അഴിമതി ഭരണത്തിനെതിരെ ആകണം വിധിയെഴുത്ത്
text_fieldsബഷീർ അമ്പലായി
കേരളത്തിലെ തെരഞ്ഞെടുപ്പ് ആരവം അവസാനിച്ചു. ഇന്ന് ജനങ്ങൾ തങ്ങളുടെ നിലപാട് പ്രഖ്യാപിക്കുന്ന ദിവസമാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി കളങ്കിതമായ സർവേകളും സർക്കാർ ഖജനാവിൽനിന്ന് കോടികൾ ദുരുപയോഗം നടത്തിയുള്ള വൻ പരസ്യങ്ങളും ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. എന്നാൽ, ഐക്യമുന്നണിയുടെ നിലപാടിനെ പൂർണമായി മനസ്സിലാക്കിയാണ് കേരള ജനത ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ പോളിങ് ബൂത്തിലേക്ക് യാത്രതിരിക്കുന്നത്.ഇടതു സർക്കാറിെൻറ അഞ്ചു വർഷത്തെ അഴിമതി ഭരണത്തിനെതിരെ വിധിയെഴുതാൻ ജനങ്ങൾക്ക് കൈവന്ന അവസരമാണ് ഇത്. മാഫിയ ഭരണമാണ് കഴിഞ്ഞ അഞ്ചുവർഷം കേരളം കണ്ടത്. സ്വർണക്കടത്ത്, ഡോളർ കടത്ത് തുടങ്ങി അഴിമതികളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസായിരുന്നു എന്ന് മനസ്സിലാക്കാൻ അധികബുദ്ധിയുടെ ആവശ്യമുണ്ടോ?
പാവപ്പെട്ടവർക്ക് വീട് നിർമിക്കുന്ന ലൈഫ് മിഷനിൽപോലും അഴിമതി നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസിനെ നിയന്ത്രിച്ച ഇതേ സംഘമാണ്. തൊഴിലില്ലാത്ത ഉദ്യോഗാർഥികൾ മുട്ടിലിഴഞ്ഞിട്ടും കണ്ണു തുറക്കാത്ത സർക്കാറാണിത്.
പ്രവാസികളുടെ സമഗ്ര വികസനത്തിന് പാതയൊരുക്കി മാർഗരേഖ തയാറാക്കി നടപ്പാക്കിയത് വികസന നായകന്മാരായ കെ. കരുണാകരെൻറയും ഉമ്മൻ ചാണ്ടിയുടെയും നേതൃത്വത്തിലുള്ള സർക്കാറുകളാണ്. നോർക്ക എന്ന സംവിധാനം നടപ്പിൽവരുത്തിയത് ഐക്യമുന്നണി സർക്കാറാണ്. എന്നാൽ, ഈ സർക്കാർ കാഴ്ചവെച്ചതോ? ആന്തൂരിൽ കോടികൾ മുടക്കിയ പ്രവാസിക്ക് പീഡനമേറ്റ് ആത്മഹത്യചെയ്യേണ്ട ഗതിയുണ്ടായത് പ്രവാസികൾക്ക് മറക്കാൻ കഴിയില്ല. ലോക കേരളസഭ എന്നപേരിൽ പാവപ്പെട്ട പ്രവാസികളുടെ കണ്ണിൽ പൊടിയിട്ട് സർക്കാർ ഖജനാവിൽനിന്ന് ധൂർത്തടിച്ച മാമാങ്കങ്ങൾ പ്രവാസികൾക്ക് അത്ര പെെട്ടന്ന് മറക്കാൻ കഴിയുമോ? മുഖ്യമന്ത്രി ഗൾഫ് സന്ദർശനം നടത്തി ബഹ്റൈനിലും ദുെബെയിലും വെച്ച് നൽകിയ വാഗ്ദാനങ്ങളിൽ ഏതെങ്കിലും നടപ്പിൽവരുത്തിയോ?
വിശ്വാസികളുടെ മനസ്സിൽ ഉണങ്ങാത്ത മുറിവുണ്ടാക്കിയ ശബരിമല വിഷയത്തിൽ എന്തിനായിരുന്നു പിണറായി സർക്കാർ ഇത്ര വാശി പിടിച്ചത്? മത്സ്യത്തൊഴിലാളികളെയും പ്രവാസികളെയും നിരന്തരം വഞ്ചിച്ച സർക്കാറാണ് ഇത്. കേരള ജനതയോട് എണ്ണിയാലൊടുങ്ങാത്ത വഞ്ചന കാട്ടിയ ഇൗ സർക്കാർ വീണ്ടും വരരുത് എന്ന് വോട്ടർമാർ ഉറപ്പു വരുത്തണം.
കേരളത്തിൽ ഒരു ഫാഷിസ്റ്റ് ഭരണം നടപ്പാക്കാൻ ഏറെ കാലമായി കിണഞ്ഞുശ്രമിക്കുന്ന ഭാരതീയ ജനതാ പാർട്ടിയെ മതേതരവാദികളായ നമ്മുടെ മുൻതലമുറയും ഈ തലമുറയും പടിക്കു പുറത്ത് നിർത്തിയിരിക്കുകയാണ്.ഫാഷിസ്റ്റ് ശക്തികൾ പല സംസ്ഥാനങ്ങളിലും ഉറഞ്ഞു തുള്ളുമ്പോൾ കേരളത്തിലെ പ്രബുദ്ധരായ ജനത ദീർഘവീക്ഷണത്തോടെ ചിന്തിച്ച് മാറ്റിനിർത്തിയത് ഇക്കാലമത്രയും നമുക്ക് അഭിമാനിക്കാൻ വക നൽകുന്നതാണ്. ഇനിയും അത് കാത്ത് സൂക്ഷിക്കേണ്ടത് സൗഹാർദത്തിന് പേരുകേട്ട, ദൈവത്തിെൻറ സ്വന്തം നാടായ കേരളത്തിെൻറ ബാധ്യതയാണ്.
ഐശ്വര്യ കേരളത്തെ, ലോകോത്തര കേരളത്തെ സൃഷ്ടിക്കാനുള്ള പ്രകടനപത്രികയുമായിട്ടാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ സമീപിച്ചത്. പാവപ്പെട്ടവർക്ക് 6000 രൂപ ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി, 3000 രൂപയുടെ ക്ഷേമ പെൻഷൻ, ബിൽ രഹിത ആശുപത്രികൾ, ന്യായ് പദ്ധതിയിൽ പെടാത്ത 45നും 60നും മധ്യേയുള്ള വീട്ടമ്മമാർക്ക് 2000 രൂപ തുടങ്ങിയവ യു.ഡി.എഫ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടവയാണ്. കോൺഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഢിൽ ആരംഭിച്ച ന്യായ് പദ്ധതി സാമ്പത്തിക രംഗത്ത് ഗുണകരമായ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യ നിർമാർജന പദ്ധതിയായ മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതി നടപ്പാക്കിയ കോൺഗ്രസിന് മാത്രമേ 'ന്യായ്'പോലെ പാവപ്പെട്ടവർക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുന്ന ഒരു ബൃഹദ് പദ്ധതി നടപ്പാക്കാൻ കഴിയൂ. സമ്പദ്ഘടനയെ ചലനാത്മകമാക്കുന്ന 'ന്യായ്'കേരളത്തിൽ വൻ മാറ്റങ്ങൾക്ക് തുടക്കംകുറിക്കും. കേരളത്തിൽ 'ന്യായ്'നടപ്പിലാക്കുമെന്ന് ഉറപ്പുനൽകുന്നത് കോൺഗ്രസിെൻറ നേതാവായ രാഹുൽ ഗാന്ധിയാണ്. ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധരുമായി ചർച്ച ചെയ്ത് ആവിഷ്കരിച്ച പദ്ധതിയാണ് ഇത്. വിവരാവകാശ നിയമം പോലെ വിപ്ലവകരമായ ഒരു നിയമം നടപ്പാക്കിയ കോൺഗ്രസിന് ഇതും നടപ്പാക്കാനുള്ള ആർജവമുണ്ട്. പ്രവാസികൾക്ക് രണ്ടര ലക്ഷം ക്വാറൻറീൻ ബെഡ് എന്നുപറഞ്ഞ് കബളിപ്പിച്ച ഇടതുപക്ഷം ന്യായ് പദ്ധതിക്കെതിരെ രംഗത്തിറങ്ങുന്നത് സ്വാഭാവികമാണ്.
എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര സജീവമായ െതരഞ്ഞെടുപ്പാണ് ഇത്. ഈ അവിശുദ്ധ കൂട്ടുകെട്ടിന് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ അവസാനം കുറിക്കുമെന്ന് പ്രവാസികൾ വിശ്വസിക്കുന്നു. ഐശ്വര്യ കേരള സൃഷ്ടിക്കായി എല്ലാവരും യു.ഡി.എഫിനൊപ്പം നിൽക്കുമെന്ന് ഉറപ്പാണ്.
(ഒ.െഎ.സി.സി, ഇൻകാസ് േഗ്ലാബൽ സെക്രട്ടറിയും ബഹ്റൈൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.