പ്രൊജക്ടർ ആദ്യം എത്തിയത് ഇന്ത്യയിൽനിന്ന്; അറബ് ലോകത്തിനഭിമാനമായി ബഹ്റൈൻ സിനിമ
text_fieldsമനാമ: ഗൾഫ് മേഖലയിലാദ്യമായി സിനിമ പ്രദർശനം തുടങ്ങിയത് ബഹ്റൈനിലാണ്. 1922ൽ മഹ്മൂദ് അൽ സാതി എന്ന വ്യാപാരിയാണ് ആദ്യമായി ബഹ്റൈനിൽ പ്രൊജക്ടർ കൊണ്ടുവന്നത്. ഇന്ത്യയിൽ നിന്നാണ് അദ്ദേഹം പ്രൊജക്ടറടക്കം ഉപകരണങ്ങളെത്തിച്ചത്. ഓൾഡ് മനാമ ജെട്ടിക്ക് സമീപമുണ്ടായിരുന്ന ഒരു കോട്ടേജിൽ ഒരുക്കിയ താൽക്കാലിക തിയറ്ററിലായിരുന്നു ബഹ്റൈനിലെ ആദ്യ സിനിമാ പ്രദർശനം. നിശ്ശബ്ദ ചിത്രമാണ് ആദ്യമായി കാഴ്ചക്കാർക്ക് മുന്നിൽ പ്രദർശിപ്പിച്ചത്.
ഇക്കാര്യം ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടന ചടങ്ങിൽ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ അൽ നുഐമി അനുസ്മരിച്ചു. 1937ൽ അബ്ദുല്ല അൽ സായിദ് ആദ്യ തിയറ്റർ സ്ഥാപിച്ചു. എയർ കണ്ടീഷനർ ഇല്ലാത്ത ആ കാലത്ത് അടച്ചിട്ട കെട്ടിടത്തിലെ സിനിമാ പ്രദർശനം ദുഷ്കരമായിരുന്നു.
അതിനാൽ മേൽക്കൂരയില്ലാത്ത കെട്ടിടത്തിനകത്ത്, ഭിത്തികളിലൊന്ന് സ്ക്രീനാക്കിയാണ് പ്രദർശനം നടത്തിയിരുന്നത്. 1930- 40 കാലഘട്ടത്തിൽ ഈജിപ്തിൽനിന്നുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളാണ് പ്രദർശിപ്പിച്ചിരുന്നത്. ചില അമേരിക്കൻ സിനിമകളും പ്രദർശനത്തിനെത്തി. ടാർസൻ അടക്കമുള്ള സിനിമകൾ അന്ന് വലിയ ഹിറ്റായിരുന്നു. 1940കളുടെ തുടക്കത്തിൽ ബഹ്റൈൻ പെട്രോളിയം കമ്പനി (ബാപ്കോ) തങ്ങളുടെ ജീവനക്കാർക്കായി അവാലിയിൽ സിനിമ തിയറ്റർ ആരംഭിച്ചു.
1950കളിലും ’60കളിലുമായി പേൾ സിനിമ, അൽ ഹംറ സിനിമ, അൽ നാസർ സിനിമ, അവാൽ സിനിമ എന്നിങ്ങനെ എട്ട് പുതിയ തിയറ്ററുകൾ മനാമയിൽ പ്രവർത്തനമാരംഭിച്ചു. 1955ൽ മുഹറഖിൽ അൽ ജസീറ എന്ന പേരിൽ തിയറ്റർ ആരംഭിച്ചു. മലയാളം ഉൾപ്പെടെ ഇന്ത്യൻ സിനിമകളും ക്രമേണ പ്രചാരം നേടി.
ഇന്ന് വിവിധ ഭാഷകളിലെ സിനിമകൾ ബഹ്റൈനിലെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ നിരവധി സ്ക്രീനുകളുള്ള തിയറ്ററുകളാണ് ഇപ്പോൾ ബഹ്റൈനിലുള്ളത്. 1990ലാണ് ബഹ്റൈനിലെ ആദ്യ ഫീച്ചർ ഫിലിമിന്റെ പിറവി. ദി ബാരിയർ എന്ന ഫിലിം സംവിധാനം ചെയ്തത് ബസ്സം അൽ തവാദിയാണ്.
കൈറോയിൽനിന്ന് സിനിമോട്ടോഗ്രഫി പഠിച്ച അദ്ദേഹം പിന്നീട് നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ അറബ് ആർട്ടിസ്റ്റ് യൂനിയൻ വൈസ് പ്രസിഡന്റായ അദ്ദേഹം ജി.സി.സി സിനിമ സൊസൈറ്റിയുടെ സ്ഥാപക അംഗം കൂടിയാണ്. ബഹ്റൈനിൽ ചലച്ചിത്ര നിർമാണത്തിന് ഫ്രഞ്ച്, കൊറിയൻ, ഈജിപ്ഷ്യൻ പിന്തുണ ഇപ്പോഴുമുണ്ട്. നിരവധി സിനിമ പ്രവർത്തകരും സംവിധായകരും ഇപ്പോൾ ബഹ്റൈനിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.