സമ്മർ ക്യാമ്പ് 'കളിക്കളം 2022' സമാപിച്ചു
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പ് 'കളിക്കളം 2022' സമാപിച്ചു. അഞ്ചിനും 15നും ഇടയിലുള്ള 160 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന ചിക്കൂസ് കളിയരങ്ങിന്റെ ഡയറക്ടറും ചിത്രരചന അധ്യാപകനും നാടക രചയിതാവുമായ ചിക്കൂസ് ശിവനും ഭാര്യ രാജേശ്വരി ശിവനുമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.
പാഠ്യ വിഷയങ്ങൾക്കപ്പുറം കലയും കളികളും വ്യക്തിത്വ വികസന പരിപാടികളും കോർത്തിണക്കിയുള്ള ക്യാമ്പ് കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു. സമാജം ആഗസ്റ്റ് 11ന് സംഘടിപ്പിച്ച 'പിള്ളേരോണം', ആഗസ്റ്റ് 18ന് നടത്തിയ സ്വാതന്ത്ര്യദിന ആഘോഷം എന്നിവയിലും ക്യാമ്പിലെ 75ൽ പരം കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു.
സമാപന ചടങ്ങിൽ വിവിധ നൃത്ത, സംഗീതപരിപാടികളും ചിക്കൂസ് ശിവൻ രചനയും സംവിധാനവും നിർവഹിച്ച'തിരുവത്താഴം' എന്ന നാടകവും അരങ്ങേറി. നൃത്തരൂപങ്ങൾ ചിട്ടപ്പെടുത്തിയത് പ്രശസ്ത നർത്തകിയും നൃത്ത സംവിധായികയുമായ അഭിരാമി സഹരാജനാണ്. മനോഹരൻ പാവറട്ടിയായിരുന്നു ക്യാമ്പ് ജനറൽ കൺവീനർ. ഷീജ വീരമണി ക്യാമ്പ് കൺവീനറായും മായ ഉദയൻ, ബിനിത ജിയോ എന്നിവർ അസി. കൺവീനർമാരായും ജയ രവികുമാർ, ഉഷ മുരളി, സിനി പോൾ, ലിൻഡ അരുൺ, ധന്യ അനീഷ് തുടങ്ങിയവർ ക്യാമ്പ് അധ്യാപികമാരായും പ്രവർത്തിച്ചു.
സമാജത്തിന്റെ പ്രവർത്തന മേഖലയിൽ കുട്ടികൾക്ക് കൂടി പങ്കാളിത്തം നൽകുന്ന പരിപാടികൾക്ക് രൂപം നൽകുമെന്ന് പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ സമാപന സമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.