പ്രവാസികൾക്ക് ക്വാറന്റീൻ ഒ.ഐ.സി.സി പ്രതിഷേധിച്ചു
text_fieldsമനാമ: നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഒരാഴ്ചത്തെ നിർബന്ധിത ക്വാറന്റീൻ വേണമെന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിർദേശത്തെ പ്രവാസികളോടുള്ള വെല്ലുവിളിയാണെന്നും തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും ബഹ്റൈൻ ഒ.ഐ.സി.സി കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.
സർക്കാറുകളുടെ നിരുത്തരവാദപരമായ സമീപനംമൂലമാണ് രാജ്യത്ത് കോവിഡ് വർധിക്കുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വലിയ തെരഞ്ഞെടുപ്പ് യോഗങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പാർട്ടി സമ്മേളനങ്ങളും നടക്കുകയാണ്.
രണ്ടു ഡോസ് വാക്സിനും ബൂസ്റ്റർ ഡോസും എടുത്തവർ 48 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ പരിശോധനയും നാട്ടിലെ എയർപോർട്ടിലെ പരിശോധനയും പൂർത്തിയാക്കി നെഗറ്റിവ് സർട്ടിഫിക്കറ്റുമായാണ് എത്തുന്നത്. ഭരണാധികാരികളുടെ വീഴ്ചമൂലം സംഭവിക്കുന്ന വ്യാപനം പ്രവാസികളുടെ മേൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത് ന്യായീകരിക്കാനാവില്ല. കോവിഡ് സാന്നിധ്യം കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് പരിശോധനയും ക്വാറന്റീനും ഇല്ല എന്നത് വിരോധാഭാസമാണ്. കോവിഡ് ആരംഭിച്ചകാലം മുതൽ പ്രവാസികളോട് സർക്കാറുകളുടെ മനോഭാവം മോശമാണ്.
മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ മരണാനന്തര ചടങ്ങുകൾക്കും മക്കളുടെയും മറ്റ് ബന്ധുമിത്രാദികളുടെയും വിവാഹത്തിനോ കുട്ടികളുടെ അഡ്മിഷനോ മറ്റുമായി ഒന്നോ രണ്ടോ ആഴ്ചത്തെ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികളോട് സർക്കാറുകൾ കാട്ടുന്നത് ക്രൂരമായ നടപടികളാണെന്നും ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, ദേശീയ വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി, ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, ചാരിറ്റി വിഭാഗം സെക്രട്ടറി മനു മാത്യു എന്നിവർ സംസാരിച്ചു.
ക്വാറന്റീൻ: ഐ.സി.എഫ് കത്തയച്ചു
മനാമ: അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴുദിവസത്തെ നിർബന്ധിത ക്വാറന്റീൻ വേണമെന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തീരുമാനം അശാസ്ത്രീയവും വിവേചനവുമായതിനാൽ പിൻവലിക്കണമെന്ന് ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേരള മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്കും കത്തയച്ചു.
വിദേശത്തുനിന്നും വരുന്നവർ രണ്ടു ഡോസ് വാക്സിനും ബൂസ്റ്റർ ഡോസും സ്വീകരിച്ച് കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാണ് യാത്രചെയ്യുന്നത്. ഇന്ത്യയിലെ വിമാനത്താവളത്തിലും ഇവർക്ക് കോവിഡ് ടെസ്റ്റുണ്ട്.
ഒമിക്രോൺ വ്യാപനം കുറവുള്ള ഗൾഫ് രാജ്യങ്ങളിൽനിന്നും വരുന്ന പ്രവാസികൾക്ക് ക്വാറന്റീനും വ്യാപനം കൂടുതലുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്നും വരുന്ന യാത്രക്കാർക്ക് അതിർത്തികൾ തുറന്നിടുകയും ചെയ്യുന്ന നടപടി വിവേചനമാണ്. സമ്മേളനങ്ങൾക്കും റാലികൾക്കും ഉദ്ഘാടന മഹാമഹങ്ങൾക്കും ഒരു നിയന്ത്രണവുമില്ലാതെ പ്രവാസികളുടെ മേൽ എല്ലാം കെട്ടിവെക്കുന്നത് നീതികേടാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും ഐ.സി.എഫ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.