കൊലപാതക രാഷ്ട്രീയത്തെ ചെറുത്തുതോൽപിക്കണം -പ്രവാസി വെൽഫെയർ
text_fieldsമനാമ: ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രണ്ട് കൊലപാതകങ്ങൾ നടന്ന പാലക്കാട്ടെ ക്രമസമാധാനപാലനം സർക്കാർ ഉറപ്പുവരുത്തണമെന്നും കൊലപാതകങ്ങളിൽ പങ്കാളിത്തം വഹിച്ച മുഴുവൻ പേരെയും കർശന നിയമനടപടിക്ക് വിധേയമാക്കണമെന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.
കേരളത്തിൽ നിരന്തരമായി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാവിളയാട്ടവും നേരിടുന്നതിൽ കേരള ആഭ്യന്തര വകുപ്പ് വൻ വീഴ്ചയാണ് വരുത്തുന്നത്. കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ സംസ്ഥാനത്ത് ആയിരത്തിലധികം കൊലപാതകങ്ങൾ നടന്നു എന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്.
ഇതിൽ നല്ലൊരു പങ്ക് രാഷ്ട്രീയ കൊലപാതകങ്ങളാണ്. ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങളിൽ പാർട്ടികൾ നൽകുന്ന ഡമ്മി പ്രതികളെയാണ് പ്രതിചേർക്കുന്നതെന്ന ആരോപണമുണ്ട്.
ഗൂഢാലോചകരെയോ കൊലപാതകത്തിന് നേതൃത്വം നൽകുന്ന ഉന്നതരെയോ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസ് ശ്രമിക്കാറില്ല. ഇത് അക്രമങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു.
കൊലപാതക രാഷ്ട്രീയം ജനാധിപത്യ രീതിയല്ല. ശക്തമായ നിയമ നടപടികളിലൂടെ നീതി നടപ്പാക്കാൻ ശ്രമിക്കേണ്ടതിനു പകരം സ്വീകരിക്കുന്ന ഏത് വഴിയും കൊലപാതകങ്ങളുടെ തുടർച്ച സൃഷ്ടിക്കുക മാത്രമാണ് ചെയ്യുക. കൊലക്കത്തി താഴെവെച്ച് ജനാധിപത്യ രാഷ്ട്രീയ സംസ്കാരം ഉയർത്തിപ്പിടിക്കാൻ എല്ലാ പ്രസ്ഥാനങ്ങളും തയാറാകണമെന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.