കേന്ദ്രത്തിലും കേരളത്തിലും ഭരണമാറ്റമുണ്ടാകും -പഴകുളം മധു
text_fieldsമനാമ: ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണി അധികാരത്തിലെത്തുമെന്നും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് തിരിച്ചുവരുമെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു. സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാറിനെതിരെ കടുത്ത ജനവികാരം ലോക്സഭ തെരഞ്ഞെടുപ്പിൽ ദൃശ്യമായിരുന്നു. അതിന്റെ ഗുണം യു.ഡി.എഫിന് ലഭിക്കുമെന്നും ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നിയമസഭയിൽ വലിയ മുന്നേറ്റമുണ്ടാക്കാനാവശ്യമായ നടപടികളുമായി കെ.പി.സി.സി മുന്നോട്ടുപോകുകയാണ്.പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആ സ്ട്രാറ്റജി ലക്ഷ്യംകാണും.കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ നിസ്സാരമാണെന്നും നേതൃത്വത്തെ തെരഞ്ഞെടുപ്പിനുശേഷം നിശ്ചയിക്കുമെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
കെ.സി. വേണുഗോപാലിന്റെ സജീവമായ ഇടപെടലിനെത്തുടർന്ന് സംസ്ഥാന കോൺഗ്രസിലും ഉണർവ് ദൃശ്യമാണ്.സെമി കേഡർ സംഘടന കെട്ടിപ്പടുക്കുന്നത് നല്ലതാണെങ്കിലും കോൺഗ്രസിൽ നിലനിൽക്കുന്ന ഉദാര സമീപനമാണ് അതിന്റെ എക്കാലത്തെയും ശക്തി. പത്തനംതിട്ടയിൽ സിറ്റിങ് എം.പിയായ ആന്റോ ആന്റണിക്കെതിരെ ജനവികാരമുണ്ട് എന്ന തരത്തിലുള്ള പ്രചാരണം സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായി.എന്നാൽ അതെല്ലാം മറികടക്കാൻ കോൺഗ്രസിനായി.അനിൽ ആന്റണിയിലൂടെ വോട്ട് വർധിപ്പിക്കാമെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടൽ വ്യാമോഹം മാത്രമായിരുന്നു. ബി.ജെ.പിക്ക് അവിടെ വോട്ട് കുറയും.യു.ഡി.എഫ് അനുകൂല ജില്ലയായ പത്തനംതിട്ടയിൽ കോൺഗ്രസിന് നിയമസഭ സീറ്റുകൾ നഷ്ടപ്പെട്ടത് സ്ഥാനാർഥികൾ മോശമായതുകൊണ്ടാണ്.
ഇത്തവണ അത് പരിഗണിച്ചായിരിക്കും സ്ഥാനാർഥി നിർണയം. ചെറുപ്പക്കാർ കൂട്ടത്തോടെ വിദേശത്തേക്ക് ജോലിതേടിപ്പോകുന്ന സാഹചര്യം പത്തനംതിട്ടയുൾപ്പെടെ എല്ലാ ജില്ലകളിലുമുണ്ട്. അത് സൃഷ്ടിച്ചത് പിണറായി സർക്കാറാണ്.ചെറുപ്പക്കാരായ വോട്ടർമാർ സ്ഥലത്തില്ലാത്തത് എല്ലാ മുന്നണികളെയും ബാധിക്കുന്ന വിഷയമാണ്.ലോക്സഭ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറയാൻ കാരണം സർക്കാറിനോടുള്ള ജനത്തിന്റെ വിരോധം മൂലമാണ്. തീവ്രവലതുപക്ഷ നയം പിന്തുടരുന്ന പിണറായി സർക്കാർ കേന്ദ്രത്തിലെ മോദി സർക്കാറിന്റെ മറ്റൊരു പതിപ്പാണ്. തൃശൂരും തിരുവനന്തപുരത്തും ബി.ജെ.പിയുമായി രഹസ്യ കൂട്ടുകെട്ടുണ്ടാക്കി അവരെ വിജയിപ്പിക്കാനുള്ള സി.പി.എം തന്ത്രം കോൺഗ്രസ് തുറന്നു കാണിച്ചതിനെത്തുടർന്ന് പരാജയപ്പെട്ടു. ഈ രണ്ടു മണ്ഡലങ്ങളിലും കോൺഗ്രസ് വിജയിക്കും.
തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവല്ലയിൽ തോമസ് ഐസക് സംഘടിപ്പിച്ച മൈഗ്രേഷൻ കോൺക്ലേവ് ഗിമ്മിക്ക് മാത്രമായിരുന്നു എന്നും പഴകുളം മധു ആരോപിച്ചു. സർക്കാർ സംവിധാനം ദുരുപയോഗം ചെയ്ത് സംഘടിപ്പിച്ച ആ സമ്മേളനത്തിൽ പ്രവാസി വിഷയങ്ങൾക്കൊന്നും പരിഹാരമുണ്ടാക്കാനായില്ല. സമ്മേളനനടത്തിപ്പിന്റെ മറവിൽ അഴിമതി നടത്തിയെന്ന ആരോപണം അന്നുതന്നെ ഉയർന്നിരുന്നെന്നും പഴകുളം മധു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.