വെള്ളക്കെട്ടിനെ നേരിടാന്‍ രാജ്യം സജ്ജം
text_fieldsമനാമ: മഴക്കാലത്തുണ്ടാകാനിടയുള്ള വെള്ളക്കെട്ടിനെ നേരിടാന്‍ മുന്നൊരുക്കങ്ങളുമായി മുനിസിപ്പാലിറ്റീസ്, കൃഷി മന്ത്രാലയവും മരാമത്ത് മന്ത്രാലയവും. മഴവെള്ളം ഒഴുകിപ്പോകാനുള്ള തുറന്ന സ്ഥലങ്ങളുടെയും ഓടകളുടെയും ശുചീകരണം, പമ്പിങ് സ്റ്റേഷനുകളുടെ പതിവ് അറ്റകുറ്റപ്പണി എന്നിവ ഊർജിതമാണ്.
കാപിറ്റൽ ഗവർണറേറ്റിൽ വെള്ളക്കെട്ട് സാധ്യതയുള്ള 127 പ്രദേശങ്ങളെ ലക്ഷ്യമിട്ട് 82 മഴവെള്ള സംഭരണ കേന്ദ്രങ്ങൾ സ്ഥാപിച്ചു. മഴവെള്ളം ശേഖരിക്കാനുള്ള ടാങ്കുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തിയും നടന്നു.
പ്രധാന റോഡുകളിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മരാമത്ത് മന്ത്രാലയമാണ്. മുനിസിപ്പാലിറ്റീസ്, കൃഷി മന്ത്രാലയം ഉള്‍ഭാഗ റോഡുകളിലെ പ്രവര്‍ത്തനം നടത്തുന്നുണ്ട്.
വെള്ളക്കെട്ടുകള്‍ പരിഹരിക്കാന്‍ എമര്‍ജന്‍സി ടീമുകള്‍ തയാറാക്കിയിട്ടുണ്ട്. മഴയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഇരു മന്ത്രാലയങ്ങളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവയുമായി ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും നടത്തുകയാണ്.
മഴക്കാലത്ത് മലിനജല പരിശോധന അടപ്പുകള്‍ തുറക്കരുതെന്നും ഡ്രെയിനേജ് സംവിധാനങ്ങള്‍ മാലിന്യമുക്തമാക്കണമെന്നും മരാമത്ത് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. മഴക്കെടുതികളെ നേരിടാന്‍ അടിയന്തര സംഘങ്ങളെ എല്ലാ ഗവര്‍ണറേറ്റുകളിലും മുനിസിപ്പാലിറ്റീസ്, കൃഷി മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരണങ്ങള്‍ ഏകോപിപ്പിക്കാന്‍ ഫീല്‍ഡ്, കമ്യൂണിക്കേഷന്‍ ടീമുകള്‍ നിലവിലുണ്ട്. രാജ്യത്തുടനീളം ഉപയോഗിക്കാനാവശ്യമായ വാഹനങ്ങള്‍, ടാങ്കുകള്‍, പമ്പുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ തയാറാക്കിയിട്ടുമുണ്ട്.
വെള്ളപ്പൊക്കമുണ്ടാകുന്നത് അറിയിക്കാന്‍ മന്ത്രാലയങ്ങള്‍ ഹോട്ട് ലൈനുകളും സജ്ജീകരിച്ചു. പ്രധാന റോഡുകളിലെ വെള്ളക്കെട്ട് അടക്കമുള്ള പ്രശ്നങ്ങൾ 17545544 എന്ന നമ്പറിലും ഉള്‍ഭാഗങ്ങളിലെ റോഡുകളിലേത് 80008188 എന്ന നമ്പറിലും അറിയിക്കാം.
ഇലക്ട്രിക്കൽ, മെക്കാനിക്കൽ അറ്റകുറ്റപ്പണികളും പമ്പിങ് സ്റ്റേഷൻ ടാങ്കുകളുടെ ശുചീകരണവും ഉൾപ്പെടെ സാനിറ്ററി സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികളും ആരംഭിച്ചിട്ടുണ്ട്. 2025 ഡിസംബർ 31 വരെ ഇത് തുടരും. ഇതിനായി ആറ് കരാറുകാരെ ചുമതലപ്പെടുത്തി. 2024 മാർച്ച് 9 മുതൽ ഒരു എമർജൻസി പ്ലാനും സജ്ജീകരിച്ചിട്ടുണ്ട്. കനത്ത മഴക്കാലത്ത് മഴവെള്ളം ജെറ്റ് പമ്പുകൾ ഉപയോഗിച്ച് വലിച്ചെടുക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.