക്കാനിസം പരാജയപ്പെടുന്നത് മാനസിക നില തകരാറിലാക്കുകയും മസ്തിഷ്കം, ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു.
ചൂടുകാലത്ത് പതിവിൽ കൂടുതൽ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിർജലീകരണം സംഭവിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാം. സോഡിയം കുറഞ്ഞ് പേശീ സങ്കോചമുൾപ്പെടെ സംഭവിക്കാതിരിക്കാൻ കുടിവെള്ളത്തിൽ ഒരു നുള്ള് ഉപ്പുചേർത്ത് കുടിക്കുക. ഒരു കാരണവശാലും രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ നേരിട്ട് വെയിൽ കൊള്ളരുത്. വേനലിൽ ഇളം നിറമുള്ള കോട്ടൺ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്.
പുറത്തുപോകുമ്പോൾ തൊപ്പി, തലപ്പാവ്, എന്നിവ ധരിക്കുന്നത് നല്ലതാണ്. പുറത്തെ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവർ അരമണിക്കൂർ ജോലിക്കുശേഷം തണലത്ത് വിശ്രമിക്കണം. ശരീരത്തിൽനിന്ന് വിയർപ്പായും മൂത്രമായും വെള്ളം നഷ്ടപ്പെടും. ചൂടുകാലത്ത് ധാരാളം വെള്ളം നഷ്ടമാകുന്നതിനാൽ നഷ്ടം നികത്താനാവശ്യമായത്ര വെള്ളം കുടിക്കേണ്ടതാണ്. നഷ്ടപ്പെടുന്ന മൂലകങ്ങളുടെ കുറവ് നികത്താൻ ഒ.ആർ.എസ് ലായനി കുടിക്കുന്നത് നല്ലതാണ്.
ഇളം ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കാവുന്നതാണ്. കഫീൻ അടങ്ങിയ പാനീയങ്ങളും ഷുഗർ കൂടുതലായി അടങ്ങിയ പാനീയങ്ങളും മദ്യവും ഒഴിവാക്കണം. തണ്ണിമത്തൻ പോലുള്ള, ജലത്തിന്റെ അളവ് കൂടുതലുള്ള പഴങ്ങൾ നല്ലതാണ്. ആരോഗ്യകരമായ ഭക്ഷണം കഴിച്ച് നല്ല ആരോഗ്യം നിലനിർത്തുക, ശരിയായ ഉറക്കം, ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണം എന്നിവ പ്രധാനമാണ്.
വാർധക്യവും അവശതയുള്ളവർ ചൂടുകാലത്ത് എയർകണ്ടീഷനിങ് എപ്പോഴും ഉപയോഗിക്കുക, തൊഴിലാളികൾക്ക് ഛർദി, തലകറക്കം മുതലായവ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ സൂപ്പർവൈസർമാർക്ക് റിപ്പോർട്ട് ചെയ്ത് വിശ്രമവും ആവശ്യമാണെങ്കിൽ വൈദ്യസഹായവും തേടണം. ഉച്ചവിശ്രമ നിയമം സംബന്ധിച്ച ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ തൊഴിൽ മന്ത്രാലയം 32265727 എന്ന ഹോട്ട്ലൈൻനമ്പർ ഏർപ്പെടുത്തിയിട്ടുണ്ട്.
ആവശ്യത്തിന് വെള്ളം കുടിച്ചിട്ടില്ലെങ്കിൽ വായയും ത്വക്കും വരണ്ടുപോകും. തലവേദന, മയക്കം, തലചുറ്റൽ, ഉത്സാഹക്കുറവ്, ശ്രദ്ധയില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾക്കും ഇടയാക്കിയേക്കാം. മൂത്രത്തിന്റെ അളവ് കൂടുക, കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുക, കൂടുതൽ വിയർക്കുക തുടങ്ങിയവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാകാം. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർ നിശ്ചയമായും ഡോക്ടറുടെ സഹായം തേടണം.
(കാൻസർ കെയർ ഗ്രൂപിൻറെ ചെയർമാനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.