പാണക്കാട് കുടുംബത്തിനെതിരെയുള്ള നീക്കം അപലപനീയം -കെ.എം.സി.സി
text_fieldsമനാമ: കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിൽ രാഷ്ട്രീയത്തോടൊപ്പം സമസ്തയുടെ മുൻനിര നേതാക്കളായി നിന്നുകൊണ്ട് പ്രവർത്തിച്ച പാരമ്പര്യമാണ് പാണക്കാട് കുടുംബത്തിനുള്ളതെന്നും പാണക്കാട് കുടുംബത്തിനെതിരെയുള്ള നീക്കം അപലപനീയമാണെന്നും കെ.എം.സി.സി. എല്ലാ കാലത്തും സമസ്തയും പാണക്കാട് കുടുംബവും ഉമറാക്കളും ഉലമാക്കളും ഒരുമിച്ചുനിന്നതിനാലാണ് സമുദായത്തിന് വിദ്യാഭ്യാസ സാമൂഹിക മേഖലയിൽ ഉന്നതിയിലെത്താൻ കഴിഞ്ഞത്.
ഇത്തരം മുന്നേറ്റങ്ങൾക്ക് തടസ്സമുണ്ടാകുന്ന ഒരു നീക്കവും ഉണ്ടാകാൻ പാടില്ല. പാണക്കാട് കുടുംബത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമങ്ങൾ ഏത് ഭാഗത്തുനിന്നാണെങ്കിലും ഖേദകരമാണ്. അത്തരം നീക്കങ്ങൾ സമൂഹത്തിൽ വലിയ ഛിദ്രത ഉണ്ടാക്കുമെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്.
കൊടപ്പനക്കൽ തറവാടിന്റെ പാരമ്പര്യ പൈതൃകങ്ങളെ ചോദ്യംചെയ്യാൻ ആവാത്ത വിധം സമൂഹ മനസ്സിൽ ഇടം നേടിയതാണ്. അതുകൊണ്ടുതന്നെ സമസ്തയുടെയും പാണക്കാട് കുടുംബത്തിന്റെയും ഇടയിൽ ഛിദ്രത ഉണ്ടാക്കാൻ ശ്രമിക്കുന്ന മുക്കം ഉമർ ഫൈസി പോലെയുള്ള പണ്ഡിതന്മാരുടെ പ്രസംഗങ്ങളും പ്രസ്താവനകളും ഒരു തരത്തിലും അനുവദിക്കാൻ കഴിയാത്തതാണെന്നും ഇത്തരം നീക്കങ്ങളെ ശക്തമായി അപലപിക്കുന്നതോടൊപ്പം ഇത്തരക്കാർ വിവാദങ്ങളിൽനിന്നും മാറി നിൽക്കാൻ തയാറാകണമെന്നും കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല പ്രവർത്തക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വർത്തമാനകാലത്ത് സമുദായ ഐക്യം അനിവാര്യമാണെന്നും ഭിന്നിപ്പുണ്ടാക്കുന്ന ഒരു പ്രവർത്തനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ അധ്യക്ഷത വഹിച്ചു. സീനിയർ നേതാവ് റസാഖ് മൂഴിക്കൽ ഉദ്ഘാടനം ചെയ്തു.
ഫൈസൽ കണ്ടീതാഴ (സംസ്ഥാന സെക്രട്ടറി), അഷ്റഫ് കാട്ടിൽപീടിക (സംസ്ഥാന സെക്രട്ടറി), ഷരീഫ് വില്യാപ്പള്ളി, ജില്ല ഭാരവാഹികളായ കെ.കെ. സുബൈർ, നസീം പേരാമ്പ്ര, അശ്റഫ് തോടന്നൂർ, മുഹമ്മദ് ഷാഫി വേളം, മൊയ്തീൻ പേരാമ്പ്ര, മുനീർ ഒഞ്ചിയം, മുഹമ്മദ് സിനാൻ, റഷീദ് വാല്യക്കോട്, സി.എം. അബ്ദുല്ല മാസ്റ്റർ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് സ്വാഗതവും സെക്രട്ടറി ലത്തീഫ് വരിക്കോളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.