മലയാളിയെ സഹജീവനക്കാർ മർദിച്ച് പൂട്ടിയിട്ട സംഭവം: പാസ്പോർട്ടും ശമ്പളവും ലഭിച്ചു
text_fieldsമനാമ: സഹജീവനക്കാർ അകാരണമായി മർദിക്കുകയും ഭക്ഷണം നൽകാതെ പൂട്ടിയിടുകയും ചെയ്ത മലയാളി യുവാവിന് പാസ്പോർട്ടും ജോലിചെയ്ത കാലയളവിലെ ശമ്പളവും ലഭിച്ചു. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകനും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡുമായ സുധീർ തിരുനിലത്തിനെ ബന്ധപ്പെട്ടതിനെത്തുടർന്ന് പൊലീസ് സ്റ്റേഷനിലും എൽ.എം.ആർ.എയിലും പരാതി നൽകിയിരുന്നു. വിഷയത്തിൽ ഇന്ത്യൻ എംബസിയും ഇടപെട്ടു. തുടർന്നാണ് നടപടിയുണ്ടായത്. യുവാവിന്റെ അവസ്ഥ വിവരിച്ച് ‘ഗൾഫ് മാധ്യമം’ വാർത്ത നൽകിയിരുന്നു. വെൽഡറായി ജോലി വാഗ്ദാനം ചെയ്താണ് കൊല്ലം സ്വദേശിയായ യുവാവിനെ ബഹ്റൈനിലെത്തിച്ചത്.
എന്നാൽ ടെന്റുകൾ നിർമിക്കുന്ന കമ്പനിയിലായിരുന്നു ജോലി. സ്ഥാപനത്തിലെ ഏക മലയാളിയായ യുവാവിനെ പാകിസ്താനികളായ മറ്റു ജീവനക്കാർ അകാരണമായി മർദിക്കുകയായിരുന്നെന്നാണ് പരാതി. കമ്പനിയോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇത് ചോദ്യം ചെയ്തപ്പോൾ മുറിയിൽ പൂട്ടിയിടുകയായിരുന്നു. ഫോണിൽ ബന്ധുക്കളെ വിവരമറിയിച്ചതിനെത്തുടർന്നാണ് സാമൂഹിക പ്രവർത്തകർ ഇടപെട്ടത്. കമ്പനിക്കെതിരെയും യുവാവിനെ മർദിച്ച ജീവനക്കാർക്കെതിരെയും പൊലീസ് കേസെടുത്തു. യുവാവിന്റെ വിസ മറ്റൊരു കമ്പനിയിലേക്ക് മാറ്റാനും സാധിച്ചു. ഇതേത്തുടർന്ന് യുവാവ് ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.