ഖത്തർ ഉപരോധം നീക്കിയതിൽ പ്രതീക്ഷയർപ്പിച്ച് വ്യാപാര, ടൂറിസം മേഖല
text_fieldsമനാമ: ഖത്തറിനെതിരായ ഉപരോധം നീക്കിയത് ബഹ്റൈനും ഖത്തറും തമ്മിലെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിലയിരുത്തൽ. നാലു വർഷമായി തുടരുന്ന ഉപരോധം സൗദി നീക്കിയതോടെ ഇരുരാജ്യങ്ങളിലെയും വാണിജ്യ, വ്യവസായ, ടൂറിസം മേഖലയിൽ പുത്തൻ ഉണർവ് പ്രകടമായേക്കും. ബഹ്റൈനുമായി ചരിത്രബന്ധമുള്ള ഖത്തറിൽ സ്വദേശികൾക്കും മലയാളികളടക്കമുള്ള വിദേശികൾക്കും നിരവധി സംരംഭങ്ങളാണുള്ളത്. ഉപരോധം വിള്ളൽ വീഴ്ത്തിയ ബന്ധത്തിന് വീണ്ടും ഊർജം പകരാൻ പുതിയ സാഹചര്യം വഴിയൊരുക്കും.
ടൂറിസം മേഖലയിലും ഉപരോധനീക്കം സ്വാഗതം ചെയ്യപ്പെട്ടു. സൗദി വഴി ആയിരക്കണക്കിന് ഖത്തർ പൗരന്മാരാണ് ബഹ്റൈനിനെത്താറുള്ളത്. ഖത്തറിൽനിന്ന് സൗദി വഴി കോസ്വേയിലൂടെ കുടുംബസമേതം ബഹ്റൈനിൽ എത്തുകയും ദിവസങ്ങളോളം താമസിക്കുകയും കൈനിറയെ ഷോപ്പിങ് നടത്തുകയും ചെയ്യുന്ന പഴയകാലം തിരിച്ചുവന്നതിൽ ബഹ്റൈനിലെ വ്യാപാര മേഖലയും സന്തുഷ്ടി പ്രകടിപ്പിച്ചു. മലയാളികളുടേത് അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളിൽനിന്നാണ് ഖത്തർ സന്ദർശകർ സാധനങ്ങൾ വാങ്ങാറുള്ളത്.
ഇതിനാൽ മലയാളി വ്യാപാരികളും ആഹ്ലാദത്തിലാണ്. കോവിഡ് കാരണം മാന്ദ്യത്തിലായ വ്യാപാരം പച്ചപിടിക്കാൻ ഉപരോധനീക്കത്തിലൂടെ സാധ്യമാകുമെന്നാണ് അവരുടെ പ്രതീക്ഷ. ഹോട്ടൽ, അപ്പാർട്മെൻറ് രംഗവും പഴയ പ്രതാപം വീണ്ടെടുക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ബഹ്റൈനിലെ മലയാളികൾ അടക്കമുള്ളവർക്ക് ഖത്തറിലും ധാരാളം ബിസിനസ് സംരംഭങ്ങളുണ്ട്.
ബഹ്റൈനിൽനിന്നും ഖത്തറിൽനിന്നും പരസ്പരം നിരവധി വിവാഹബന്ധങ്ങളുമുണ്ട്. ഉപരോധം കാരണം പരസ്പരം ഇടപഴകാനാത്തതിെൻറ ദുഃഖം ഇരുഭാഗങ്ങളിലും പ്രകടമായിരുന്നു. കുടുംബബന്ധങ്ങൾ വീണ്ടും വിളക്കിച്ചേർക്കാനും പുതിയ സാഹചര്യം വഴിയൊരുക്കും. ഖത്തർ-ബഹ്ൈറൻ കോസ്വേ ഇനിയും യാഥാർഥ്യമാകാത്ത സ്വപ്നപദ്ധതിയാണ്. ഇതിെൻറ ആസൂത്രണങ്ങൾ ഏറെ മുന്നോട്ടുപോയെങ്കിലും ഉപരോധം എല്ലാം തകിടംമറിച്ചു. പദ്ധതിക്ക് പുതുജീവൻ വെക്കാനും എത്രയും വേഗം യാഥാർഥ്യമാക്കാനും ഇരു ഭരണകൂടങ്ങളുടെയും ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.