സർക്കാർ ഓഫിസുകളുടെ സേവനം വൈകുന്നേരങ്ങളിലും ലഭ്യമാക്കണം -എം.പിമാർ
text_fieldsമനാമ: മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും ജോലി സമയം വൈകുന്നേരം വരെയാക്കണമെന്ന നിർദേശവുമായി എം.പിമാർ. പൊതുജനത്തിന് സഹായകമായ രീതിയിൽ രണ്ട് ഷിഫ്റ്റ് സംവിധാനമാണ് എം.പി ജലാൽ കാദെം അൽ മഹ്ഫൂദിന്റെ നേതൃത്വത്തിലുള്ള എം.പിമാരുടെ നിർദേശം. സർക്കാർ സേവനങ്ങൾ ഇപ്പോൾ ഉച്ചവരെ മാത്രം ലഭ്യമാകുന്നത് പൗരന്മാർക്കും താമസക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇപ്പോൾ കൗണ്ടർ സേവനങ്ങൾ ഉച്ചക്ക് 2.15ന് അവസാനിക്കുകയാണ്.
അത് വൈകുന്നേരം എട്ടുവരെയാക്കുന്നത് വളരെയധികം പ്രയോജനകരമായിരിക്കുമെന്ന് എം.പിമാർ ചൂണ്ടിക്കാട്ടുന്നു. പല സേവനങ്ങളും ഓൺലൈനാക്കിയിട്ടുണ്ടെങ്കിലും വയോധികരടക്കം പലർക്കും ഉദ്യോഗസ്ഥ സേവനം ആവശ്യമാണ്. അവർക്കെല്ലാം രാവിലെതന്നെ ഓഫിസുകളിലെത്താൻ സാധിക്കില്ല.
മാത്രമല്ല, ജോലി ചെയ്യുന്നവർക്ക് സർക്കാർ സേവനങ്ങൾ ലഭിക്കണമെങ്കിൽ അവർ അവധിയെടുത്ത് വരേണ്ടുന്ന അവസ്ഥയാണുള്ളത്. രണ്ട് ഷിഫ്റ്റുകളായി സർക്കാർ ഓഫിസുകളുടെ സേവനം പുനക്രമീകരിച്ചാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാനും ഇതുവഴി സാധിക്കും. മാത്രമല്ല കൂടുതൽ സ്വദേശികൾക്ക് ഇതുവഴി ജോലി ലഭിക്കുമെന്നും അത് രാജ്യത്തിന്റെ വളർച്ചക്ക് സഹായകമാകുമെന്നും എം.പിമാർ ചൂണ്ടിക്കാട്ടുന്നു. ഈ നിർദേശം പാർലമെന്റ് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.