സാമ്പത്തികവളർച്ചയുടെ പ്രധാന ഘടകം ഊർജമേഖല -മന്ത്രി
text_fieldsമനാമ: സാമ്പത്തികവളർച്ചയുടെ പ്രധാന ഘടകമാണ് ഊർജമേഖലയെന്ന് എണ്ണമന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു. 29ാമത് വാർഷിക മിഡിലീസ്റ്റ് പെട്രോളിയം ആൻഡ് ഗ്യാസ് കോൺഫറൻസ് (എം.പി.ജി.സി 2022) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫോർ സീസൺസ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ സൗദി ഊർജമന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ അൽ സൗദ്, ഇറാഖി എണ്ണമന്ത്രി ഇഹ്സാൻ അബ്ദുൽ ജബ്ബാർ ഇസ്മായിൽ, 25 രാജ്യങ്ങളിൽനിന്നുള്ള എണ്ണക്കമ്പനികളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. അന്താരാഷ്ട്ര എണ്ണ-വാതക കമ്പനികളുടെ സി.ഇ.ഒമാർ, തലവൻമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, നയരൂപകർത്താക്കൾ, അന്താരാഷ്ട്ര എണ്ണവ്യാപാരികൾ, ഊർജവിദഗ്ധർ, വിശകലന വിദഗ്ധർ, ഊർജമേഖലയിലെ പ്രമുഖ സംഘടനകൾ എന്നിവരുൾപ്പെടെ ആഗോളപരിപാടിയിൽ പങ്കെടുത്തവരോട് മന്ത്രി നന്ദി അറിയിച്ചു.
ബഹ്റൈനിലെ പ്രധാനപ്പെട്ട സ്ഥാപനമായ ബാപ്കോയുടെ നവീകരണം ഉൾപ്പെടെയുള്ള രാജ്യത്തിലെ പ്രധാന പദ്ധതികൾ അദ്ദേഹം എടുത്തുപറഞ്ഞു. ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തുക, എണ്ണ ശുദ്ധീകരണശേഷി വർധിപ്പിക്കുക എന്നിവ വഴി റിഫൈനറിയെ ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിതവും പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ സ്ഥാപനമാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്. നവീകരണപദ്ധതി 80 ശതമാനത്തിലധികം പൂർത്തിയായിക്കഴിഞ്ഞു. 2023ൽ ഇത് പദ്ധതി പൂർണമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് കുറക്കാൻ ലക്ഷ്യമിട്ടുള്ള പാരിസ്ഥിതിക പദ്ധതികളിൽ ആഗോള സഹകരണത്തിന്റെ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു. 2060ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് ബഹ്റൈൻ ഈ ദൗത്യത്തിൽ പങ്കുചേർന്നിട്ടുണ്ട്. ആഗോള എണ്ണ വിപണിയുടെ സ്ഥിരതക്ക് ഉചിതമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.