ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയെ ഹമദ് രാജാവ് സ്വീകരിച്ചു
text_fieldsമനാമ: ലുലു ഗ്രൂപ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എം.എ. യൂസുഫലിയെ അൽ സാഖിർ പാലസിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു. അദ്ദേഹത്തിന്റെ വിജയകരമായ ബിസിനസ് സംരംഭങ്ങളെയും ബഹ്‌റൈനിലെ വാണിജ്യ, സാമ്പത്തിക, നിക്ഷേപ മേഖലകളെ പിന്തുണയ്ക്കുന്നതിൽ ലുലു ഗ്രൂപ്പിന്റെ പങ്കിനെയും രാജാവ് പ്രശംസിച്ചു.
ഭക്ഷ്യ, ഉപഭോക്തൃ വസ്തുക്കളടക്കം നൽകുന്നതിൽ ലുലു ഗ്രൂപ്പിന്റെ സംഭാവനകളെയും ബഹ്‌റൈനിലും മേഖലക്കപ്പുറവും ബിസിനസസ് വ്യാപിപ്പിച്ചു നടത്തുന്ന പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് നൽകി കൊണ്ടിരിക്കുന്ന പിന്തുണയ്‌ക്ക് എം.എ യൂസുഫലി ഹമദ് രാജാവിനെ തന്റെ അഭിനന്ദനം അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെയും എം.എ യൂസുഫലി സന്ദർശിച്ചു.
ഗുദൈബിയ പാലസിൽ കിരീടാവകാശി ലുലു ഗ്രൂപ് ചെയർമാനെ സ്വീകരിച്ചു. ചില്ലറ വിൽപന മേഖല ദേശീയ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന ഘടകമാണെന്നും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ സമഗ്ര വികസന ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിൽ ചില്ലറ വിൽപന മേഖല നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും കിരീടാവകാശി ഊന്നിപ്പറഞ്ഞു. രാജ്യവികസനത്തിനും സ്വദേശികൾക്ക് തൊഴിൽ നൽകുന്നതിലും സ്വകാര്യ മേഖല വഹിക്കുന്ന പങ്കിനെയും അദ്ദേഹം എടുത്തുപറഞ്ഞു.
ചില്ലറ വിൽപന മേഖലയെ പിന്തുണക്കുന്ന കിരീടാവകാശിയുടെ നിലപാടിനെ എം.എ യൂസുഫലി പ്രശംസിക്കുകയും ചെയ്തു. ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ധന മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയെയും എം.എ. യൂസുഫലി സന്ദർശിച്ചു. രാജ്യപുരോഗതിക്ക് ലുലു ഗ്രൂപ്പ് നൽകുന്ന പിന്തുണ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.