കൊതുക് നശീകരണത്തിന് തെർമൽ ഫോഗിങ്, സ്പ്രേ; നടപടികൾ ഊർജിതമാക്കി
text_fieldsമനാമ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊതുകുശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ നടപടിയുമായി അധികൃതർ. കൊതുക് നശീകരണത്തിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു. കാലാവസ്ഥ മാറ്റത്തോടനുബന്ധിച്ചാണ് കൊതുകുശല്യം ശക്തിപ്പെട്ടത്.
പാരിസ്ഥിതികാരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥർ എല്ലാ ഗവർണറേറ്റ് പരിധികളിലും ദിനംപ്രതി പരിശോധന നടത്തുന്നുണ്ട്.
കൊതുക് നശീകരണത്തിന് തെർമൽ ഫോഗിങ്, സ്പ്രേ തുടങ്ങിയ നടപടികളാണ് സ്വീകരിച്ചുവരുന്നത്. പ്രത്യേകതരം കീടനാശിനിയും ഉപയോഗിക്കുന്നുണ്ട്.
കൊതുകുകൾ മുട്ടയിട്ട് വളരുന്ന സ്ഥലങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പാർപ്പിട കേന്ദ്രങ്ങളിൽ പ്രതിരോധ നടപടികൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ജനങ്ങളുടെ പങ്കാളിത്തം ഉണ്ടാകണമെന്നും അധികൃതർ ആവശ്യപ്പെട്ടു. തുറസ്സായ സ്ഥലങ്ങളിൽ പാത്രങ്ങളിലും വീടുകളിലെ ഫൗണ്ടനുകളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച ഹമദ് ടൗൺ, ദമസ്താൻ, ഈസ ടൗൺ എന്നിവിടങ്ങളിൽ കൊതുക് വർധിച്ചതുമായി ബന്ധപ്പെട്ട് പ്രചരിച്ച വിഡിയോയുടെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയം കീടനിയന്ത്രണ വിഭാഗത്തെ നിയോഗിച്ചിരുന്നു.
നാല് മുനിസിപ്പൽ കൗൺസിലുമായി സഹകരിച്ച് ഇടക്കിടെ കീടനിയന്ത്രണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാറുണ്ടെന്ന് മുനിസിപ്പൽ നഗരാസൂത്രണകാര്യ മന്ത്രാലയം അറിയിച്ചു.
ദിവസവും ശുചീകരണ പ്രവർത്തനങ്ങളും നഗരങ്ങളും റോഡുകളും വൃത്തിയാക്കലുകളും നടക്കാറുണ്ട്. മഴക്കാല ശുചീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.