വീട്ടുജോലിക്കാരുടെ ഒളിച്ചോട്ടം; പിന്നിൽ സംഘടിത മാഫിയയെന്ന് എം.പിമാർ
text_fieldsമനാമ: വീട്ടുജോലിക്കാരുടെ ഒളിച്ചോട്ടത്തിന് പിന്നിൽ സംഘടിത മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് പാർലമെന്റിൽ നടന്ന ചർച്ചയിൽ എം.പിമാർ കുറ്റപ്പെടുത്തി. തുടർച്ചയായ ഒളിച്ചോട്ടം കാരണം നൂറുകണക്കിന് ബഹ്റൈൻ കുടുംബങ്ങൾക്ക് പ്രതിവർഷം ആയിരക്കണക്കിനു ദീനാറിന്റെ നഷ്ടം സംഭവിക്കുന്നുവെന്നും എം.പിമാർ ചൂണ്ടിക്കാട്ടി. ഗാർഹിക തൊഴിലാളികൾ രക്ഷപ്പെടുന്ന 4000ത്തിലധികം കേസുകളുണ്ടെന്ന് എം.പി. അബ്ദുല്ല അൽ തവാദി പറഞ്ഞു. നിയമത്തോടുള്ള നിസ്സംഗതയും പ്രത്യാഘാതങ്ങളെക്കുറിച്ച് ഗാർഹിക തൊഴിലാളികൾക്ക് വേണ്ടത്ര അറിവില്ലാത്തതും ഇതിനു കാരണമാണ്. അതിനാൽ, വിദേശത്തുനിന്ന് വരുന്ന തൊഴിലാളികൾക്ക് രാജ്യത്തെ നിയമങ്ങളെക്കുറിച്ചും രീതികളെക്കുറിച്ചും പൂർണമായ അവബോധം ആവശ്യമാണ്. ഗാർഹിക തൊഴിലാളികൾ വിദേശരാജ്യങ്ങളുടെ എംബസികളെ സമീപിച്ച് പരാതികൾ ഉന്നയിക്കുമ്പോൾ കുറ്റം തൊഴിലാളികളുടെ ഭാഗത്താണെങ്കിലും അവരുടെ തിരിച്ചുപോക്കിനുള്ള ചെലവ് സ്വദേശികൾ വഹിക്കേണ്ടി വരുന്നു.
കരാർ കാലാവധി അവസാനിക്കുന്നതിന് മുമ്പു തന്നെ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന ഗാർഹിക തൊഴിലാളികളുണ്ട്. പുതിയ തൊഴിലാളിയെ കിട്ടണമെങ്കിൽ 1500 ദീനാറെങ്കിലും ബഹ്റൈനി കുടുംബം ചെവഴിക്കേണ്ട സ്ഥിതിയാണ്. തൊഴിലാളികളുടെ ഒളിച്ചോട്ടം കാരണം പ്രശ്നങ്ങൾ അനുഭവിക്കുന്നത് സ്വദേശി കുടുംബങ്ങളാണെന്ന് എം.പി ബാസിം അൽ മാലികി പറഞ്ഞു. വിദേശ എംബസികൾ തങ്ങളുടെ തൊഴിലാളികൾക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. എൽ.എം.ആർ.എയുടെ ഭാഗത്തുനിന്നും പൗരന്മാർക്ക് നീതി ലഭിക്കുന്നില്ല. ബഹ്റൈനിൽ എത്തിച്ച് മാസങ്ങൾക്കകം വീട്ടു ജോലിക്കാർ ഒളിച്ചോടുന്നതിനാൽ പുതിയ ജോലിക്കാരിയെ കൊണ്ടുവരാൻ ഭീമമായ തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. ചില രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികൾക്കുവേണ്ടി 2000 ദീനാർ വരെ നൽകേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടു വർഷത്തിനിടെ 3400 വീട്ടുജോലിക്കാർ ഒളിച്ചോടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളെ ഒളിച്ചോടാൻ പ്രേരിപ്പിക്കുന്നതിന് സംഘടിത ശ്രമമുണ്ടെന്നുവേണം ഇതിൽനിന്ന് മനസ്സിലാക്കാൻ. ഗാർഹിക തൊഴിലാളികളെ അനധികൃതമായി കടത്തുന്നതിന് പ്രവർത്തിക്കുന്ന സംഘടിത മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് എം.പി ഹിഷാം അൽ അഷേറിയും ചൂണ്ടിക്കാട്ടി. ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.