മന്ത്രാലയങ്ങളുടെ പ്രവർത്തനം സുതാര്യമാക്കുമെന്ന് മന്ത്രിസഭ
text_fieldsമനാമ: മന്ത്രാലയങ്ങളുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കാനും അതുവഴി സർക്കാറിന്റെ പ്രവർത്തനം ശക്തമാക്കാനും മന്ത്രിസഭ യോഗത്തിൽ തീരുമാനം. യു.എ.ഇയിൽ നടക്കുന്ന 28 മത് യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ ബഹ്റൈന്റെ പങ്കാളിത്തവും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പ്രഭാഷണവും ശ്രദ്ധേയമായതായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗം വിലയിരുത്തി. കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുന്നതിനുള്ള പ്രവർത്തനപദ്ധതിയായ ‘ബ്ലൂപ്രിൻറ് ബഹ്റൈൻ’ ഹമദ് രാജാവ് പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്തു.
ഊർജോൽപാദനവും ഉപയോഗവുമായി ബന്ധപ്പെട്ട് ബഹ്റൈൻ പ്രഖ്യാപിച്ച പദ്ധതിയും കാബിനറ്റ് എടുത്തുപറഞ്ഞു. കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് 750 ദശലക്ഷം ഡോളറിന്റെ ഫണ്ട് പ്രഖ്യാപനവും ഹമദ് രാജാവ് നടത്തിയിരുന്നു. കാർബൺ ബഹിർഗമന തോത് കുറക്കുന്നതിന് സന്നദ്ധ സേവകരെ ഉപയോഗപ്പെടുത്തുന്നതിന് ‘സഫ’ പ്ലാറ്റ്ഫോമിന് രൂപം നൽകാനും തീരുമാനിച്ചത് ഈ മേഖലയിലുള്ള പ്രവർത്തനങ്ങൾക്ക് കരുത്ത് നൽകുന്നതാണ്. അന്താരാഷ്ട്ര തലത്തിൽ കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിനും ഉചിതമായ പരിഹാരം കാണുന്നതിനും 30 ബില്യൺ ഡോളർ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്.
കൂടാതെ 100 ബില്യൺ ഡോളർ കാലാവസ്ഥാ വ്യതിയാനത്തിനെതിരെയും പുനരുപയോഗ ഊർജപദ്ധതികൾക്കായും വായ്പ നൽകുന്നതിന് നീക്കിവെക്കാനുള്ള തീരുമാനത്തെയും 130 ബില്യൺ ഡോളർ വരും വർഷങ്ങളിൽ പുനരുപയോഗ ഊർജ പദ്ധതികൾക്കായി നിക്ഷേപിക്കാനുള്ള തീരുമാനത്തെയും കാബിനറ്റ് സ്വാഗതം ചെയ്തു. അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രാധാന്യമുള്ള ഇത്തരമൊരു ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് യു.എ.ഇ ഭരണാധികാരികൾക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
എക്സ്പോ എക്സിബിഷൻ 2030 സംഘടിപ്പിക്കുന്നതിന് സൗദി തിരഞ്ഞെടുക്കപ്പെട്ടതിൽ കാബിനറ്റ് സൗദി ഭരണാധികാരികളെ അനുമോദനം അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ സൗദിക്കുണ്ടായ വളർച്ചയും നേട്ടവുമാണ് ഇത് അടയാളപ്പെടുത്തുന്നത്. ഖത്തറിൽ സംഘടിപ്പിക്കുന്ന ജി.സി.സി 44 മത് ഉച്ചകോടിക്ക് വിജയാശംസകൾ നേർന്ന മന്ത്രിസഭ, മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയാകുന്ന ഉച്ചകോടി ജി.സി.സി രാഷ്ട്രങ്ങൾക്ക് കൂടുതൽ കരുത്താർന്നതാകട്ടെയെന്നും ആശംസിച്ചു.
അഴിമതി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സർക്കാർ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ആവിഷ്കരിച്ച നടപടിക്രമങ്ങൾ കരുത്തു പകരും. അന്താരാഷ്ട്ര തലത്തിൽ എക്സിബിഷൻ വേൾഡിന് ഈ വർഷത്തെ മികവിന്റെ അംഗീകാരം ലഭിച്ചത് സന്തോഷകരമാണ്. എക്സിബിഷനുകളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നതിൽ ബഹ്റൈന് കൂടുതൽ അവസരങ്ങളുണ്ടായത് എക്സിബിഷൻ വേൾഡിന്റെ വരവോടു കൂടിയാണെന്നും യോഗം വിലയിരുത്തി. ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ ഇതിന് സഹായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.