ജി.ഡി.പിയിൽ ടൂറിസം വിഹിതം 11.5 ശതമാനമാക്കും
text_fieldsമനാമ: രാജ്യത്തിെൻറ മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി)ത്തിൽ ടൂറിസം മേഖലയുടെ വിഹിതം 11.5 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രി സായിദ് അൽ സയാനി പറഞ്ഞു. റിയാദിൽ നടന്ന ഫ്യൂചർ ഇൻെവസ്റ്റ്മെൻറ് ഇനിഷ്യേറ്റിവ് ഫോറത്തിെൻറ പശ്ചാത്തലത്തിൽ സി.എൻ.ബി.സി അറേബ്യക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ നാല് ശതമാനമാണ് ജി.ഡി.പിയിൽ ടൂറിസം മേഖലയിൽനിന്നുള്ള വിഹിതം.
ഇത് വർധിപ്പിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. കോവിഡ് മഹാമാരിയെത്തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം മേഖല ഇൗ വർഷം രണ്ടാം പാദം മുതൽ തിരിച്ചുവരവിെൻറ പാതയിലാണ്.
മഹാമാരിക്ക് മുമ്പുള്ള വളർച്ചനിരക്കിലേക്ക് രാജ്യം അടുത്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 2022-26 കാലഘട്ടത്തിൽ രാജ്യത്തെ ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികളാണ് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ആവിഷ്കരിച്ചിരിക്കുന്നത്.
കൂടുതൽ രാജ്യങ്ങളിൽനിന്ന് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ബിസിനസ് ടൂറിസം, സ്പോർട്സ് ടൂറിസം, റിക്രിയേഷനൽ ടൂറിസം, മെഡിക്കൽ ടൂറിസം, ഹെറിറ്റേജ് ടൂറിസം തുടങ്ങിയ വ്യത്യസ്തമായ മേഖലകളിൽ വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. ജി.ഡി.പിയിലേക്ക് സംഭാവന നൽകുന്നതിൽ വ്യവസായ മേഖലയാണ് മൂന്നാം സ്ഥാനത്തുള്ളത്.
ഇതിൽ 70-75 ശതമാനവും അലുമിനിയം മേഖലയിൽനിന്നാണ്. ചെറുകിട വ്യാപാരമാണ് നാലാമത്തെ പ്രധാന മേഖല. മഹാമാരിയെത്തുടർന്ന് ആഗോള വിതരണ ശൃംഖല താൽക്കാലികമായി പ്രതിസന്ധി നേരിടുകയാണ്. അടുത്ത ആറു മുതൽ 12 മാസം വരെ ഇത് തുടരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.