മനാമ സെൻട്രൽ മാർക്കറ്റിന്റെ രൂപവും ഭാവവും മാറും
text_fieldsമനാമ: രാജ്യത്തെ ഏറ്റവും വലുതും പ്രമുഖവുമായ മാർക്കറ്റായ മനാമ സെൻട്രൽ മാർക്കറ്റിന്റെ നവീകരണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. ക്യാപിറ്റൽ ട്രസ്റ്റീസ് അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അൽ സെഹ്ലി, ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും മെച്ചപ്പെട്ട സൗകര്യങ്ങളും സേവനങ്ങളും നൽകുകയാണ് നവീകരണത്തിന്റെ ലക്ഷ്യം. നവീകരണവും പുനർനിർമാണ, അറ്റകുറ്റപ്പണികളും പുരോഗമിക്കുകയാണ്. വൈദ്യുതി കേബിളുകൾ, ജല പൈപ്പ് ലൈനുകൾ, മലിനജല പൈപ്പുകൾ തുടങ്ങിയവ ഭൂമിക്കടിയിലൂടെയാക്കും.
ഈ ജോലി എത്രവേഗം പൂർത്തിയാകും എന്നതിനെ ആശ്രയിച്ചായിരിക്കും പ്രവൃത്തികളുടെ പുരോഗതി. 141,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് മാർക്കറ്റ് നിലകൊള്ളുന്നത്. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ട്രക്ക് പാർക്കിങ്, ലോഡിങ്, സെല്ലിങ് സോണുകളെന്നിവയടക്കം പദ്ധതിയിലുണ്ട്. 932 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മത്സ്യമാർക്കറ്റിന് ഷേഡിങ് നൽകേണ്ടതുണ്ട്.
സോളാർ പാനലുകൾ സ്ഥാപിക്കും
വൈദ്യുതി ഉപഭോഗം കുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സോളാർ പാനലുകൾ സ്ഥാപിക്കാനും എൽ.ഇ.ഡി ലൈറ്റിങ് നവീകരിക്കാനും പദ്ധതിയുണ്ട്. ദേശീയ വനവത്കരണ സംരംഭങ്ങളുമായി ചേർന്ന് മരങ്ങൾ നട്ടുപിടിപ്പിക്കുകയും മാർക്കറ്റിന് ഹരിതഭംഗി നൽകുകയും ചെയ്യും.
എയർ കണ്ടീഷനിങ് സംവിധാനം നവീകരിക്കും
മാർക്കറ്റിലെ എയർ കണ്ടീഷനിങ് സംവിധാനം കുറ്റമറ്റതാക്കും. മാത്രമല്ല മീറ്റ് മാർക്കറ്റിൽ കംപ്രസറുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യും. എ.സി സംവിധാനത്തിന്റെ പരിശോധന സ്ഥിരമായി നടത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന എയർകണ്ടീഷണർ മെയിന്റനൻസ് കമ്പനിയെയും നിയോഗിച്ചിട്ടുണ്ട്. സെൻട്രൽ മാർക്കറ്റിൽനിന്നാണ് രാജ്യത്തെ മറ്റെല്ലാ ചെറിയ മാർക്കറ്റുകളിലേക്കും സാധനങ്ങൾ പോകുന്നത്.
ഭക്ഷ്യസുരക്ഷയുടെ പ്രധാന ഘടകങ്ങളിലൊന്നായ മാർക്കറ്റിന്റെ വികസനപ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സാലിഹ് തറാദ പറഞ്ഞു.
ഗവൺമെന്റിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസരിച്ച് വികസന പ്രവൃത്തികൾ പൂർത്തീകരിക്കാൻ ദശലക്ഷം ദിനാറിന്റെ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലിനജല നിർഗമന പൈപ്പുകൾ, കേബിളുകൾ, തുടങ്ങിയവ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കാൻ വർക്സ്, ഇലക്ട്രിസിറ്റി, വാട്ടർ അഫയേഴ്സ്, മുനിസിപ്പാലിറ്റീസ് അഫയേഴ്സ്, അഗ്രികൾച്ചർ മന്ത്രാലയങ്ങൾ കൂട്ടായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.