ഫലസ്തീൻ പ്രശ്നം പരിഹരിക്കണം -ഹമദ് രാജാവ്
text_fieldsമനാമ: ചൈന-അറബ് സ്റ്റേറ്റ് കോഓപറേഷൻ ഫോറത്തിന്റെ പത്താം മന്ത്രിതല യോഗത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഹമദ് രാജാവ് പങ്കെടുത്തു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ, ഫോറത്തിൽ പങ്കെടുത്ത അറബ് നേതാക്കളെ പ്രസിഡന്റ് ജിൻപിങ് സ്വാഗതം ചെയ്യുകയും ചൈനീസ്-അറബ് ബന്ധം കൂടുതൽ വികസിപ്പിക്കാനുള്ള ചൈനയുടെ പ്രതിജ്ഞാബദ്ധത ഊന്നിപ്പറയുകയും ചെയ്തു.
ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ഫലസ്തീൻ ജനതയുടെ അവകാശം സംരക്ഷിക്കാനായി അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിക്കണമെന്ന് ഹമദ് രാജാവ് ആവശ്യപ്പെട്ടു. ഈ സമ്മേളനത്തിന് ബഹ്റൈൻ ആതിഥേയത്വം വഹിക്കാൻ സന്നദ്ധമാണ്. ഗസ്സ മുനമ്പിലെ വിനാശകരമായ യുദ്ധം അവസാനിപ്പിക്കാനും സിവിലിയന്മാർക്ക് മാനുഷിക സഹായമെത്തിക്കാനും അന്താരാഷ്ട്രസമൂഹം അനുശാസിക്കുന്ന മാന്യമായ ജീവിതത്തിനുള്ള അവരുടെ അവകാശം സംരക്ഷിക്കാനും അടിയന്തര നടപടികൾ വേണം.
ഹമദ് രാജാവിനെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് സ്വീകരിക്കുന്നു
ഫലസ്തീന് സമ്പൂർണ അന്താരാഷ്ട്ര അംഗീകാരത്തിനും ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വം നൽകുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കണം. അറബ് സമ്മേളനം ഇക്കാര്യത്തിൽ ഉറച്ച തീരുമാനമെടുത്തിരുന്നു. ഇക്കാര്യത്തിലുള്ള ചൈനയുടെ ശ്രമങ്ങളെ വളരെയധികം മതിപ്പോടുകൂടിയാണ് കാണുന്നത്.
അറബ്-ചൈനീസ് ബന്ധം ശക്തിപ്പെടുത്തുന്നതിന് സമ്മേളനം ഇടവരുത്തും. നിക്ഷേപം, തൊഴിലവസരങ്ങൾ,സാമ്പത്തിക സാങ്കേതിക വിദ്യ, ഡിജിറ്റൽ പരിവർത്തനം എന്നിവയിൽ സഹകരണം വർധിപ്പിക്കുന്നതിനും സമ്മേളനം കാരണമാകുമെന്നും ഹമദ് രാജാവ് പറഞ്ഞു. വിവിധ അറബ് രാഷ്ട്ര നേതാക്കളും സംസാരിച്ചു. ഉദ്ഘാടന ചടങ്ങിൽ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ബഹ്റൈനും ചൈനക്കുമിടയിലുള്ള വ്യാപാര, സാമ്പത്തിക, നിക്ഷേപ സഹകരണം ശക്തമാക്കുന്നതു സംബന്ധിച്ച ചർച്ചകളും സമ്മേളനത്തോടനുബന്ധിച്ച് നടക്കും. വിവിധ നേതാക്കളുമായി ഉന്നതതല യോഗങ്ങളും ചർച്ചകളും സന്ദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.