സന്ദർശക വിസയിൽ വന്ന മലയാളി സംഘം മാസങ്ങളായി ദുരിതത്തിൽ
text_fieldsമനാമ: സന്ദർശക വിസയിൽ ജോലി തേടി വന്ന മലയാളി സംഘം മാസങ്ങളായി ദുരിതത്തിൽ കഴിയുന്നു. ബഹ്റൈനിൽ ജോലി ലഭിക്കുമെന്ന് മോഹിപ്പിച്ച് കാസർകോട്ടുള്ള ഏജൻസി മുഖേനയാണ് ഇവരെ ഇവിടെ എത്തിച്ചത്. എന്നാൽ, ജോലിയൊന്നും ലഭിക്കാതെ അഞ്ചു മാസത്തോളമായി സെഹ്ലയിലെ ഫ്ലാറ്റിൽ കഴിയുകയാണ് ഇവർ. പാലക്കാട്, കൊല്ലം, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിൽനിന്നുള്ള പത്തുപേരാണ് സംഘത്തിലുള്ളത്. നേരത്തേ 25 പേരുണ്ടായിരുന്നു. മറ്റുള്ളവർ വിവിധ സമയങ്ങളിലായി നാട്ടിലേക്ക് തിരിച്ചുപോയി. സേഫ്റ്റി ഓഫിസർ, ഡ്രൈവർ, ക്രെയിൻ ഓപറേറ്റർ തുടങ്ങിയ ജോലികളാണ് ഇവർക്ക് വാഗ്ദാനം ചെയ്തത്.
ക്രെയിൻ ഓപറേറ്റർക്ക് 50,000 രൂപയും സേഫ്റ്റി ഓഫിസർക്ക് 600 ദീനാറുമാണ് (ഏകദേശം 1.2 ലക്ഷം രൂപ) ശമ്പളം പറഞ്ഞിരുന്നത്. ബഹ്റൈനിലെത്തി ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ ജോലി ശരിയാക്കുമെന്നും താമസവും ഭക്ഷണവും ഉൾപ്പെടെ എല്ലാ ചെലവുകളും തങ്ങൾതന്നെ വഹിക്കുമെന്നും വാഗ്ദാനം നൽകി. വിസക്കുവേണ്ടി ഒന്നര ലക്ഷം മുതൽ 2.20 ലക്ഷം രൂപ വരെ നൽകിയവരുണ്ട്.
വാട്സ്ആപ്പിൽ വന്ന പരസ്യം കണ്ടാണ് ഇവർ കാസർകോട്ടുള്ള ഏജൻസിയെ ബന്ധപ്പെട്ടത്. അവർ മുഖേന ബഹ്റൈനിലെ ഏജന്റ് ഓൺലൈനിൽ അഭിമുഖം നടത്തിയാണ് ജോലി വാഗ്ദാനം നൽകിയത്. ആരെയും വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു ഏജന്റിന്റെ സംസാരമെന്ന് ഇരകളായവർ പറയുന്നു. ബഹ്റൈനിലെത്തി മാസങ്ങളായിട്ടും ജോലി ലഭിക്കാതെ നിരാശരായ ഇവർ ഏജന്റിനെ ബന്ധപ്പെട്ടപ്പോൾ താമസത്തിനും ഭക്ഷണത്തിനും ടിക്കറ്റിനും വിസക്കും ചെലവായത് കഴിച്ചുള്ള തുകയേ തിരിച്ചുനൽകൂവെന്നാണ് പറയുന്നത്. സാമൂഹിക പ്രവർത്തകർ മുഖേന രണ്ടുമാസം മുമ്പ് ഇന്ത്യൻ എംബസി ഓപൺ ഫോറത്തിലും ഇവർ വിഷയം അവതരിപ്പിച്ചിരുന്നു. പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്ന് ഇവർ പറയുന്നു.
മറ്റു ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. ഫ്ലാറ്റിലെ ഒരു മുറിയിൽ എട്ടുപേർ തിങ്ങിഞെരുങ്ങിയാണ് കഴിയുന്നത്. ഇത്രയധികം പേർ ഒരു മുറിയിൽ താമസിക്കുന്നത് കണ്ട് കഴിഞ്ഞ ദിവസം ഫ്ലാറ്റുടമ വന്ന് ശകാരിക്കുകയും എത്രയും പെട്ടെന്ന് ഫ്ലാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഫ്ലാറ്റ് ഒഴിയേണ്ടിവന്നാൽ എവിടെ താമസിക്കും എന്ന ആശങ്കയും ഇവരെ അലട്ടുന്നുണ്ട്. തുടക്കത്തിൽ ഏതെങ്കിലുമൊക്കെ സമയത്താണ് ഏജന്റിന്റെ ആളുകൾ ഭക്ഷണം നൽകിയിരുന്നത്. ഇപ്പോൾ ഭക്ഷണമുണ്ടാക്കാനുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങിനൽകിയിട്ടുണ്ട്. അതുപയോഗിച്ച് സ്വന്തമായി ഭക്ഷണമുണ്ടാക്കി കഴിക്കുകയാണ് ഇവർ ചെയ്യുന്നത്.
ഇവിടെ കഴിയുന്നവർ നാട്ടിലേക്ക് തിരിച്ചുപോയി കാസർകോട്ടെ ഏജന്റിൽനിന്ന് പണം തിരിച്ചുചോദിക്കട്ടെ എന്നാണ് ബഹ്റൈനിലെ ഏജന്റിനെ ബന്ധപ്പെട്ടപ്പോൾ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞത്. തങ്ങൾ ആരംഭിക്കുന്ന സ്ഥാപനങ്ങളിൽ ജോലി നൽകുന്നതിനാണ് ഇവരെ കൊണ്ടുവന്നതെന്നും എന്നാൽ, സ്ഥാപനങ്ങൾ തുടങ്ങാൻ വൈകിയതുകാരണം ജോലി നൽകാൻ കഴിഞ്ഞില്ലെന്നുമാണ് ഇദ്ദേഹം പറയുന്നത്.
ഏജന്റുമാരുടെ മോഹനവാഗ്ദാനങ്ങൾ കേട്ട് സന്ദർശക വിസയിൽ വന്ന് കുടുങ്ങുന്ന സംഭവങ്ങൾ ദിനംപ്രതിയെന്നോണം ആവർത്തിക്കുകയാണ്. സന്ദർശക വിസയിൽ വന്ന് ജോലി ലഭിക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ അത്ര എളുപ്പമല്ല. അതിനാൽ, എടുത്തുചാടി പുറപ്പെടാതിരിക്കുക എന്നതാണ് ഇവിടത്തെ സാമൂഹിക പ്രവർത്തകർ തൊഴിലന്വേഷകർക്ക് നൽകുന്ന ഉപദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.