'ജനവിരുദ്ധ സർക്കാറിനെതിരെ ജനം വിധിയെഴുതും'
text_fieldsനമ്മുടെ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വിളിപ്പാട് അകലെ എത്തി നിൽക്കുന്നു. എല്ലാ രാഷ്ട്രീയ കക്ഷികളുടെയും താഴേതട്ടിൽ പ്രവർത്തിക്കുന്ന നേതാക്കൾക്ക് ജനപ്രതിനിധിയാവാനുള്ള അവസരത്തെ ഉത്സവപ്രതീതിയോടെയാണ് ജനങ്ങൾ സ്വീകരിക്കുന്നത്. നിർഭാഗ്യകരം എന്നു പറയട്ടെ, കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റി ഉൾപ്പെടെ ചില പഞ്ചായത്തുകളിൽ ഇന്ത്യൻ ജനാധിപത്യത്തിെൻറ അടിസ്ഥാന തത്ത്വങ്ങളെ ബലികഴിക്കുന്ന രീതിയിൽ മസിൽപവറും മറ്റു സ്വാധീനങ്ങളും ഉപയോഗിച്ച് എതിരാളികൾക്ക് മത്സരിക്കുന്നതിന് അവസരംപോലും നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. എതിരാളികളെ നിശ്ശബ്ദരാക്കി ജയിക്കുേമ്പാഴല്ല മറിച്ച്, മത്സരിച്ച് ഒന്നാം സ്ഥാനത്ത് എത്തുേമ്പാഴാണ് ഇന്ത്യൻ ജനാധിപത്യം മഹത്തരമാകുന്നത്.
കഴിഞ്ഞ നാലരവർഷക്കാലം സംസ്ഥാനം ഭരിച്ച ഇടതുപക്ഷ മുന്നണിയുടെ അഴിമതിക്കും ദുർഭരണത്തിനും എതിരെ ജനം വിധിയെഴുതും എന്ന കാര്യത്തിൽ സംശയമില്ല. രണ്ടു മഹാ പ്രളയങ്ങളെയും കോവിഡിനെയും നേരിട്ടാണ് നമ്മൾ മുന്നോട്ട് പോകുന്നത്. ഇങ്ങനെയുള്ള മഹാമാരികളെ നേരിടുവാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ഒരുവിധ സാമ്പത്തികസഹായവും ചെയ്തു കൊടുത്തിട്ടില്ല. പകരം പഞ്ചായത്തിെൻറ തനത് ഫണ്ടിൽ നിന്നോ അല്ലെങ്കിൽ ഗ്രാമസഭകൾ ശിപാർശ ചെയ്ത് പ്ലാനിങ് ബോർഡ് അംഗീകരിച്ച ഏതെങ്കിലും പദ്ധതി ഉപേക്ഷിച്ചുകൊണ്ട് ആ ഫണ്ടോ വിനിയോഗിക്കാനാണ് നിർദേശിച്ചത്. കേരളത്തിലെ ബഹുഭൂരിപക്ഷം പഞ്ചായത്തുകളും തനത് ഫണ്ട് ഉപയോഗിച്ച് ദൈനംദിന ചെലവുകൾ നടത്താൻ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസരത്തിലാണ് ഇങ്ങനെയുള്ള മറ്റു ചെലവുകൾക്ക് ഫണ്ട് കണ്ടെത്തേണ്ടത്.
പഞ്ചായത്തിെൻറ തനത് ഫണ്ട് എന്നു പറയുന്നത് വീട്ടു നികുതി അടക്കമുള്ള കെട്ടിടനികുതികൾ, തൊഴിൽ കരം, മറ്റു കമ്യൂണിറ്റി ഹാളുകൾ, തിയറ്ററുകൾ എന്നിവിടങ്ങളിൽനിന്നുള്ള വിനോദനികുതി, പൊതു മാർക്കറ്റുകളിൽനിന്നുള്ള നികുതി എന്നിവയാണ്. ഈ തനത് ഫണ്ട് ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർക്ക് ശമ്പളം, പഞ്ചായത്ത് പ്രസിഡൻറിനും മറ്റു അംഗങ്ങൾക്കുള്ള ഒാണറേറിയം, സ്ട്രീറ്റ് ലൈറ്റ്, പൊതുടാപ്പിെൻറ വെള്ളക്കരം തുടങ്ങി ദൈനംദിന ചെലവുകൾക്ക് തുക കണ്ടെത്തേണ്ടത്. ഇതിനുപോലും പ്രയാസപ്പെടുന്ന പഞ്ചായത്തുകൾക്ക് മുകളിലാണ് പ്രളയകാലത്തും കോവിഡ് കാലത്തും വളരെ വലിയ സാമ്പത്തികബാധ്യത സംസ്ഥാന സർക്കാർ ഏൽപിച്ചുകൊടുത്തത്. കമ്യൂണിറ്റി കിച്ചൻ, ക്വാറൻറീൻ സെൻറർ എന്നിവ പ്രഖ്യാപിച്ച സർക്കാർ അതിനു വേണ്ട ഫണ്ടുകൾ കൊടുക്കാത്തതുകൊണ്ടാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ടരലക്ഷം ബെഡുകൾ ലഭ്യമാകാതെ പോയത്. ഇതു മൂലമാണ് പ്രവാസികൾ തിരികെ എത്താതിരിക്കാൻ പ്രവാസികൾ എല്ലാം കൊറോണവാഹകരാണ് എന്ന് ഭരണകർത്താക്കൾ പ്രഖ്യാപിച്ചത്.
കോവിഡ് കാലത്ത് പ്രവാസികളെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ച കേന്ദ്ര - സംസ്ഥാന സർക്കാറുകൾക്കെതിരെ വിധി എഴുതാൻ എല്ലാ പ്രവാസി കുടുംബങ്ങളും തയാറെടുത്തുകഴിഞ്ഞു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5000 രൂപപോലും ലഭിക്കാത്ത അനേകം പ്രവാസികൾ ഇപ്പോഴും ഉണ്ട് എന്നത് സർക്കാറിന് പ്രവാസികളോടുള്ള അവഗണനയാണ് വെളിപ്പെടുത്തുന്നത്. നോർക്ക അപേക്ഷ ക്ഷണിച്ചുകൊണ്ട്, അന്വേഷണം നടത്തി യഥാർഥ ഗുണഭോക്താക്കൾക്ക് എത്തിച്ചു കൊടുക്കാൻ ആ പട്ടികയും പണവും ഗ്രാമപഞ്ചായത്തുകൾക്കും മുനിസിപ്പലിറ്റികൾക്കും കോർപറേഷനുകൾക്കും നൽകിയിരുന്നെങ്കിൽ പൂർണമായും എല്ലാവർക്കും ലഭിക്കുമായിരുന്നു.
അഴിമതിയിൽ മുങ്ങിക്കുളിച്ച ഒരു സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്. നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയത് മുതൽ പാവപ്പെട്ട ആളുകൾക്ക് ഭവനം നിർമിച്ചുകൊടുക്കുന്ന ലൈഫ് പദ്ധതിയിൽപോലും ക്രമക്കേട് നടത്തിയതുൾപ്പെടെ ആരോപണങ്ങൾ ഏറെയാണ്.
സ്പ്രിൻക്ലർ, ബ്രൂവറി, പമ്പയിലെ മണൽ കള്ളക്കടത്ത് തുടങ്ങി നിരവധി ആരോപണങ്ങൾ നേരിടുന്ന സർക്കാർ ഏറ്റവും അവസാനം കിഫ്ബിയുടെ പേരിൽ നടത്തിയ ഭരണ ദുർവിനിയോഗവും പുറത്തായി. നമ്മുടെ രാജ്യത്തു തന്നെ ഏഴോ, ഏഴരയോ, എട്ടോ ശതമാനം പലിശക്ക് പണം കടം കിട്ടുന്ന അവസരം ഉണ്ടായപ്പോൾ വിദേശത്തു നിന്ന് പത്തു ശതമാനത്തോട് അടുത്ത പലിശക്ക് പണം കടമെടുക്കുന്നത് വരാനിരിക്കുന്ന എല്ലാ സർക്കാറുകളെയും ബാധിക്കും.
ത്രിതല പഞ്ചായത്തുകൾക്ക് അധികാരവും പണവും കൈ മാറി എന്ന് നമ്മൾ പറയുമ്പോഴും ഗ്രാമസഭകൾ കൂടി ശിപാർശ ചെയ്യുന്ന പദ്ധതികൾ പൂർത്തിയാക്കാൻ സർക്കാർ സമ്മതിക്കുന്നില്ല. കഴിഞ്ഞ നാല് വർഷക്കാലമായി പ്ലാൻ ഫണ്ടിെൻറ അവസാന ഗഡു പഞ്ചായത്തുകൾക്ക് ലഭിക്കുന്നില്ല. ഓരോ വർഷവും 25 ശതമാനത്തോളം പ്ലാൻ ഫണ്ട് പഞ്ചായത്തുകൾക്ക് നഷ്ടപ്പെടുത്തുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.
ഈ അവസ്ഥ മാറി പൂർണമായും മഹാത്മജി വിഭാവനംചെയ്ത ഗ്രാമസ്വരാജും രാജീവ് ഗാന്ധി സ്വപ്നം കണ്ട ഗ്രാമങ്ങളുടെ സ്വയംഭരണവും യാഥാർഥ്യമാക്കാൻ യു.ഡി.എഫ് വിജയിക്കേണ്ടത് അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.