ബഹ്റൈനിൽ പ്രവാസി തൊഴിലാളികളുടെ എണ്ണം കൂടി; നാട്ടിലേക്ക് പണമയക്കുന്നത് കുറഞ്ഞു
text_fieldsമനാമ: ബഹ്റൈനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം കൂടിയെങ്കിലും ഇവിടെ നിന്ന് പുറത്തേക്ക് അയക്കുന്ന പണമിടപാടുകൾ കുറഞ്ഞതായി കണക്കുകൾ. ബഹ്റൈൻ സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം 2024ലെ ആദ്യ മൂന്ന് മാസങ്ങളിൽ 2.1 ശതമാനം ഇടിവാണ് പണമയക്കുന്നതിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 235.6 ദശലക്ഷം ബഹ്റൈൻ ദീനാറാണ് അയച്ചതെങ്കിൽ ഈ വർഷം അത് 230.7 ദശലക്ഷം ദീനാറായി കുറഞ്ഞു.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽ.എം.ആർ.എ) കണക്കുകൾ പ്രകാരം 2023 ഡിസംബർ അവസാനത്തോടെ ബഹ്റൈനിലെ വിദേശ തൊഴിലാളികളുടെ എണ്ണം 6.161 ലക്ഷമാണ്. ഏകദേശം 5.8 ശതമാനം വർധനവാണ് ഓരോ വർഷവും വിദേശതൊഴിലാളികളുടെ എണ്ണത്തിൽ ബഹ്റൈനിലുണ്ടാകുന്നത്.
2023ലെ അവസാന പാദത്തിൽ വിദേശ തൊഴിലാളികൾക്കായി എൽ.എം.ആർ.എ 45,000 പുതിയ തൊഴിൽ ലൈസൻസുകൾ നൽകി. 2022ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 12.2 ശതമാനം ആണ് പുതിയ തൊഴിൽ ലൈസൻസുകളുടെ എണ്ണത്തിലെ വർധന.
തൊഴിലാളികളുടെ എണ്ണം കൂടിയിട്ടും പണമയക്കൽ കുറയുന്നതിന് പല കാരണങ്ങളുണ്ടാകാമെന്ന് കരുതുന്നു. പണം ഇവിടെത്തന്നെ ചെലവഴിക്കപ്പെടുന്നത് ഒരു കാരണമായിരിക്കും. ജീവിതചെലവുകൾ വർധിച്ചത് മറ്റൊരു കാരണമാണ്.
നാട്ടിൽ നിക്ഷേപിക്കുന്നതിലെ വിമുഖതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിർമാണ രംഗത്താണ് രാജ്യത്ത് ഏറ്റവുമധികം വിദേശികൾ ജോലി ചെയ്തുവരുന്നത്. ആകെ വിദേശ തൊഴിലാളികളുടെ കാൽഭാഗവും ഈ മേഖലയിലാണ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.