അൽ ഫാതിഹ് ഹൈവേ നവീകരണപദ്ധതി മന്ത്രാലയ സംഘം വിലയിരുത്തി
text_fieldsമനാമ: അൽ ഫാതിഹ് മേൽപാല നിർമാണം നടക്കുന്ന പ്രദേശം പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ റോഡ്സ് കാര്യ അസി. അണ്ടർ സെക്രട്ടറി കാദിം അബ്ദുല്ലത്തീഫ് അടങ്ങുന്ന സംഘം സന്ദർശിച്ച് നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി.
മേൽപാല നിർമാണത്തിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾ പൂർത്തിയായതായി കോൺട്രാക്ടിങ് കമ്പനി പ്രതിനിധികൾ അറിയിച്ചു. നടപ്പുവർഷം അവസാനത്തോടെ യൂ ടേണിനുള്ള മേൽപാലം പദ്ധതി പൂർത്തിയാവുകയും ജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്യാമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറ്റൊരു ഭാഗത്തേക്കുള്ള മേൽപാലം 2023 ഒന്നാം പാദത്തിൽ പൂർത്തിയാവുമെന്നും പ്രതീക്ഷിക്കുന്നു. അണ്ടർ പാസേജ് നിർമിക്കാനുള്ള അടിസ്ഥാന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ശൈഖ് ഹമദ് കോസ്വേ മുതൽ മിന സൽമാൻ വരെയുള്ള റോഡിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. രണ്ടു ഭാഗത്തേക്കുമുള്ള ഗതാഗതം സുഗമമാക്കാൻ പദ്ധതി വഴി സാധിക്കും. ജുഫൈർ സിഗ്നൽ, ഗൾഫ് ഹോട്ടൽ സിഗ്നൽ എന്നിവയിലൂടെ കടന്നുപോകുന്ന പാത ഇരുഭാഗത്തും നാല് വരി വീതമാക്കും. ഗൾഫ് ഹോട്ടലിന് സമീപം 595 മീറ്റർ നീളത്തിൽ മൂന്നുവരിയുള്ള അണ്ടർ പാസേജും നിർമിക്കും. മനാമയിൽനിന്ന് വരുന്നവർക്ക് തടസ്സമേതുമില്ലാതെ പോകുന്നതിന് അൽ ഫാതിഹ് സിഗ്നലിന് സമീപമുള്ള സിഗ്നൽ ഒഴിവാക്കും. വടക്കോട്ട് പോകാനായി അൽ ഫാതിഹ് കോർണിഷ് പ്രവേശന ഭാഗത്ത് റിവേഴ്സ് സർക്കുലേഷനായി രണ്ട് വരികളുള്ള മേൽപാലം നിർമിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.