ബഹ്റൈൻ ദേശീയദിന സ്റ്റാമ്പിനു പിന്നിലെ മലയാളിത്തിളക്കം
text_fieldsമനാമ: ബഹ്റൈന്റെ 52ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യം പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് രാജ്യത്തിന്റെ മഹത്തായ പൈതൃകവും മുത്ത് ഖനനത്തിന്റെ ചരിത്രവും വിശദമാക്കുന്നതായിരുന്നു.
ഈ അപൂർവ ചിത്രം ഫ്രെയിമിലാക്കിയത് ഒരു മലയാളിയായിരുന്നു എന്ന് അധികമാർക്കുമറിയില്ല. 20 വർഷത്തിലേറെക്കാലമായി ബഹ്റൈനിൽ പ്രഫഷനൽ ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുന്ന ജോർജ് മാത്യുവായിരുന്നു ആ അപൂർവ ചിത്രങ്ങളെടുത്തത്. അദ്ദേഹത്തിന്റെ ഈ മേഖലയിലെ മികവിനുള്ള അംഗീകാരമായിരുന്നു മുത്തുകളുടെയും ആഭരണങ്ങളുടെയും ഫോട്ടോയെടുക്കാൻ ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസിൽനിന്ന് (BACA) ലഭിച്ച ക്ഷണം. അമൂല്യമായ മുത്തുകളുടെ കാലാതീതമായ സൗന്ദര്യം പകർത്തിയ ദേശീയ തപാൽ സ്റ്റാമ്പ് ശ്രദ്ധേയമാവുകയും ചെയ്തു. കേവലം മുത്തിന്റെ ചിത്രം എന്നതിലുപരി ബഹ്റൈനിന്റെ സമ്പന്നമായ ചരിത്രത്തെയും സാംസ്കാരിക പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്ന കലാസൃഷ്ടിയായി ചിത്രം മാറി. ലൈറ്റ് ആൻഡ് ഷേഡുകളുടെ മനോഹരമായ സമ്മിശ്രണത്തിലൂടെ ആധുനിക സാങ്കേതികവിദ്യകളുടെ മികവിൽ മനോഹരമായ ചിത്രമായി അതിനെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതിനാലാണ് ഫോട്ടോഗ്രാഫ് തിരഞ്ഞെടുക്കപ്പെട്ടത്.
ബഹ്റൈൻ നാഷനൽ മ്യൂസിയത്തിൽ ഇതിനായി സമയം ചെലവഴിക്കാൻ സാധിച്ചത് അപൂർവ അനുഭവമായിരുന്നെന്ന് ജോർജ് മാത്യു ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ചരിത്രത്തിലൂടെ ഒരു യാത്രയായിരുന്നു ഫോട്ടോഗ്രഫിക്കുവേണ്ടിയുള്ള ആ ശ്രമം. അപൂർവമായ സാംസ്കാരിക പാരമ്പര്യത്തിന്റെ സത്ത ഉൾക്കൊള്ളാൻ കഴിഞ്ഞതുകൊണ്ടാണ് മികച്ച ഫോട്ടോയെടുക്കാൻ സാധിച്ചത്. തന്റെ മുന്നോട്ടുള്ള കലാജീവിതത്തിന് അതൊരു പ്രചോദകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോഗ്രാഫറായ പിതാവിൽനിന്നാണ് ജോർജ് പ്രാഥമിക സാങ്കേതിക കാര്യങ്ങൾ അഭ്യസിച്ചത്.
മക്ലാരൻ, സാക്സ് ഫിഫ്ത്ത് അവന്യൂ, ബാറ്റെൽകോ, എസ്.ടി.സി, ഗൾഫ് എയർ, റിറ്റ്സ്-കാൾട്ടൺ, ബഹ്റൈൻ ഡ്യൂട്ടി ഫ്രീ തുടങ്ങിയ പ്രാദേശിക, അന്തർദേശീയ ബ്രാൻഡുകൾക്കൊപ്പം ഇതിനകം പ്രവർത്തിച്ചു. പുതിയ സ്റ്റാർട്ടപ്പുകൾക്ക് വേണ്ട സാങ്കേതികസഹായം നൽകാനും ജോർജ് സന്നദ്ധനാണ്. george@greyimage.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.