എൽ.എം.ആർ.എയിൽ രജിസ്റ്റർ ചെയ്ത വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ വർധന
text_fieldsമനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽ.എം.ആർ.എ) സ്പെഷലൈസ്ഡ് സെന്ററുകളിൽ രജിസ്റ്റർ ചെയ്ത വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ വർധന. ഈ വർഷം ആദ്യ പകുതിയിൽ പ്രവാസി തൊഴിലാളികളിൽനിന്ന് 24,820 അപേക്ഷകൾ ലഭിച്ചതായി പാർലമെന്ററി കമ്മിറ്റിക്ക് നൽകിയ മറുപടിയിൽ എൽ.എം.ആർ.എ അറിയിച്ചു. ഇതിൽ 19,442 അപേക്ഷകൾ അംഗീകരിച്ചു. ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ അപേക്ഷകളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായി. ആദ്യ പാദത്തിൽ 2426 അപേക്ഷകൾ ലഭിച്ചപ്പോൾ രണ്ടാം പാദത്തിൽ 22,394 അപേക്ഷകൾ ലഭിച്ചു. ആദ്യ പാദത്തിൽ 375 അപേക്ഷകൾ അംഗീകരിക്കപ്പെട്ടപ്പോൾ രണ്ടാം പാദത്തിൽ അംഗീകരിക്കപ്പെട്ടവയുടെ എണ്ണം 19,067 ആയി. ബഹ്റൈനിൽ താമസിക്കുകയും ഫ്ലെക്സി പെർമിറ്റ് കൈവശം വെക്കുകയും ചെയ്യുന്ന പ്രവാസി തൊഴിലാളികളെ ക്രമപ്പെടുത്തുക എന്ന ലക്ഷ്യംവെച്ചാണ് കഴിഞ്ഞ ഡിസംബറിൽ തൊഴിലാളികളുടെ രജിസ്ട്രേഷൻ സംവിധാനം ആരംഭിച്ചത്. ഇത് വിപണിയെ സുസ്ഥിരമാക്കാനും അനധികൃത തൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികവുമായ പ്രതികൂല ഫലങ്ങൾ പരിമിതപ്പെടുത്താനും സഹായിച്ചതായി എൽ.എം.ആർ.എ അറിയിച്ചു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ പുതിയ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള അപേക്ഷകളിൽ ഗണ്യമായ കുറവുണ്ടായതായി എൽ.എം.ആർ.എയുടെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. ഈ വർഷം പുതിയ തൊഴിലാളികളുടെ 90,899 അപേക്ഷകളാണ് ലഭിച്ചത്. 2022 രണ്ടാം പകുതിയിൽ ഇത് 1,14,097 ആയിരുന്നു. വീട്ടുജോലിക്കാർക്കുള്ള അപേക്ഷകളും ഈ വർഷം ആദ്യ പകുതിയിൽ കുറഞ്ഞു. 12,294 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ ഇത് 17,653 ആയിരുന്നു. ഫ്ലെക്സി വിസയിലുള്ള പ്രവാസികളും സാധുതയുള്ള വർക്ക് പെർമിറ്റ് ഇല്ലാത്തവരും എൽ.എം.ആർ.എ പ്രത്യേക കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യണം. സന്ദർശന വിസയിൽ വരുന്നവരുടെ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് എൽ.എം.ആർ.എ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.