യുവാക്കളുടെ കർമശേഷി ഉപയോഗപ്പെടുത്തണം -പ്രധാനമന്ത്രി
text_fieldsമനാമ: യുവാക്കളുടെ കർമശേഷി കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ കൂടുതൽ പദ്ധതികളുണ്ടാകണമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ രാജ്യാന്തര പഠന സ്കോളർഷിപ് പ്രോഗ്രാം ഡയറക്ടർ ബോർഡ് അംഗങ്ങളെയും 23ാമത് ബാച്ചിലെ വിദ്യാർഥികളെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കോളർഷിപ് നേടിയ വിദ്യാർഥികളുടെ പഠനമികവും തുടർച്ചയായ വിജയവും അതിന് പങ്കാളിത്തം വഹിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളെയും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. ഭാവിയിൽ കൂടുതൽ നേട്ടങ്ങൾ കരസ്ഥമാക്കി മുന്നോട്ടുകുതിക്കാൻ വിദ്യാർഥികൾക്ക് സാധ്യമാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു. യുവാക്കളെ ശാക്തീകരിക്കാനും അതുവഴി രാജ്യത്തിന്റെ വളർച്ചയും ഉയർച്ചയും ഉറപ്പാക്കാനും സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്റർനാഷനൽ സ്കോളർഷിപ് പ്രോഗ്രാം 2022ലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ പേരുകൾ പ്രഖ്യാപിക്കുകയും ചെയ്തു.
707 അപേക്ഷകരിൽനിന്നാണ് പുതിയ ബാച്ചിലേക്കുള്ള വിദ്യാർഥികളെ തെരഞ്ഞെടുത്തിട്ടുള്ളത്. റിഫ പാലസിൽ നടന്ന ചടങ്ങിൽ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, കിരീടാവകാശി കാര്യാലയത്തിലെ രാഷ്ട്രീയ, ധനകാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശി കാര്യാലയ ചെയർമാൻ ശൈഖ് സൽമാൻ ബിൻ അഹ്മദ് ബിൻ സൽമാൻ ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.