യെല്ലോ അലർട്ട് ലെവൽ ഫെബ്രുവരി 14 വരെ തുടരും
text_fieldsമനാമ: മുൻകരുതൽ നടപടിയായി ഫെബ്രുവരി 14വരെ ബഹ്റൈൻ കോവിഡ്-19 യെല്ലോ അലർട്ട് ലെവലിൽ തുടരും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ വേരിയന്റുകളുടെ ആവിർഭാവത്തെത്തുടർന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കൊറോണ വൈറസ് അണുബാധയുടെ വർധന പ്രതീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽമനിയ പറഞ്ഞു. എന്നിരുന്നാലും, അതിജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. വ്യാപനം നേരിടാൻ പൊതുജന അവബോധം അത്യന്താപേക്ഷിതമാണെന്നും കൂട്ടിച്ചേർത്തു.
പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാനുള്ള മുൻകരുതൽ നടപടിയായാണ് തീരുമാനമെന്നും ഡോ. അൽ മനിയ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതുക്കിയ പ്രോട്ടോകോൾ അനുസരിച്ച്, 14 ദിവസത്തേക്ക് ഐ.സി.യുവിൽ പോസിറ്റിവ് കേസുകളുടെ റോളിങ് ശരാശരി 50 അല്ലെങ്കിൽ അതിൽ കുറവാണെങ്കിൽ അത് ഗ്രീൻ ലെവലാണ്.
ഏഴ് ദിവസത്തേക്ക് ഇത് 51 മുതൽ 100 വരെയാണെങ്കിൽ രാജ്യം മഞ്ഞ നിലയിലേക്ക് നീങ്ങും. 101 മുതൽ 200 വരെ ആളുകൾ നാലുദിവസത്തേക്ക് ഐ.സി.യുവിലും 201 അല്ലെങ്കിൽ അതിൽ കൂടുതൽ കേസുകൾ മൂന്നുദിവസത്തേക്ക് ഗുരുതരമായ പരിചരണത്തിലാണെങ്കിൽ ചുവപ്പും ഓറഞ്ചും നടപ്പാക്കും.
ഐ.സി.യുവിലെ കേസുകൾ നിലവിൽ 15ൽ താഴെയാണെങ്കിലും അണുബാധയുടെ വർധനകാരണം മുൻകരുതൽ നടപടിയായാണ് നിലവിൽ മഞ്ഞ ലെവൽ നടപ്പാക്കിയത്. വാക്സിൻ സ്വീകരിച്ചവരിൽ (ഗ്രീൻ ഷീൽഡുകാർ) രോഗബാധിതർക്ക് ഏഴുദിവസത്തെ ക്വാറന്റീനുശേഷം പുറത്തിറങ്ങാം.
വാക്സിൻ സ്വീകരിക്കാത്ത (ഗ്രീൻ ഷീൽഡ് ഇല്ലാത്തവർ) അണുബാധയുണ്ടായ തീയതി മുതൽ 10 ദിവസം ക്വാറന്റീനിൽ കഴിയേണ്ടിവരും. പത്താം ദിവസം മറ്റു ടെസ്റ്റുകൾ ആവശ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.