സ്കൂളുകളിൽ വിദ്യാർഥികൾ ഭാഗികമായി എത്തിത്തുടങ്ങി
text_fieldsമനാമ: സ്കൂളുകളിൽ ഭാഗികമായി വിദ്യാർഥികൾക്ക് പഠനസൗകര്യമൊരുക്കി സർക്കാർ സ്കൂളുകൾ. വിവിധ ക്ലാസുകളിൽ പരിമിതമായ വിദ്യാർഥികൾക്കാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് അനുമതി നൽകിയത്. ആഴ്ചയിൽ രണ്ടു ദിവസം ഓഫ്ലൈൻ പഠനം അനുവദിക്കാനാണ് തീരുമാനം.
സ്കൂളിൽ ഹാജരാകാത്ത കുട്ടികൾക്കും ഹാജരാകുന്ന കുട്ടികൾക്ക് ബാക്കിയുള്ള ദിവസങ്ങളിലും ഓൺലൈൻ പഠനമാണ് ലഭിക്കുക. വിദ്യാർഥികൾ സ്കൂളുകളിലെത്തിയതിലുള്ള സന്തോഷം വിവിധ സ്കൂളുകൾ സന്ദർശിച്ചശേഷം വിദ്യാഭ്യാസമന്ത്രി ഡോ. മാജിദ് ബിൻ അലി അന്നുഐമി മാധ്യമങ്ങളോട് പങ്കുവെച്ചു. രക്ഷിതാക്കളുടെ അഭിപ്രായ സർവേ നടത്തിയതിനുശേഷമാണ് ഓൺലൈൻ പഠനം പൂർണമായും ഓഫ്ലൈൻ ക്ലാസുകൾ ഭാഗികമായും ആരംഭിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ അധികൃതർ നൽകിയ നിർദേശങ്ങൾ പൂർണമായി പാലിച്ചാണ് വിദ്യാർഥികളെ സ്കൂളിൽ പ്രവേശിപ്പിച്ചതും ക്ലാസുകളിൽ ഇരിപ്പിടം ഒരുക്കിയതും. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം എല്ലാ സ്കൂളുകൾക്കും നിർദേശം നൽകിയിരുന്നു.
ഓരോ സ്കൂളിലും പ്രത്യേക ആരോഗ്യസംഘം രൂപവത്കരിക്കുകയും അവരുടെ മേൽനോട്ടത്തിൽ കോവിഡ് പ്രോട്ടോകോൾ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഗേറ്റിൽ വിദ്യാർഥികളുടെ ശരീര ഊഷ്മാവ് പരിശോധിക്കുകയും നേരെ ക്ലാസുകളിലേക്ക് വിടുകയും ചെയ്യുന്ന രീതിയാണുള്ളത്. ഒരേ സമയം കൂടുതൽ വിദ്യാർഥികളെത്തി തിരക്കുണ്ടാകാതിരിക്കാൻ സമയക്രമം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഉപയോഗിക്കുന്ന ഇടങ്ങൾ ഇടക്കിടെ ശുചീകരിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭിന്ന ശേഷിക്കാരായ വിദ്യാർഥികളുടെ ക്ലാസുകളും മന്ത്രി സന്ദർശിച്ചു. രാജ്യത്തെ മുഴുവൻ വിദ്യാർഥികൾക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകണമെന്ന സർക്കാർ തീരുമാനത്തിെൻറ പശ്ചാത്തലത്തിലാണ് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയും സഹകരണത്തോടെയും ക്ലാസുകൾ ആരംഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.