കുവൈത്ത്, യു.എ.ഇ ഭരണാധികാരികളുടെ സന്ദർശനം വിജയകരമായെന്ന് മന്ത്രിസഭ വിലയിരുത്തൽ
text_fieldsമനാമ: കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെയും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെയും ബഹ്റൈൻ സന്ദർശനം വിജയകരമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം വിലയിരുത്തി. ഇരു രാഷ്ട്ര നേതാക്കളുമായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ നടത്തിയ കൂടിക്കാഴ്ചയും ചർച്ചയും ബഹ്റൈനുമായുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തിപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്.
ബഹ്റൈനും യു.എ.ഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സാഹോദര്യ, സ്നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും യു.എ.ഇ പ്രസിഡന്റിന്റെ സന്ദർശനം വഴിവെച്ചതായും വിലയിരുത്തി. ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്ത് അമീറായി ചുമതലയേറ്റ ശേഷം നടത്തിയ പ്രഥമ ബഹ്റൈൻ സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും വിവിധ മേഖലകളിലുള്ള സഹകരണം കരുത്തോടെ തുടരുന്നതിനും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനും വഴിയൊരുക്കുന്നതായിരുന്നുവെന്ന് വിലയിരുത്തി. വിവിധ മേഖലകളിൽ യു.എ.ഇയുമായും കുവൈത്തുമായും ഒന്നിച്ച് പ്രവർത്തിക്കുന്നതിനുള്ള കരാറുകളിലും ഒപ്പുവെക്കുകയുണ്ടായി. ഇത് രാജ്യത്തിന് ഏറെ കരുത്ത് പകരുന്നതും സാമ്പത്തിക മേഖലക്ക് ഉണർവ് നൽകുന്നതുമാണെന്ന് കാബിനറ്റ് വിലയിരുത്തി.
നാഷനൽ ആക്ഷൻ ചാർട്ടറിന്റെ ഓർമപുതുക്കൽ രാജ്യത്തിന് വിവിധ രംഗങ്ങളിൽ മുന്നോട്ടു കുതിക്കാൻ കഴിഞ്ഞതിന്റെ കൂടി സ്മരണയാണെന്ന് കാബിനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. 2001ൽ അംഗീകരിച്ച നാഷനൽ ആക്ഷൻ ചാർട്ടർ ബഹ്റൈന് കരുത്തും ഊർജവും പ്രദാനം ചെയ്യുന്നതായിരുന്നു. രാജ്യത്തിന് വളർച്ചയും സുഭിക്ഷതയും കൈവരിക്കാനുള്ള നാന്ദിയായിരുന്നു അത്. കൂടാതെ 2008ൽ അംഗീകരിച്ച ഇക്കണോമിക് വിഷൻ 2030 സുസ്ഥിര വികസനത്തിലേക്കും വളർച്ചയിലേക്കുമുള്ള സ്വപ്നങ്ങൾക്ക് നിറച്ചാർത്ത് പകരുന്നതും ഭാവി ബഹ്റൈനെ രൂപപ്പെടുത്തുന്നതുമായിരുന്നു. നിയമ നിർമാണ സഭകളും സർക്കാരും തമ്മിലുള്ള യോജിച്ച പ്രവർത്തനം വളർച്ചയുടെയും വികസനത്തിന്റെയും പടവുകൾ കയറാൻ കഴിയുന്നതായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
ഇക്കണോമിക് വിഷൻ 2030 ലക്ഷ്യമിടുന്ന കാര്യങ്ങളുടെ വിലയിരുത്തൽ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം കൈവരുന്നതിനാവശ്യമായ പദ്ധതികളാണ് ഇക്കണോമിക് വിഷൻ 2030 ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ പുരോഗതിയുടെ പാതയിലാണെന്ന് കഴിഞ്ഞ ആറ് വർഷത്തെ റിപ്പോർട്ട് തെളിയിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. നിയമനിർമാണ സഭ, സ്വകാര്യ മേഖല, പ്രഫഷനൽ മേഖലയിലുള്ള വിവിധ അസോസിയേഷനുകൾ, സിവിൽ സൊസൈറ്റികൾ എന്നിവയുമായി അഭിപ്രായങ്ങൾ ആരാഞ്ഞ ശേഷം ഇക്കണോമിക് വിഷൻ 2050 ന് രൂപം നൽകുന്നതിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിർദേശിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സർവതോമുഖമായ വളർച്ചയും നേട്ടവും ജനങ്ങൾക്ക് സുഭിക്ഷവും സമാധാനപൂർണവും മാന്യവുമായ ജീവിതം ഉറപ്പുവരുത്തുന്ന രൂപത്തിലുള്ള പദ്ധതികൾക്കായിരിക്കും പുതിയ ഇക്കണോമിക് വിഷൻ 2050 മുഖ്യ പരിഗണന നൽകുക.
സ്ഥാപകദിനമാചരിക്കുന്ന സൗദി അറേബ്യക്കും ഭരണാധികാരികൾക്കും ജനങ്ങൾക്കും കാബിനറ്റ് ആശംസകൾ നേർന്നു. ദേശീയ ദിനമാഘോഷിക്കുന്ന കുവൈത്തിനും ഭരണാധികാരികൾക്കും ജനങ്ങൾക്കും കാബിനറ്റ് ആശംസകൾ അറിയിച്ചു. ഇക്കണോമിക് വിഷൻ 2030 ലക്ഷ്യം നേടുന്നതിനായി നിർണയിച്ച സാമ്പത്തിക ഉത്തേജന പാക്കേജിന്റെ നേട്ടങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. സിവിൽ സർവിസ് കമ്മിറ്റിയുടെ നിർദേശമനുസരിച്ച് വിവിധ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്ക് കാബിനറ്റ് അംഗീകാരം നൽകി.
2023 വർഷത്തെ സാമ്പത്തിക വളർച്ചയെ കുറിച്ച പ്രാഥമിക റിപ്പോർട്ടിന് അംഗീകാരം നൽകി. തംകീനുമായി ബന്ധപ്പെട്ട പദ്ധതിയുടെ ഏറ്റവും പുതിയ വിവരങ്ങൾ മന്ത്രിസഭ കാര്യാലയ മന്ത്രി അറിയിച്ചു. 60ാമത് മ്യൂണിച്ച് സമ്മേളനം, ഗ്ലോബൽ ഗവർമെന്റ് സമ്മിറ്റ്, പെട്രോ കെമിക്കൽ ഇന്റർനാഷനൽ കോൺഫറൻസ് എന്നിവയിലെ പങ്കാളിത്തത്തെക്കുറിച്ച റിപ്പോർട്ട് അവതരിപ്പിച്ചു. യുവജനകാര്യ മന്ത്രിയുടെ ബ്രിട്ടൻ സന്ദർശനം, ഒമാൻ ഇന്നവേഷൻ ഫെസ്റ്റിലെ പങ്കാളിത്തം, അറബ് യൂത്ത് ലീഡർഷിപ് മീറ്റിലെ പങ്കാളിത്തം എന്നിവയും മന്ത്രിസഭ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.