നാടിെൻറ വികസനത്തിന് തുടരണം ജനകീയ സർക്കാർ
text_fieldsബിനു കരുണാകരൻ
ഒരു പുതിയ സർക്കാറിനെ തെരഞ്ഞെടുക്കുന്ന വേളയിൽ നിലവിലുള്ള സർക്കാറിെൻറ പ്രവർത്തനങ്ങൾ അതിനുമുമ്പുള്ള സർക്കാറിെൻറ പ്രവർത്തനവുമായി വിലയിരുത്തി തന്നെയായിരിക്കും ജനങ്ങൾ വോട്ടു ചെയ്യുന്നത്. സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കഴിഞ്ഞ അഞ്ചുവർഷം നടത്തിയത്.
ഒരു നാടിെൻറ വികസനം ഉപരിവർഗത്തിന് മാത്രമുള്ളതല്ല അടിസ്ഥാന വർഗത്തിനും കൂടി പ്രയോജനപ്പെടേണ്ടതാണെന്ന ഇടതുപക്ഷ കാഴ്ചപ്പാടിൽ ഊന്നിക്കൊണ്ട് കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തിലെ എല്ലാ മേഖലകളിലും ഉണർവ് ഉണ്ടാക്കുന്ന നടപടികളും പ്രവർത്തനങ്ങളുമാണ് നടത്തിയത്. പ്രളയം, നിപ, കോവിഡ് തുടങ്ങിയ ദുരന്തങ്ങൾ അനുഭവിക്കേണ്ടി വന്നപ്പോഴും പാർശ്വഫലങ്ങൾ ലഘൂകരിച്ച് എല്ലാവിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച് കൊണ്ടുപോകാൻ കഴിഞ്ഞു എന്നത് തന്നെയായിരിക്കും ചരിത്രം ഈ സർക്കാറിെൻറ ഏറ്റവും നല്ല പ്രവർത്തനമായി രേഖപ്പെടുത്തുന്നത്.
സ്ത്രീ ശാക്തീകരണം, ട്രാൻസ്ജെൻഡറുകൾക്ക് ജോലി, മത്സ്യ തൊഴിലാളികൾക്ക് സഹായങ്ങൾ, ഭിന്നശേഷിക്കാരോടും അന്യദേശക്കാരോടുമുള്ള കരുതൽ, കൃഷിക്കാർക്കുള്ള സഹായങ്ങൾ അങ്ങനെ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളേയും ഉൾക്കൊണ്ടുകൊണ്ടുള്ള നടപടികളാണ് ഈ സർക്കാർ ചെയ്തത്.
ജനങ്ങളുടെ ക്ഷേമം പ്രധാനം
ഒരു വീടെന്നുള്ളത് മലയാളികളുടെ സ്വപ്നമാണ്. ജീവിത സാഹചര്യങ്ങളും പ്രയാസങ്ങളും കൊണ്ട് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പലർക്കും കഴിയാറില്ല. അത്തരം രണ്ടരലക്ഷം ആൾക്കാർക്കാണ് ലൈഫ് മിഷൻ പദ്ധതിയിലൂടെയും മറ്റും അടച്ചുറപ്പുള്ള വീട് നിർമിച്ച് നൽകിയത്.കഴിഞ്ഞ സർക്കാർ ഉപേക്ഷിച്ച ഗെയിൽ ഗ്യാസ് പൈപ്പ് ലൈനും 13 വർഷമായി മുടങ്ങിക്കിടന്ന ഇടമൺ കൊച്ചി പവർ ഹൈവേയും സമയബന്ധിതമായി പൂർത്തീകരിക്കാൻ സർക്കാറിന് കഴിഞ്ഞു.
സർക്കാർ സ്കൂളുകളെ മുഴുവൻ മികവിെൻറ കേന്ദ്രങ്ങളാക്കി സാധാരണക്കാരെൻറ കുട്ടികൾക്കും മികച്ച സൗകര്യങ്ങളിൽ പഠിക്കാനുള്ള അവസരം സൃഷ്ടിച്ചു. ഓണപ്പരീക്ഷയായിട്ടും പാഠപുസ്തകങ്ങൾ കിട്ടാതിരുന്ന അവസ്ഥയിൽനിന്ന് സ്കൂൾ തുറക്കുന്നതിനു മുമ്പു തന്നെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്ന അവസ്ഥയിലേക്ക് സ്കൂളുകൾ എത്തിച്ചേർന്നു. ഓരോ സ്കൂളിലും കുറഞ്ഞത് ഒരു ഹൈടെക് ക്ലാസ്റൂം, ഉയർന്ന ക്ലസുകളിലേക്ക് പോകുന്നവർക്ക് സൗജന്യ ലാപ്ടോപ് തുടങ്ങി വിപ്ലവകരമായ ഒട്ടനവധി കാര്യങ്ങൾ ഈ സർക്കാർ നടപ്പാക്കി.
സർക്കാർ ആശുപത്രികൾ എന്നുപറഞ്ഞാൽ ആരും തിരിഞ്ഞുപോലും നോക്കാത്ത അവസ്ഥയിൽനിന്ന് സ്വകാര്യ ആശുപത്രിയിൽ പോകേണ്ട സർക്കാർ ആശുപത്രിയിൽ പോകാമെന്നു പറയുന്ന അവസ്ഥയിലേക്ക് ജനങ്ങളെ നയിച്ച വികസന പ്രവർത്തനങ്ങളാണ് നടന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ പുനരുദ്ധരിച്ച് ഡോക്ടർമാരുടെ മുഴുവൻ സമയ ചികിത്സ ഉറപ്പുവരുത്തി.
നാമമാത്രമായ ഫീസ് മാത്രം വാങ്ങി സാധാരണക്കാരായ ആളുകളുടെ ചികിത്സക്ക് പ്രഥമ പരിഗണന ഈ സർക്കാർ നൽകി. പുതിയ ഡയാലിസിസ് സെൻററുകൾ, കാൻസർ സെൻററുകൾ തുടങ്ങിയവ കൊണ്ടുവന്ന് സ്വകാര്യ ആശുപത്രികൾ സാധാരണക്കാരെ പിഴിയുന്നത് ഒഴിവാക്കി.നിപ മുതൽ കോവിഡ് വരെയുള്ള മഹാമാരികളെ ഏറ്റവും മികച്ച രീതിയിൽ തന്നെ പ്രതിരോധിച്ച് ലോകത്തിനു തന്നെ മാതൃകയാകാൻ ഈ സർക്കാറിന് കഴിഞ്ഞു.
ഏറ്റവും കൂടുതൽ അഴിമതി നടമാടുന്ന ഒരു വകുപ്പായിരുന്നു പൊതുമരാമത്ത്. പഞ്ചവടിപ്പാലം സിനിമയിലെ പോലെ കുപ്രസിദ്ധമായ പാലാരിവട്ടം പാലം ഇതിെൻറ പ്രത്യക്ഷ ഉദാഹരണമാണ്. അഴിമതി ഇല്ലാതാക്കുക മാത്രമല്ല പ്രളയത്തിൽ തകർന്ന റോഡുകൾ ഉന്നത നിലവാരത്തിൽ സമയബന്ധിതമായി പൂർത്തീകരിക്കാൻകൂടി ഈ സർക്കാറിന് കഴിഞ്ഞു.പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുക, അവശത അനുഭവിക്കുന്നവർക്ക് റേഷൻ എത്തിക്കുക എന്ന ഇടതുപക്ഷ നയം നല്ലരീതിയിൽ നടപ്പാക്കി.പ്രളയം, കോവിഡ് തുടങ്ങിയ ദുർഘട ഘട്ടത്തിൽ എ.പി.എൽ-ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാ ജനവിഭാഗങ്ങൾക്കും ഭക്ഷ്യ കിറ്റുകൾ എത്തിക്കാൻ കഴിഞ്ഞത് ഈ സർക്കാറിെൻറ പ്രമുഖ നേട്ടങ്ങളിൽ ഒന്നാണ്.
എന്നും പ്രവാസികൾക്കൊപ്പം
പ്രവാസികളെ എന്നും ഈ സർക്കാർ ചേർത്തു പിടിച്ചിട്ടേയുള്ളൂ. പ്രവാസികൾക്കായുള്ള പെൻഷൻ പദ്ധതി വിപുലീകരിച്ച് കൂടുതൽ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി ആകർഷകമാക്കി. പെൻഷൻ തുക 1000 രൂപയിൽ നിന്ന് 3500 രൂപയായി വർധിപ്പിച്ചു. ജനങ്ങൾ എത്രത്തോളം ഇതിനെ സ്വാഗതം ചെയ്തു എന്നുള്ളതാണ് പ്രവാസി ക്ഷേമനിധിയിൽ ഉണ്ടായ അംഗത്വ വർധന. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ കേവലം ഒന്നേകാൽ ലക്ഷമായിരുന്ന അംഗസംഖ്യ ഇന്ന് അഞ്ചര ലക്ഷമായി ഉയർന്നിരിക്കുന്നു.
അതുപോലെതന്നെ കോവിഡ് മൂലം തിരിച്ചുപോകേണ്ടി വന്നവർക്കും നാട്ടിൽ കുടിങ്ങിയവർക്കും അടിയന്തര സഹായധനം കൊടുത്തു. സമൂഹത്തിലെ ഏറ്റവും അവശത അനുഭവിക്കുന്ന വയോജന വിഭാഗങ്ങൾക്ക് പ്രഥമ പരിഗണ തന്നെയാണ് ഈ സർക്കാർ നൽകിയത്.കുടിശ്ശിക കൊടുത്തുതീർത്തു എന്നു മാത്രമല്ല ക്ഷേമ പെൻഷൻ വർധിപ്പിച്ച് 1600 രൂപയാക്കുകയും ചെയ്തു.എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളോടൊപ്പം നിന്ന ഈ സർക്കാർ തുടരണം എന്ന് തന്നെയാണ് എല്ലാവിഭാഗം ജനങ്ങളുടെയും ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.