മാർപാപ്പയുടെയും അൽ അസ്ഹർ ഗ്രാൻഡ് ഇമാമിന്റെയും സന്ദർശനം അഭിമാനകരമെന്ന് മന്ത്രിസഭ
text_fieldsമനാമ: ഫ്രാൻസിസ് മാർപാപ്പയുടെയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അത്ത്വയ്യിബിന്റെയും ബഹ്റൈൻ സന്ദർശനത്തെ മന്ത്രിസഭ യോഗം സ്വാഗതം ചെയ്തു. സന്ദർശന വിജയത്തിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
'മാനവിക സൗഹൃദത്തിനായി കിഴക്കും പടിഞ്ഞാറും' എന്ന വിഷയത്തിൽ നടന്ന സംവാദ ഫോറത്തിലുയർന്ന ചർച്ചകളും തീരുമാനങ്ങളും സമാധാനത്തിലേക്കുള്ള ദൂരം കുറക്കുന്നതായിരുന്നു. സമാധാനപൂർണമായ സഹവർത്തിത്വത്തിനും സംവാദത്തിനും പ്രോത്സാഹനം നൽകുന്നതിന് ഹമദ് രാജാവിന്റെ നാമധേയത്തിലുള്ള അവാർഡ് പ്രഖ്യാപനം ഫോറത്തിൽ നടത്തിയത് ഏറെ പ്രാധാന്യമുള്ളതാണെന്നും മന്ത്രിസഭ വിലയിരുത്തി.
മാർപാപ്പയുടെയും ഗ്രാൻഡ് ഇമാമിന്റെയും അധ്യക്ഷതയിൽ ചേർന്ന 16ാമത് മുസ്ലിം പണ്ഡിതസഭ സമ്മേളനവും വിജയകരമായതായി വിലയിരുത്തി. മാർപാപ്പയുടെ സന്ദർശനം വിജയിപ്പിക്കുന്നതിന് നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ പ്രവർത്തനങ്ങളെ ശ്ലാഘിച്ചു.
അൽജീരിയയിൽ നടന്ന 31ാമത് അറബ് ഉച്ചകോടിയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെ പ്രഭാഷണം ശ്രദ്ധേയമായിരുന്നുവെന്നും കാബിനറ്റ് വിലയിരുത്തി. സ്വകാര്യ മേഖലയുമായി അർഥപൂർണ സഹകരണം സാധ്യമാക്കുന്നതിന് മുന്നോട്ടു പോകാൻ കാബിനറ്റ് അംഗീകാരം നൽകി.
പാർലമെന്റ്, മുനിസിപ്പൽ വോട്ടെടുപ്പ് നടപടിക്രമങ്ങൾ സുതാര്യതയോടെയും സംശുദ്ധമായും നടത്തുന്നതിനാവശ്യമായ ഒരുക്കങ്ങൾ മന്ത്രിസഭ വിലയിരുത്തി. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.