പാർക്കിങ് പ്രശ്നത്തിന് പരിഹാരമായേക്കും; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാർ പാർക്കുകളാക്കാൻ പദ്ധതി
text_fieldsമനാമ: രാജ്യത്തെ പാർക്കിങ് പ്രശ്നം അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ പരിഹാരമുണ്ടാക്കാൻ ശ്രമം. പാർക്കിങ് പ്രശ്നത്തിന് പരിഹാരമായി തിരക്കേറിയ പ്രദേശങ്ങളിലെ ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാർ പാർക്കുകളായി മാറ്റാനുള്ള പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്.
സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിലംഗമായ എം.പി ബസ്മ മുബാറക്ക് അവതരിപ്പിച്ച പദ്ധതി ജനപ്രതിനിധി കൗൺസിൽ ഏകകണ്ഠമായി പാസാക്കി. കാറുകളുടെ എണ്ണം അനുദിനം വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വരും വർഷങ്ങളിൽ അതു വീണ്ടും ഉയരും.
ഇപ്പോൾ തന്നെ പാർക്കിങ് പ്രശ്നം അതിരൂക്ഷമാണ്. പാർക്കിങ് സ്ഥലത്തെചൊല്ലി അയൽക്കാർ തമ്മിൽ വാഗ്വാദമുണ്ടാകുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് എം.പി നിർദേശം മുന്നോട്ടുവെച്ചത്. നിലവിലുള്ള പാർക്കിങ് ഇടങ്ങളുടെ വ്യാപ്തി വർധിപ്പിക്കുക, ഒറ്റനില പാർക്കിങ് ഇടങ്ങൾ ബഹുനിലയാക്കി മാറ്റുക എന്നീ നിർദേശങ്ങളും എം.പി മുന്നോട്ടുവെച്ചിരുന്നു.
ഉപയോഗിക്കാതെ കിടക്കുന്ന പ്ലോട്ടുകൾ, കാർ പാർക്കുകളായി മാറ്റാനുള്ള നിർദേശത്തെ എല്ലാവരും സ്വീകരിക്കുകയായിരുന്നു. പദ്ധതി നടപ്പാക്കുമ്പോൾ ഓരോ പ്രദേശത്തെയും താമസക്കാർക്ക് മുൻഗണന ലഭിക്കും. എം.പിമാരായ അബ്ദുൽഹക്കീം അൽഷാനോ, അലി സഖർ, ജമീൽ മുല്ല ഹസൻ, അഹമ്മദ് അൽസലൂം എന്നിവരും ബസ്മ മുബാറക്കിന്റെ നിർദേശം ഉടനടി നടപ്പാക്കണമെന്ന അഭിപ്രായക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.