എല്ലാവർക്കും സമഗ്ര ആരോഗ്യപരിരക്ഷ നൽകാൻ രാജ്യം പ്രതിജ്ഞാബദ്ധം
text_fieldsമനാമ: എല്ലാ പൗരന്മാർക്കും താമസക്കാർക്കും സമഗ്ര ആരോഗ്യപരിരക്ഷ നൽകാൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽമനിയ. യു.എൻ ജനറൽ അസംബ്ലിയുടെ 78ാം സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഉന്നതതല യോഗങ്ങളിൽ (യു.എൻ.ജി.എ 78) പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ്-19 ചെറുക്കാനായി രാജ്യം നടത്തിയ നീക്കങ്ങളെ എടുത്തുപറഞ്ഞ അദ്ദേഹം പകർച്ചവ്യാധി ഉൾപ്പെടെ രോഗങ്ങൾ തടയുന്നതിലും പ്രതിരോധിക്കുന്നതിലും രാജ്യം ഏറെ മുന്നിലാണെന്ന് പറഞ്ഞു. ‘പകർച്ചവ്യാധി പ്രതിരോധം, തയാറെടുപ്പ്, പ്രതികരണം’, ‘സാർവത്രിക ആരോഗ്യപരിരക്ഷ’, ‘ക്ഷയരോഗത്തിനെതിരായ പോരാട്ടം’ എന്നീ വിഷയങ്ങളിലാണ് യോഗങ്ങളിൽ ചർച്ച നടന്നത്.
ആരോഗ്യ അടിയന്തര സാഹചര്യങ്ങൾക്കുള്ള തയാറെടുപ്പിന് രാജ്യം അതീവ പ്രാധാന്യം നൽകുന്നുവെന്ന് ഡോ. അൽ മനിയ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളെയും ദുരന്തങ്ങളെയും നേരിടാനായി ദേശീയതലത്തിൽ പദ്ധതികളുണ്ട്. അവക്ക് ആവശ്യമായ പിന്തുണയും ധനസഹായവും അനുവദിക്കും. സമഗ്ര ആരോഗ്യപരിരക്ഷ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നിവയുടെ ഭാഗമായാണ് ആരോഗ്യനയം നടപ്പാക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് അടക്കം നടപ്പാക്കുന്നു. വിവിധ സ്ഥാപനങ്ങളുടെ പങ്കാളിത്തവും സംയോജനവും ഉൾപ്പെടുന്ന ആരോഗ്യ നയങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കൂടാതെ, ഗുണനിലവാരമുള്ള സേവനം ഉറപ്പാക്കുന്നതിനായി പ്രത്യേക ആരോഗ്യ ഡേറ്റാബേസ് വികസിപ്പിച്ചിട്ടുണ്ട്. ക്ഷയരോഗത്തെ നേരിടാൻ ലോകാരോഗ്യ സംഘടനയുടെ ശിപാർശകൾ അനുസരിച്ചുള്ള നടപടികൾ രാജ്യം സ്വീകരിച്ചിട്ടുണ്ട്. 2030ഓടെ അണുബാധനിരക്ക് 80 ശതമാനം കുറക്കാൻ ലക്ഷ്യമിടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷയരോഗത്തെ നിയന്ത്രിക്കുന്നതിനുള്ള യു.എൻ ജനറൽ അസംബ്ലിയുടെ എല്ലാ മാർഗനിർദേശങ്ങളും തീരുമാനങ്ങളും രാജ്യം സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.